News >> ദിവ്യകാരുണ്യത്താൽ ചലിക്കപ്പെട്ട കുടുംബപ്രേഷിത


സങ്കടങ്ങളുടെ ഒരു ഭൂമിയിലൂടെയാണ് മറിയംത്രേസ്യ നടന്നത്. കേവലം പന്ത്രണ്ട് വയസുമാത്രം പ്രായമുള്ളപ്പോൾ അമ്മ നഷ്ടപ്പെട്ടു. അതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവന്നു. കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ, വേണ്ടപ്പെട്ടവരുടെ ഉത്തരവാദിത്വരഹിതമായ ജീവിതം - ഇതൊക്കെ ത്രേസ്യയുടെ ബാല്യത്തെ തല്ലി കെടുത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ ദൈവത്തെ സ്‌നേഹിക്കണം എന്നുമാത്രം ആഗ്രഹിച്ച ആ കൊച്ചുജീവിതത്തിലേക്ക് ദുരന്തങ്ങൾ പിന്തുടർന്നു. എന്നിട്ടും അവൾ തളർന്നുപോയില്ല. വരുന്ന ദുരിതങ്ങളുടെ നേരെ ചോദ്യങ്ങൾ ഉന്നയിച്ചില്ല. മറിച്ച്, ഉത്തരങ്ങൾ കണ്ടെത്തുകയായിരുന്നു. സഹനങ്ങളിൽ അഭിഷേകമുണ്ടെന്ന് കുഞ്ഞുനാൾ മുതൽ അവളുടെ ഹൃദയത്തിൽ ദൈവാത്മാവ് മന്ത്രിച്ചു.

സമപ്രായക്കാർ കണ്ണാരംപൊത്തിയും കല്ലുവാരി കളിച്ചും തോട്ടിലും തൊടിയിലുമായി പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്ന് നടന്നപ്പോൾ ത്രേസ്യയുടെ കൊച്ചുമനസ് ദിവ്യകാരുണ്യത്തെപ്പറ്റിയുള്ള ചിന്തകളിലായിരുന്നു. ദിവ്യകാരുണ്യത്തിൽ മുറിയപ്പെട്ട ക്രിസ്തുവിന്റെ ശരീരം ഉണ്ടെന്ന് ആ കുഞ്ഞുമനസിൽ ഏതോ ദൈവദൂതൻ വന്ന് സ്വകാര്യം പറഞ്ഞതുപോലെ. ആറ് വയസായപ്പോഴേക്കും ദിവ്യകാരുണ്യം സ്വീകരിക്കാൻ അവളുടെ ഹൃദയം വെമ്പൽകൊണ്ടു. ദിവ്യകാരുണ്യനാഥനെ സ്വീകരിക്കാനുള്ള ആഗ്രഹം കുഞ്ഞുത്രേസ്യ വികാരിയച്ചനെ അറിയിച്ചു. പ്രായമായില്ലല്ലോ എന്നായിരുന്നു അച്ചന്റെ മറുപടി. ത്രേസ്യ പറഞ്ഞു: "ദൈവത്തെ സ്‌നേഹിക്കാൻ പ്രായം വേണ്ട." ത്രേസ്യയുടെ തീവ്രമായ ആഗ്രഹം മനസിലാക്കിയപ്പോൾ ദിവ്യകാരുണ്യം കൊടുക്കുവാൻ വികാരിയച്ചൻ തയാറായി. അങ്ങനെ ദിവ്യകാരുണ്യ ഈശോ ത്രേസ്യയുടെ ബാല്യത്തിന്റെ കളിക്കൂട്ടുകാരനായി. ഉണ്ണിയീശോയെ കൂട്ടിന് വിളിച്ചും കൂട്ടുകൂടിയും അവർ ചങ്ങാതികളായി.

അൾത്താരയിലെ സുഗന്ധം

കൂട്ടുകാരികൾ കളിക്കാൻ വിളിക്കുമ്പോൾ ത്രേസ്യ പറയും, എന്റെ ഈശോ ദുഃഖിതനായിരിക്കുമ്പോൾ ഞാൻ എങ്ങനെ കളിക്കും? കൗദാശിക ജീവിതത്തിൽനിന്നും ദൈവികകരുണയിൽനിന്നും അകന്നുകഴിയുന്നവരെപ്രതി ഈശോ ദുഃഖിതനാണെന്ന് ത്രേസ്യ തിരിച്ചറിഞ്ഞിരുന്നു. സമർപ്പിതയാകുന്നതിനുമുമ്പേ സക്രാരിയെ ചുറ്റിപ്പറ്റിയായിരുന്നു അവളുടെ ജീവിതം. സക്രാരി അലങ്കരിക്കാനും മദ്ബഹ പരിശുദ്ധമായി സൂക്ഷിക്കാനും ത്രേസ്യ കാണിച്ച തീക്ഷ്ണത ദിവ്യകാരുണ്യനാഥനോടുള്ള സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു. സക്രാരി അലങ്കരിക്കാൻ അവൾ പ്രത്യേകം കരുതിവച്ച മുല്ലപ്പൂവിന്റെ സുഗന്ധംപോലെ അവളുടെ ഹൃദയത്തിന്റെ നൈർമല്യവും അൾത്താരയെ അലംകൃതമാക്കി.

