News >> കുടുംബശക്തീകരണത്തിന് 8 പ്രമാണങ്ങൾ


ചിക്കാഗോ : കുടുംബങ്ങളിലെ ആത്മീയാന്തരീക്ഷം പരിപോഷിപ്പിച്ച് കുടുബബന്ധങ്ങൾ ശക്തിപ്പെടുത്താൻ ചിക്കാഗോ സീറോ മലബാർ ബിഷപ്പ് പുറപ്പെടുവിച്ച 'എട്ട് പ്രമാണങ്ങൾ' രൂപതയ്ക്ക് പുറത്തും ചർച്ചയാകുന്നു. കുടുംബങ്ങൾ മുമ്പൊന്നുമില്ലാത്തവിധം വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കുടുംബശക്തീകരണത്തിനായി എട്ട് നിർദേശങ്ങളാണ് ഇടയലേഖനത്തിലൂടെ അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്.

us-m-2കുടുംബത്തെ കേന്ദ്രവിഷയമാക്കി വത്തിക്കാനിൽ സംഘടിപ്പിച്ച സിനഡുകൾ, ചിക്കാഗോ രൂപതയിൽ കഴിഞ്ഞ വർഷം നടത്തിയ കുടുംബവർഷാചരണം എന്നിവയുടെ അനുബന്ധമായാണ് ഇടയലേഖനം തയാറാക്കിയിരിക്കുന്നത്. തിരുക്കുടുംബത്തിന്റെ ചിത്രം വീടുകളിൽ പ്രതിഷ്ഠിക്കണം, ദാമ്പത്യ പ്രതിജ്ഞ എല്ലാ ദിവസവും ചൊല്ലണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ ഒറ്റ വായനയിൽ നിസ്സാരമായി തോന്നുമെങ്കിലും കുടുംബശക്തീകരണ പാതയിലെ അടിസ്ഥാനഘടകങ്ങളായി ഇവ വർത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുടുംബങ്ങളിലെ സ്ഥിതിഗതികളുമായ് ബന്ധപ്പെട്ട് താൻ കണ്ടും കേട്ടും മനസ്സിലാക്കിയ കാര്യങ്ങൾ മുൻനിറുത്തിയാണ് ഇടയലേഖനത്തിലെ നിർദേശങ്ങൾ ക്രോഡീകരിച്ചതെന്ന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സൺഡേ ശാലോമിനോട് പറഞ്ഞു. ദൈവാലയങ്ങളിൽ വായിച്ച ഇടയലേഖനത്തിലെ നിർദേശങ്ങൾ രൂപതയിലെ എല്ലാ കുടുംബങ്ങളിലും എത്തിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടയലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ പ്രത്യേക തലക്കെട്ടുകൾ നൽകി താഴെക്കൊടുക്കുന്നു:

തിരുഹൃദയത്തിനൊപ്പം തിരുക്കുടുംബവും

ഈശോയുടെ തിരുഹൃദയത്തിന് നമ്മുടെ എല്ലാ കുടുംബങ്ങളെയും പ്രതിഷ്ഠിക്കുന്നതാണല്ലോ. തിരുഹൃദയത്തിന്റെ ചിത്രത്തിനൊപ്പം തിരുക്കുടുംബത്തിന്റെ ചിത്രവും വീടുകളിൽ സ്ഥാപിക്കാൻ ശ്രദ്ധിക്കണം. അതാണ് നമ്മുടെ മാതൃക. സ്‌നേഹം തന്നെയായ ഈശോ വസിക്കുന്ന കുടുംബം; അവിടുത്തെ സാന്നിധ്യമുള്ള കുടുംബം; അങ്ങനെയായിരിക്കണം നമ്മുടെ എല്ലാ ഭവനങ്ങളും.

വിവാഹവ്രതവാഗ്ദാനം എല്ലാ ദിവസവും

ഇന്നുമുതൽ മരണംവരെ, സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഏകമനസ്സോടെ ജീവിച്ചുകൊള്ളാമെന്ന് സുവിശേഷം സാക്ഷിയാക്കി വിവാഹാവസരത്തിൽ ചെയ്ത വാഗ്ദാനം എല്ലാദിവസവും ദമ്പതികൾ നവീകരിക്കണം. ഏതെല്ലാം പ്രതീക്ഷകളോടെയാണ് നിങ്ങൾ വിവാഹവേദിയിലേക്ക് കടന്നുവന്നിട്ടുള്ളത്. ആദ്യകാലചൈതന്യം നഷ്ടപ്പെട്ടുപോകാതിരിക്കാൻ അനുദിനം ശ്രദ്ധിക്കണം.

