News >> മലേഷ്യയിലെ തദ്ദേശ ഭാഷകളിൽ ഓഡിയോ ബൈബിൾ
കൊറ്റ കിനാബാലു: മലേഷ്യയിലെ സാബാഹ് സംസ്ഥാനത്തുള്ള കദസാൻ ഭാഷയിൽ ബൈബിളിന്റെ ഓഡിയോബുക്ക് പുറത്തിറക്കി. വിശുദ്ധ ഗ്രന്ഥത്തിലൂടെ രക്ഷയുടെ ചരിത്രം നിരവധിയാളുകളിലേക്ക് എത്തുവാൻ ഇത് കാരണമാകുമെന്ന് മലേഷ്യയിലേക്കുള്ള അപ്പസ്‌തോലിക്ക് ന്യൂൺഷ്യോ ആർച്ച് ബിഷപ് ജോസഫ് മാരിനൊ പറഞ്ഞു.കൊറ്റ കിനാബാലുവിലെ സഭയുടെ ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലാണെന്ന് ബിഷപ് വ്യക്തമാക്കി. വിശുദ്ധ ഗ്രന്ഥം നമ്മുടെ ജീവന്റെ ഉറവിടമാണ്. വിശുദ്ധ ഗ്രന്ഥത്തിലൂടെയാണ് സഭ ലോകവുമായി സംവദദിക്കുവാൻ പുറത്തേക്ക് വരുന്നതും മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നതും. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് ബൈബിൾ എത്തിപ്പെടും; ആർച്ച്ബിഷപ് മാരിനോ വ്യക്തമാക്കി.വിശ്വാസം കേൾവിയിലൂടെയാണ് രൂപപ്പെടുന്നത് എന്ന പേരിലുള്ള ഒരു എൻജിഒ റിക്കോർഡിംഗ് കമ്പനിയാണ് ഈ ഓഡിയോ ബൈബിൾ യാഥാർത്ഥ്യമാക്കിയത്. ഇതുവരെ 977 ഭാഷകളിൽ ഈ കമ്പനി ഓഡിയോ ബൈബിളുകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനിയെക്കുറിച്ച് കേട്ടറിഞ്ഞ കൊറ്റ കിനാബാലു രൂപതയിലെ അംഗങ്ങൾ കദസാൻ ഭാഷയിലും ദുസുൻ ഭാഷയിലും ഓഡിയോ ബൈബിളുകൾ പുറത്തിറക്കണമെന്ന അഭ്യർത്ഥനയുമായി കമ്പനിയെ സമീപിക്കുകയായിരുന്നു. ദുസുൻ ഭാഷയിലുള്ള ഓഡിയോ ബൈബിളുകളും ഈ വർഷം തന്നെ പുറത്തിറക്കും.Source: Sunday Shalom