News >> വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കു തടയാൻ പദ്ധതികളുമായി അസമിലെ ഇടവക


ദിസ്പൂർ: പത്താം ക്ലാസ് പരീക്ഷക്ക് മുമ്പ് വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നത് അസമിലെ ഡൂംനി ഇടവകയിലെ സ്ഥിരം കാഴ്ചയാണ്. അല്ലെങ്കിൽ മിക്കവരും പബ്ലിക് പരീക്ഷയിൽ തോൽക്കും. തേയില എസ്റ്റേറ്റുകളിൽ ജോലിചെയ്യുന്നവരാണ് ഇടവകാംഗങ്ങളിൽ ബഹുഭൂരിപക്ഷവും. 10 കിലോമീറ്ററിൽ അധികം വ്യാപ്തിയുള്ള സെന്റ് ജോസഫ് ഡൂംനി ഇടവകയിൽ 1740 കുടുംബങ്ങളുണ്ട്. ഇടവകവികാരി ഫാ. എതെൽബർട്ട് മിഞ്ച് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. ഇംഗ്ലീഷും കണക്കുമാണ് അധികം കുട്ടികളെയും പരാജയപ്പെടുത്തുന്നതെന്ന് ഫാ. മിഞ്ചിന് മനസിലായി. ആ വിഷയങ്ങളോടുള്ള ഭയം നീക്കുന്നതോടൊപ്പം വിദ്യാർത്ഥികളുടെ പഠനമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ അദ്ദേഹം ശ്രമം ആരംഭിച്ചു.

20 വർഷം മുമ്പ് സെന്റ് ജോസഫ് ഇടവകയുടെ സഹവികാരിയായി സേവനം ചെയ്യുമ്പോൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ അദ്ദേഹം മനസിലാക്കിയതാണ്. എന്നാൽ, നീണ്ട വർഷങ്ങൾക്കുശേഷം ഇടവകയുടെ വികാരിയായി എത്തിയപ്പോഴും വിദ്യാഭ്യാസ മേഖലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന സത്യം തിരിച്ചറിഞ്ഞത്. ഒരു വിദ്യാർത്ഥിക്ക് ട്യൂഷനുവേണ്ടി 500 രൂപയാണ് ചെലവ്. എസ്റ്റേറ്റ് തൊഴിലാളികൾക്ക് അതിനായി പണം മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് അറിയാവുന്ന ഫാ. മിഞ്ച് സലേഷ്യൻ വൈദികരുടെ നേതൃത്വത്തിൽ ഗുവഹത്തിയിൽ പ്രവർത്തിക്കുന്ന 'ബോസ്‌കോ റീച്ച് ഔട്ട്' എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വൈകുന്നേരം രണ്ട് മണിക്കൂർ ക്ലാസ് ഏർപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ട്യൂഷൻ ഫീസ് ഈ സന്നദ്ധസംഘടനയാണ് വഹിക്കുന്നത്. ആരും വിശന്നൊട്ടിയ വയറുമായി വൈകുന്നേരം ക്ലാസിൽ ഇരിക്കരുതെന്ന് നിർബന്ധവും ഈ വൈദികനുണ്ടായിരുന്നു. അതുകൊണ്ട് വൈകുന്നേരം സ്‌കൂളിൽനിന്ന് ഭക്ഷണവും നൽകും. പദ്ധതി പ്രഖ്യാപിച്ചപ്പോൾ വലിയ പ്രതികരണമാണ് സമൂഹത്തിൽനിന്നും ലഭിച്ചത്. 350 കുട്ടികളാണ് ഈ പദ്ധതിയിലൂടെ 10-ാം ക്ലാസിൽനിന്നും വിജയിക്കുവാനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

Source: Sunday Shalom