News >> വിനീതമായ പ്രാർത്ഥനയുടെ മുമ്പിൽ തിരുഹൃദയം തുറക്കുന്നു
വത്തിക്കാൻ സിറ്റി: സ്വന്തം തെറ്റുകളെയും കുറ്റങ്ങളെയും കുറിച്ച് പശ്ചാത്തപിച്ചുകൊണ്ട് ദൈവസ്‌നേഹത്തിലും അയൽക്കാരനോടുളളസ്‌നേഹത്തിലും ജീവിക്കാനുള്ള കൃപ ചോദിക്കുന്ന ഹൃദയങ്ങളിൽ നിന്നാണ് യഥാർത്ഥ പ്രാർത്ഥന ഉയരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ദൈവാലയത്തിലെ പ്രാർത്ഥനയെക്കുറിച്ചുള്ള ഭാഗം വിചിന്തനം ചെയ്തുകൊണ്ട് നടത്തിയ പൊതുദർശനവേളയിലെ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.ഫരിസേയന്റെ പ്രാർത്ഥന വാസ്തവത്തിൽ കൃതജ്ഞതയുടെ പ്രാർത്ഥനയായിരുന്നു. പക്ഷെ തന്റെ തന്നെ മേന്മ പ്രകടിപ്പിക്കാനാണ് ഫരിസേയൻ പ്രാർത്ഥനയുടെ അവസരം ഉപയോഗിച്ചതെന്ന് പാപ്പ വിശദീകരിച്ചു. തന്നെത്തന്നെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനായി ഫരിസേയൻ പരിഗണിച്ചു. ഫരിസേയൻ പ്രാർത്ഥിക്കുന്നത് ദൈവത്തോടാണെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ അവനിൽത്തന്നെയാണ്. അങ്ങനെ ആ പ്രാർത്ഥന അവനോട് തന്നെയായി മാറുന്നു. അഹങ്കാരത്തോടുള്ള പ്രാർത്ഥന എല്ലാ നന്മകളുടെയും മൂല്യം ചോർത്തിക്കളയുന്നു. അഹങ്കാരി ദൈവത്തെയും മനുഷ്യനെയും തന്നിൽനിന്നകറ്റുന്നു.എന്ത് മാത്രം പ്രാർത്ഥിച്ചു എന്നത് മാത്രമല്ല, എപ്രകാരം പ്രാർത്ഥിച്ചു എന്നതും കണക്കിലെടുക്കണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഹൃദയത്തിലെ വികാരങ്ങളെയും വിചാരങ്ങളെയും പരിശോധിക്കണം. ഹൃദയങ്ങളിലേക്കുള്ള പാത നാം തന്നെ കണ്ടെത്തണം. ഹൃദയത്തിന്റെ ആഴത്തിലുള്ള നിശബ്ദതയും സ്‌നേഹവും വീണ്ടെടുക്കണം. അവിടെയാണ് ദൈവത്തെ കണ്ടുമുട്ടുന്നതും അവൻ നമ്മോട് സംസാരിക്കുന്നതും. ഫരിസേയൻ ദൈവാലയത്തിലേക്കുളള പാത ശരിയായി നടന്നു, പക്ഷെ സ്വന്തം ഹൃദയത്തിലേക്കുള്ള വഴി തെറ്റിപ്പോയി എന്നവൻ മനസിലാക്കുന്നില്ല.പാപിയായ എന്നിൽ കനിയണമെ എന്ന ചുങ്കക്കാരന്റെ പ്രാർത്ഥന മനോഹരമാണെന്ന് പാപ്പ തുടർന്നു. വിനീതഹൃദയത്തിന്റെ മുമ്പിൽ ദൈവത്തിന്റെ തിരുഹൃദയം പൂർണമായി തുറക്കുന്നു. അതുകൊണ്ടാണ് 'തന്റെ ദാസിയുടെ താഴ്മയെ ദൈവം കടാക്ഷിച്ചു' എന്ന് മറിയം തന്റെ സ്‌തോത്രഗീതത്തിൽ ഉദ്‌ഘോഷിക്കുന്നത്; പാപ്പ വ്യക്തമാക്കി.Source: Sunday Shalom