News >> ലൂക്കാ. 6:27-36-2016 ജൂൺ അഞ്ച് ഞായർ സീറോ മലബാർ കുർബാനയിലെ സുവിശേഷം
നമുക്ക് ഉണ്ടാകുന്ന ജീവിതാനുഭവങ്ങളെയും മറ്റുള്ളവർ നമ്മോട് പറയുന്ന വാക്കുകളെയും നമ്മോട് കാണിക്കുന്ന പ്രവൃത്തികളെയും നമുക്ക് രണ്ടു വിധത്തിൽ കൈകാര്യം ചെയ്യാം. ഒന്ന്, ന്യായംകൊണ്ട്; രണ്ട്, വിശ്വാസംകൊണ്ട്. ന്യായംകൊണ്ട് സമീപിക്കുമ്പോൾ നമുക്ക് ഒരുപാട് മറ്റു വാദങ്ങൾ, മറ്റു ന്യായങ്ങൾ, മനസിൽ വരും. ഇതൊക്കെ ചോദിക്കുവാൻ തോന്നും. തർക്കിക്കുവാൻ തോന്നും. ചിലപ്പോൾ വഴക്ക് ഉണ്ടാക്കാൻ തോന്നും. ചില കാര്യങ്ങൾ അനുസരിക്കാതിരിക്കുവാനും ധിക്കരിക്കുവാനും തോന്നും. എന്നാൽ, ഇതേ കാര്യങ്ങളെ ദൈവവിശ്വാസത്തിന്റെ വെളിച്ചതതിൽ എടുത്താൽ ഇങ്ങനെയൊന്നും ചെയ്യാൻ തോന്നുകയില്ല. ന്യായവാദങ്ങൾ മനസിൽ പെട്ടെന്ന് വന്നാലും അവയെ കീഴടക്കും. ന്യായം പറയുവാനും തർക്കിക്കുവാനും വഴക്ക് ഉണ്ടാക്കുവാനും അനുസരണക്കേടും ധിക്കാരവും പകയും കാണിക്കുവാനും പ്രതികാരം ചെയ്യുവാനും തോന്നുകയില്ല. മനസിന് മുറിവേൽക്കില്ല. ശാന്തത നഷ്ടപ്പെടുകയില്ല.ഇനി ചില ഉദാഹരണങ്ങൾ പരിശോധിക്കാം. യേശുവിനെ ഗദ്‌സമൻ തോട്ടത്തിൽവച്ച് പടയാളികൾ പിടിച്ച് ബന്ധിക്കുവാൻ വന്നപ്പോൾ പത്രോസ് വാൾ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ വലതുചെവി മുറിച്ചു കളഞ്ഞു (യോഹ. 18:10). അതിനുമുമ്പ്, യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ യേശുവിനോട് ചോദിച്ചു: കർത്താവേ, ഞങ്ങളും വാൾ എടുക്കട്ടെയോ? (ലൂക്കാ 22:49). പത്രോസും യേശുവിനോടുകൂടെ ഉണ്ടായിരുന്നവരും പറഞ്ഞതും കാണിച്ചതും ന്യായത്തിൽനിന്നും ഉണ്ടായ പ്രതികരണങ്ങളാണ്. എന്നാൽ, ഇതേ പത്രോസ് ദൈവസ്‌നേഹത്തിലും ദൈവവിശ്വാസത്തിലും നിറഞ്ഞവനായി മാറിയപ്പോൾ ഇങ്ങനെയല്ല പ്രതികരിച്ചത്. അപ്പസ്‌തോല പ്രവർത്തനങ്ങളിൽ എഴുതിയിരിക്കുന്ന ചില സംഭവങ്ങളിൽനിന്ന് ഇത് മനസിലാക്കാം. ഉൽപത്തി പുസ്തകം 4:9-ൽ കായേൻ കർത്താവിനോട് ചോദിക്കുന്ന ചോദ്യമുണ്ട്: സഹോദരന്റെ കാവൽക്കാരൻ ആണോ ഞാൻ? വാർധക്യത്തിൽ എത്തിയ അബ്രാഹമിനും സാറാക്കും ഒരു പുത്രൻ ജനിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നൽകിയപ്പോൾ അവർ രണ്ടുപേർക്കും അത് വിശ്വാത്തിൽ എടുക്കാൻ കഴിഞ്ഞില്ല. ന്യായംവച്ചാണ് എടുത്തത്. അപ്പോൾ അവർക്ക് അത് അസംഭവ്യമായ കാര്യമായി തോന്നി. അതിനാൽ, അബ്രാഹം കമിഴ്ന്ന് വീണും (ഉല്പ. 17:17) സാറ ഉള്ളിലും ചിരിച്ചു (18:12). എന്നാൽ, ഇതേ അബ്രാഹം തന്റെ പുത്രനെ ബലി