News >> ആ പ്രവചനം ശരിയായില്ല


ബെർഗാമൊ, ഇറ്റലി: 1953-ലാണ് ജോൺ 23ാം മാർപാപ്പയോടൊപ്പമുള്ള കർദിനാൾ കാപ്പൊവില്ലായുടെ യാത്ര ആരംഭിക്കുന്നത്. വെനീസിന്റെ പാത്രിയാർക്കീസായി നിയമതിനായ കർദിനാൾ ആഞ്ചലോ ഗുയിസപ്പെ റൊങ്കാളി അന്ന് വൈദികനായിരുന്ന ഫാ. കാപ്പൊവില്ലെയാണ് പേഴ്‌സണൽ സെക്രട്ടറിയായി നിയമിച്ചത്. ഈ തീരുമാനമറിഞ്ഞ മോൺ. എർമിനോ മകാസെക്ക് പാത്രിയാർക്കീസായ റൊങ്കാളിയെ ഇപ്രകാരം പറഞ്ഞുകൊണ്ട് നിരുത്സാഹപ്പെടുത്തി-'കാപ്പൊവില്ലോ നല്ല വൈദികനാണ്. പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യം അത്ര നല്ലതല്ല. അദ്ദേഹം അധിക കാലം ജീവിക്കില്ല.' 'അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണെങ്കിൽ എന്റെ കൂടെ വന്ന് എന്നോടൊപ്പം മരിക്കട്ടെ' എന്നാണ് പാത്രിയാർക്കീസ് റൊങ്കാളി അന്ന് പ്രതികരിച്ചത്. മോൺ. എർമിനോയുടെ പ്രവചനം പക്ഷെ ശരിയായില്ല. കാപ്പൊവില്ലൊ പാത്രിയാർക്കീസ് റൊങ്കാളിയുടെ പേഴ്‌സണൽ സെക്രട്ടറിയായി. പിന്നീട് മാർപാപ്പയാപ്പോൾ പേഴ്‌സണൽ സെക്രട്ടറിയായി തുടർന്നു. ജോൺ 23ാമൻ മാർപാപ്പ മരിച്ച് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന് സാക്ഷ്യം വഹിച്ചു. അവസാനം നൂറാമത്തെ വയസിൽ 'ഓട്ടം നന്നായി പൂർത്തിയാക്കിയ' ഓട്ടക്കാരന്റെ സംതൃപ്തിയോടെ കഴിഞ്ഞ മെയ് 26 ന് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി.

വിശുദ്ധ ജോൺ 23ാം മാർപാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന കർദിനാൾ ലോറിസ് കാപ്പൊവില്ലൊ നൂറാമത്തെ വയസിലാണ് അന്തരിച്ചത്. തന്റെ എല്ലാ രേഖകളും വിശ്വസ്തനായ സെക്രട്ടറിക്ക് നൽകിയ ശേഷം അന്തരിച്ച വിശുദ്ധനായ ജോൺ 23ാമൻ മാർപാപ്പയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കർദിനാൾ കാപ്പൊവില്ലോയിലൂടെയാണ് ലോകം അറിഞ്ഞത്. തീക്ഷണമതിയായ സൂക്ഷിപ്പുകാരുനും ശക്തനായ പരിഭാഷകനും എന്നാണ് ഫ്രാൻസിസ് മാർപാപ്പ കർദിനാൾ കാപ്പൊവില്ലോയെ വിശേഷിപ്പിച്ചത്. 1940 മെയ് 23 കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ വൈദികനായി അഭിഷിക്തനായ കർദിനാൾ കാപ്പോവില്ലോ കോർപ്പസ് ക്രിസ്റ്റി ദിനത്തിൽ തന്നെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു എന്നത് സ്വർഗം അദ്ദേഹത്തിന്റെ ജീവിതത്തിന് നൽകിയ സാക്ഷ്യപത്രമായി കരുതുന്നതിൽ തെറ്റുണ്ടാവാൻ തരമില്ല.

Source: Sunday Shalom