കന്യകാലയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ സക്രാരിയുടെ സാന്നിധ്യം ത്രേസ്യയ്ക്കരികിലായി. ദിവ്യകാരുണ്യനാഥനെ സന്ദർശിച്ചും അവിടുത്തേക്ക് ആരാധനയർപ്പിച്ചും മറിയംത്രേസ്യ ആത്മീയജീവിതത്തിന്റെ സോപാനങ്ങളിലേക്ക് ഉയർന്നു. "പൂ പൊടിയിടുന്നതുപോലെ നിങ്ങൾ ദൈവോർമ കാക്കണം" എന്ന് തന്റെ സമൂഹാംഗങ്ങളെ ഉപദേശിച്ചിരുന്ന അമ്മയുടെ മനസ് സദാ ദൈവത്തിലും ദൈവോർമയിലും ആയിരുന്നു.

രാത്രി വിശ്രമിക്കാൻ പോകുന്നതിനുമുമ്പ് എല്ലാ ദിവസവും അവൾ ദിവ്യകാരുണ്യ സന്നിധിയിലെത്തുമായിരുന്നു. അനിതര സാധാരണമായ ദൈവാനുഭവവും ഭക്തിമാർഗവുമെന്നപോലെ അനിതര സാധാരണമായ കർമമാർഗമായിരുന്നു വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടേത്. അയക്കുന്നിടത്തേക്ക് പോകുകയും അയച്ചവന്റെ ഇഷ്ടം മാത്രം നിർവഹിക്കുകയും ചെയ്യുന്ന കർമമാർഗം. "ഞാൻ അയക്കുന്നിടത്തേക്ക് നീ പോകണം. ഞാൻ കൽപിക്കുന്നതെന്തും നീ ചെയ്യണം" (ജറെ. 1:8) എന്ന് പ്രവാചകനെ ഭരമേല്പിച്ച ദൈവത്തിന്റെ തിരഞ്ഞെടുപ്പ് അവിടുന്ന് ആഗ്രഹിക്കുന്നിടത്തേക്ക് പോകുവാൻ ത്രേസ്യയെ നിയോഗിച്ചു.