ഹൃദിസ്ഥമാക്കാം നാലു വാക്യങ്ങൾ

വിശുദ്ധ പൗലോസ് ശ്ലീഹാ നൽകുന്ന സ്‌നേഹഗീതയിലെ നാലു വാക്യങ്ങൾ ഹൃദിസ്ഥമാക്കണം. അത് എല്ലാ ദിവസവും ദമ്പതിമാർ ഒന്നിച്ച് ആവർത്തിക്കുകയും വേണം.

'സ്‌നേഹം ക്ഷമയുള്ളതും ദയയുള്ളതുമാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. സ്‌നേഹം പ്രശംസിക്കുന്നില്ല. അഹങ്കരിക്കുന്നുമില്ല. സ്‌നേഹം പരുഷമല്ല; അത് സ്വാർത്ഥം തേടുന്നില്ല. കോപിക്കുന്നില്ല, തിന്മ വിചാരിക്കുന്നില്ല; അത് അധർമത്തിൽ സന്തോഷിക്കുന്നില്ല. സത്യത്തിൽ ആനന്ദം കൊള്ളുന്നു. സ്‌നേഹം എല്ലാം സഹിക്കുന്നു. എല്ലാം വിശ്വസിക്കുന്നു. എല്ലാം പ്രതീക്ഷിക്കുന്നു. എല്ലാം ക്ഷമിക്കുന്നു. സ്‌നേഹം ഒരിക്കലും ക്ഷയിക്കുന്നില്ല,' (1 കോറി 13:4-8).

നമ്മുടെ കുടുംബങ്ങളിലെ ജീവിതം സ്‌നേഹത്തിന്റെ ഈ ലക്ഷണങ്ങളോടുകൂടിയതാണോയെന്ന് പരിശോധിക്കണം. ഈ സ്‌നേഹം പ്രായോഗികമാക്കാൻ നമുക്ക് ശ്രദ്ധിക്കാം. അപ്പോൾ സ്‌നേഹം തന്നെയായ ദൈവം നമ്മോടൊത്തു വസിക്കും. അപ്പോൾ നമ്മുടെ കുടുംബം സഭയുടെ ചെറിയ പതിപ്പാകും. കുടുംബം 'ഗാർഹികസഭ'യാകും.

കുടുംബപ്രാർത്ഥന മുടങ്ങരുത്

കുടുംബപ്രാർത്ഥനയിൽ മുടക്കമുണ്ടാകരുത്. കഴിവതും എല്ലാവരും വീട്ടിലുള്ള സമയം നോക്കി കുടുംബപ്രാർത്ഥന നടത്താൻ ശ്രദ്ധിക്കുക. ത്രികാലജപം, കൊന്തനമസ്‌കാരം, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന, ബൈബിൾ വായന, ആരംഭത്തിലോ അവസാനത്തിലോ ഒരു ഗാനം ഇത്രയും കാര്യങ്ങൾ കുടുംബപ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. സ്തുതി പറയുന്ന പതിവ് പാലിക്കുക. കുടുംബബന്ധങ്ങളെ ആഴപ്പെടുത്തുന്ന നല്ലൊരു പാരമ്പര്യമാണത്. പ്രായത്തിലും സ്ഥാനത്തിലും ഉയർന്നവരായ ആളുകളെ ബഹുമാനിക്കാൻ വളരുന്ന തലമുറയെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടല്ലോ.

പ്രോത്‌സാഹിപ്പിക്കണം, തെറ്റുകൾ തിരുത്തണം

എല്ലാവരും പ്രോത്സാഹനം ഇഷ്ടപ്പെടുന്നവരാണ് വിശിഷ്യാ, കുട്ടികൾ. അവരുടെ നല്ല താൽപ്പര്യങ്ങളെ വളർത്തിയെടുക്കാൻ ഈ പ്രോത്സാഹനം സഹായിക്കും. അവരുടെ ഉന്മേഷം അണഞ്ഞുപോകാതിരിക്കാൻ, കുറഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരിലെ തെറ്റുകൾ, ആരിലാണെങ്കിലും തിരുത്തേണ്ടതാണ്. എന്നാൽ അതു ശാസനയുടെ രീതിയിലല്ല, സ്‌നേഹത്തോടെയായിരിക്കണം. നമുക്ക് പൊതുവേ ശാസിക്കാനാണിഷ്ടം. ശാസനയെക്കാൾ തിരുത്തലുകൾ അതും വ്യക്തിപരമായിത്തന്നെ നൽകുന്നതാണ് കൂടുതൽ സ്വീകാര്യം.