കഴിക്കണമെന്ന ദൈവത്തിന്റെ കൽപനയെ ന്യായംകൊണ്ടല്ല എടുത്തത്, വിശ്വാസംകൊണ്ടാണ് എടുത്തത് (ഉൽപ. 22:1-19). അതുകൊണ്ടാണ് ഒരു തർക്കത്തിനും നിൽക്കാതെ ഇസഹാക്കിനെ ബലി കഴിക്കുവാൻവേണ്ടി മോറിയാ മലയിലേക്ക് പോയത്. മോശയുടെ ഭാര്യയെ പ്രതി മിരിയാമും അഹറോനും മോശയ്‌ക്കെതിരായി സംസാരിച്ചു: കർത്താവ് മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? ഇവർ പറഞ്ഞത് ന്യായം. പക്ഷേ, അതിനേക്കാൾ വലിയ വിശ്വാസത്തിന്റെ പ്രവൃത്തികൾ അവർ കണ്ടില്ല. തന്മൂലം ദൈവം മിരിയാമിനെ ശിക്ഷിച്ചു. അവളെ കുഷ്ഠരോഗം ബാധിച്ചു (സംഖ്യ, അധ്യായം 12).ബൈബിൾ സംഭവങ്ങൾ വിട്ട് നമ്മുടെ കാര്യത്തിലേക്ക് വരുക. നമ്മൾ എല്ലാവരും ഒത്തിരി ന്യായങ്ങൾ മനസിൽ സൂക്ഷിക്കുന്നവരും ന്യായവാദങ്ങൾ നിരത്തി തർക്കിക്കുന്നവരും എതിർക്കുന്നവരുമൊക്കെയായി പലപ്പോഴും മാറാറില്ലേ? കാര്യത്തിന്റെ ഒരു വശം മാത്രം കേട്ട്, അഥവാ തികച്ചും സത്യവിരുദ്ധമായ കാര്യങ്ങൾ കേട്ട്, ആരെയെല്ലാം നമ്മൾ കുറ്റം വിധിക്കുന്നു? മെത്രാന്മാരെ കുറ്റം വിധിക്കുന്നു. വൈദികരെ കുറ്റം വിധിക്കുന്നു. സിസ്റ്റർമാരെ കുറ്റം വിധിക്കുന്നു. സഹപ്രവർത്തകരെയും അധികാരികളെയും കീഴിലുള്ളവരെയും കുറ്റം വിധിക്കുന്നു. അയൽക്കാരെ കുറ്റം വിധിക്കുന്നു. കുടുംബാംഗങ്ങൾ പരസ്പരം കുറ്റം വിധിക്കുന്നു. ക്ഷമ കാണിക്കാതിരിക്കുന്നു. ആവശ്യനേരത്ത് സഹായിക്കാതിരിക്കുന്നു.ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ലൂക്കാ 6:27-36 ലേക്ക് വരാം. തിന്മയെ നന്മകൊണ്ട് ജയിക്കുക എന്ന നിർദേശം ആണ് യേശു ഇവിടെ നൽകുന്നത്. ന്യായം വച്ച് നോക്കിയാൽ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യണം എന്നാണ് യേശു ഇവിടെ ആവശ്യപ്പെടുന്നത്. യേശു പറയുന്നു: ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുക. ശപിക്കുന്നവരെ അനുഗ്രഹിക്കുക. അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുംകൂടി കാണിച്ചുകൊടുക്കുക. മേലങ്കി എടുക്കുന്നവന് കുപ്പായം കൂടി നൽകുക. ചോദിക്കുന്ന ഏവനും കൊടുക്കുക. വസ്തുക്കൾ എടുത്തുകൊണ്ടുപോകുന്നവനോട് തിരികെ ചോദിക്കരുത്. ശത്രുക്കളെ സ്‌നേഹിക്കുവിൻ. തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുക. ഇതൊക്കെ ന്യായം വച്ച് നോക്കിയാൽ ചെയ്യാൻ പറ്റില്ല. എന്നാൽ, വിശ്വാസം ഉണ്ടെങ്കിൽ ഇതെല്ലാം മാത്രംവച്ച് പ്രവർത്തിക്കുന്നവരുടെ പ്രവർത്തനശൈലിയും മനോഭാവവും അല്ല യേശുവിൽ വിശ്വസിക്കുന്നവർക്ക് വേണ്ടത്. അതിനേക്കാ ൾ മേന്മ അവർക്ക് ഉണ്ടാകണം. യേശു ചോദിക്കുന്നു: നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങൾ സ്‌നേഹിക്കുന്നതിൽ എന്ത് മേന്മയാണുള്ളത്? നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നന്മ ചെയ്യുന്നതിൽ എന്ത് മേന്മയാണുള്ളത്? തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതിൽ എന്ത് മേന്മയാണുള്ളത്? ഇതെല്ലാം ന്യായംകൊണ്ടുമാത്രം കാര്യങ്ങൾ ചെയ്യുന്നവരും ചെയ്യുന്ന കാര്യങ്ങൾ ആണ്. എന്നാൽ, ന്യായത്തിനപ്പുറം കടന്ന്, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്യുന്നവർ ക്ഷമിക്കുവാൻ തയാറാകും. മറക്കുവാൻ തയാറാകും. ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തയാറാകും. ശപിക്കുന്നവരെ അനുഗ്രഹിക്കുവാൻ തയാറാകും. അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തയാറാകും. ശത്രുത കാണിക്കുന്നവർക്കും പരദൂഷണം പറഞ്ഞു നടക്കുന്നവർക്കും ഉപദ്രവം ചെയ്തിട്ടുള്ളവർക്കും എല്ലാം ആവശ്യനേരത്ത് പറ്റുന്ന സഹായം ചെയ്തുകൊടുക്കുവാൻ തയാറാകും. അതുകൊണ്ട് യേശു ആവശ്യപ്പെടുന്ന തരത്തിൽ ജീവിക്കുവാൻ ന്യായം പറഞ്ഞുകൊണ്ടിരുന്നാൽ സാധിക്കുകയില്ല. ന്യായത്തിനപ്പുറം കടന്ന് വിശ്വാസത്തിന്റെ തലത്തിലേക്ക് ഉയരണം. സിസ്റ്റർ റാണി മരിയയുടെ ഘാതകനെ വീട്ടിൽ സ്വീകരിച്ച് സൽക്കരിച്ച റാണി മരിയയുടെ അമ്മ ന്യായംവച്ച് ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ല. വിശ്വാസംകൊണ്ടാണിത് ചെയ്തത്. റാണി മരിയയുടെ സഹോദരി ആ ഘാതകന്റെ കൈയിൽ രാഖി കെട്ടാൻ പോയത്, ന്യായനത്തിനപ്പുറം കടന്ന് വിശ്വാസത്തിൽ കാര്യങ്ങളെ എടുത്തതുകൊണ്ടാണ്.അതിനാൽ, നമ്മുടെ സഭാബന്ധങ്ങളിൽ, കുടുംബബന്ധങ്ങളിൽ, അയൽപക്ക ബന്ധങ്ങളിൽ, തൊഴിൽ മേഖലയിലെ ബന്ധങ്ങളിൽ, രാഷ്ട്രീയ ബന്ധങ്ങളിൽ എല്ലാം നമ്മൾ ന്യായത്തിനപ്പുറത്തേക്ക് കടക്കണം. വിശ്വാസത്തിന്റെ തലത്തിലേക്ക് ഉയരണം. യേശു പറഞ്ഞതുപോലെ പ്രവർത്തിക്കുവാനും ചിന്തിക്കുവാനും അപ്പോഴേ കഴിയൂ. അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ, നമ്മുടെ സാമൂഹ്യ-കുടുംബ-അയൽപക്ക-രാഷ്ട്രീയ-തൊഴിൽമേഖലാ ബന്ധങ്ങളിലെല്ലാം ഒരുപാട് അസ്വസ്ഥതകളും വഴക്കുകളും പിണക്കങ്ങളും ശത്രുതയും പകപോക്കലുകളും നിസംഗ പെരുമാറ്റങ്ങളുമെല്ലാം മാറും. ന്യായനത്തിനപ്പുറത്തുള്ള വിശ്വാസത്തോടെ നമുക്ക് എല്ലാത്തിനെയും എല്ലാവരെയും സ്‌നേഹിക്കാം.
ഫാ. ജോസഫ് വയലിൽ CMI@മറുപുറംSource: Sunday Shalom