കൊച്ചിരാജാവിന്റെ സമ്മാനം

സന്യാസിനി സമൂഹത്തിന്റെ പ്രാരംഭദശയിൽ സാമ്പത്തിക പരാധീനതകൾകൊണ്ട് സമൂഹം ക്ലേശമനുഭവിച്ച നാളുകളിൽ ദൈവാത്മാവ് ത്രേസ്യയ്ക്ക് വെളിപ്പെടുത്തിയത് കൊച്ചി മഹാരാജാവിന്റെ കൊട്ടാരമായിരുന്നു. രാജകൊട്ടാരത്തിലെത്താൻ പ്രായോഗികതലത്തിൽ കഠിനമായ സംഘർഷങ്ങളിലൂടെ അവൾ കടന്നുപോയിട്ടുണ്ട്. പക്ഷേ, ദൈവഹിതം നിറവേറ്റുക എന്നത് അവളുടെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. അതിനുവേണ്ടി എന്ത് ത്യാഗവും ഏറ്റെടുക്കാൻ തയാറായിരുന്നു അവൾ. രാജസന്നിധിയിലെത്തി സങ്കടങ്ങൾ ഉണർത്തിക്കുന്നതിനുമുമ്പേ രാജാവിന്റെ അനാരോഗ്യം മറിയംത്രേസ്യായെ സങ്കടപ്പെടുത്തി. വൈദ്യം പഠിക്കാത്ത മറിയംത്രേസ്യയ്ക്ക് പരിശുദ്ധാത്മാവ് വൈദ്യം പറഞ്ഞുകൊടുത്തു. രാജാവിന്റെ ശരീരത്തിൽ വ്രണമായിത്തീർന്ന പരു സുഖപ്പെടാൻ പച്ചിലകൾകൊണ്ടു തയാറാക്കിയ മരുന്ന് രാജ്ഞിയെ ഏൽപിച്ച് ത്രേസ്യയും സഹോദരിമാരും തിരികെ പോന്നു. ത്രേസ്യ കൊടുത്ത മരുന്ന് രാജാവിന്റെ കഠിനവ്യാധിയെ സുഖപ്പെടുത്തി. ത്രേസ്യയുടെ വിശുദ്ധമായ ജീവിതത്തെ കണ്ടനുഭവിച്ച കൊച്ചി മഹാരാജാവ് കുഴിക്കാട്ടുശേരിയിലെത്തി പുതിയ ഭവനനിർമാണത്തിനാവശ്യമായ മുഴുവൻ മരവും സമ്മാനമായി ത്രേസ്യയ്ക്ക് നൽകി. അസാധ്യമായത് ചെയ്യാനും അയക്കുന്നിടത്തേക്ക് പോകാനും ദിവ്യകാരുണ്യം ത്രേസ്യയെ ശക്തിപ്പെടുത്തി. കുടുംബങ്ങളുടെ നിലവിളി കേട്ടാൽ, ആത്മാക്കളുടെ നാശം കണ്ടാൽ ത്രേസ്യയുടെ പാദങ്ങളും ഹൃദയവും സമയത്തിനും നിയമത്തിനും അതീതമായി ചലിക്കപ്പെടുമായിരുന്നു. അലിഖിത നിയമംകൊണ്ട് സമൂഹം വിലക്കു കല്പിച്ച ഇടങ്ങളിലേക്കും സാഹചര്യങ്ങളിലേക്കുമാണ് ത്രേസ്യ കടന്നുചെന്നത്. ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങൾക്ക് അവർ അമ്മയായി, അത്താണിയായി. നിയമം മനുഷ്യനുവേണ്ടിയാണെന്ന് പഠിപ്പിച്ച മിശിഹായുടെ സാന്നിധ്യം അവൾക്ക് കൂട്ടിനുണ്ടായിരുന്നു.

ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ പറഞ്ഞാൽ, വിവേചിച്ചറിഞ്ഞ് അനുയാത്ര ചെയ്ത് സമുന്വയിപ്പിച്ച ക്രിസ്തുവിന്റെ നല്ല അജപാലകയായിരുന്നു മറിയംത്രേസ്യ. കുടുംബങ്ങളിലെ പ്രശ്‌നങ്ങളെ വിവേചിച്ചറിയുവാൻ പരിശുദ്ധാത്മാവ് ത്രേസ്യയ്ക്ക് ജ്ഞാനാഭിഷേകം നൽകി. തിരുസഭയിൽനിന്നും കൂദാശകളിൽനിന്നും അകന്നു കഴിയുന്നവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ പ്രാർത്ഥനയും പരിത്യാഗവുമാകുന്ന ആയുധം കൈകളിലേന്തി അവൾ കാവൽനിന്നു. തകർന്ന കുടുംബങ്ങളോടൊപ്പം അവൾ യാത്ര ചെയ്തു.

മറിയം ത്രേസ്യയെ കണ്ടവർക്ക് മുറിയപ്പെട്ട ദിവ്യകാരുണ്യ അപ്പത്തിന്റെ സൗഖ്യം ലഭിച്ചു. ദിവ്യകാരുണ്യം ത്രേസ്യയുടെ ഹൃദയത്തിൽ ജീവിക്കുകയായിരുന്നു. അത് അവളുടെ നാവിൽ അലിഞ്ഞുതീർന്നില്ല. പിന്നെയോ ജീവിതത്തെ മുഴുവൻ ചലനാത്മകമാക്കി. സഹനങ്ങളും സംഘർഷങ്ങളും ഏറ്റെടുക്കാൻ ശക്തിപ്പെടുത്തി. വീടുവീടാന്തരം തന്റെ ഹൃദയത്തിലെ ചലിക്കുന്ന സക്രാരിയുമായി അവൾ കയറിയിറങ്ങി. കുടുംബങ്ങളുടെ കാവൽക്കാരിയാണ് മറിയം ത്രേസ്യ. പിശാചിന്റെ ക്രൂരതന്ത്രങ്ങളിൽനിന്ന് കുടുംബങ്ങളെ രക്ഷിക്കാൻ സക്രാരിയിലും കുരിശിനരികിലും ഉരുകിത്തീർന്നതാണ് അവളുടെ ജീവിതം. ദിവ്യകാരുണ്യത്തെ ചൂണ്ടിക്കൊണ്ട് ദൈവാത്മാവ് ത്രേസ്യയുടെ കാതിൽ മന്ത്രിച്ചു: "എടുത്തു ഭക്ഷിക്കുക, നിനക്ക് ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്."

സിസ്റ്റർ ലീന തെരേസ്

Source: Sunday Shalom