ആഘോഷങ്ങൾക്കൊപ്പം ആത്മീയതയും വേണം

കുടുംബങ്ങളിലെ ആഘോഷങ്ങളോടൊപ്പം ആത്മീയതയും കൂട്ടിചേർക്കുക. പിറന്നാൾ, വിവാഹവാർഷികങ്ങൾ, മരണ വാർഷികം ജൂബിലി എന്നിങ്ങനെയുള്ള വിശേഷദിവസങ്ങളിൽ സാധിക്കുമെങ്കിൽ എല്ലാവരും ഒന്നിച്ചുതന്നെ ഇടവക ദൈവാലയത്തിൽ ദിവ്യബലിയിൽ സംബന്ധിക്കണം. കുടുംബാംഗങ്ങൾ ഒന്നിച്ച് കുമ്പസാരത്തിനു പോകുന്നതും അഭിലഷണീയതാണ്. ഭാര്യാഭർത്താക്കന്മാർ പരസ്പരവും മാതാപിതാക്കളും മക്കളും പരസ്പരവും പ്രാർത്ഥിക്കുന്നത് നല്ല മാതൃകയാണ്. കർത്താവിന്റെ സന്നിധിയിൽ നമ്മുടെ പ്രിയപ്പെട്ടവരെ അനുദിനം അനുസ്മരിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കു ന്നത് എത്രയോ വിലയുള്ളതാണ്.

ഒഴിവാക്കേണ്ട രണ്ട് കാര്യങ്ങൾ

മുതിർന്നവരെക്കുറിച്ചും സഭാധികാരികളെക്കുറിച്ചുമുള്ള വിമർശനങ്ങൾ അരുത്. അധികാരികളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന നാം, അവരെക്കുറിച്ച് ബഹുമാനമില്ലാതെ വീട്ടിൽവെച്ച് ചർച്ച ചെയ്യുന്നത് ഉചിതമല്ല. മാതാപിതാക്കൾ, ആചാര്യന്മാർ, ഗുരുജനങ്ങൾ ഇവരെ ദേവതുല്യം കരുതി ആദരിക്കണമെന്നാണല്ലോ ആർഷഭാരതസംസ്‌ക്കാരം പഠിപ്പിക്കുന്നത്.

വിശുദ്ധ പൗലോസും അതുതന്നെ പഠിപ്പിക്കുന്നു: 'ഓരോരുത്തർക്കും അർഹമായതു കൊടുക്കുവിൻ; നികുതികൊടുക്കേണ്ടവന് നികുതിയും ചുങ്കം കൊടുക്കേണ്ടവന് ചുങ്കവും. ആദരിക്കേണ്ടവനെ ആദരിക്കുക. ബഹുമാനിക്കേണ്ടവനെ ബഹുമാനിക്കുകയും ചെയ്യുക,' (റോമ 13:7)

ഒഴിവാക്കേണ്ട മറ്റൊരു വിപത്താണ് മദ്യവും മയക്കുമരുന്നുകളും. ഇവയുടെ ഉപയോഗത്തിലൂടെ സാമ്പത്തികത്തകർച്ച, ബന്ധങ്ങളുടെ തകർച്ച എന്നിവയൊക്കെ സംഭവിക്കുന്നു. ഇക്കാര്യത്തിൽ മക്കൾക്ക് ഉപദേശം നൽകണമെങ്കിൽ മാതാപിതാക്കൾ ഇവ ഉപയോഗിക്കാത്തവരായിരിക്കണം. അമേരിക്കയിലെ സോഷ്യൽ സ്റ്റാറ്റസ് ആണെന്ന് പറയുന്നതിൽ കാര്യമില്ല. കാരണം ഇവ ഉപയോഗിക്കാത്തവരും അമേരിക്കയിലുണ്ട്. മദ്യവും മയക്കുമരുന്നുകളും ഒഴിവാക്കിയാൽ കുടുംബത്തിൽ കൂടുതൽ സമാധാനവും ശാന്തതയുമുണ്ടാകും.

വീട്ടിലുണ്ടാകേണ്ട പ്രസിദ്ധീകരണങ്ങൾ

നല്ല കത്തോലിക്കാ പ്രസിദ്ധീകരണങ്ങൾ വീടുകളിൽ ഉണ്ടാകണം. ഇന്റർനെറ്റ് എന്ന മാധ്യമംകൊണ്ടുമാത്രം തൃപ്തിപ്പെടരുത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കത്തോലിക്കാ ബൈബിൾ, സഭയുടെ പ്രബോധനങ്ങൾ നൽകുന്ന 'കാറ്റിക്കിസം ഓഫ് ദ കാത്തലിക് ചർച്ച്' (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം) എന്നിവയും വീടുകളിൽ ഉണ്ടാകണം. നമ്മുടെ സഭയുടെ ആരാധനാക്രമങ്ങളും ചരിത്രഗ്രന്ഥങ്ങളും വായിച്ചുപഠിക്കേണ്ടവയാണ്.

Source: Sunday Shalom