News >> ജയിലുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഭോപ്പാൽ അതിരൂപത വിപുലീകരിക്കുന്നു
തടവുകാരെ നന്മയുടെ വഴികളിലേക്ക് എത്തിക്കുകയും അവർക്ക് ആത്മീയവും ഭൗതികവുമായ സഹായങ്ങൾ നൽകി ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഭോപ്പാൽ: എല്ലാവരും അകറ്റിനിർത്തിയിരിക്കുന്ന ജയിൽപ്പുള്ളികളെ തേടി ഭോപ്പാൽ അതിരൂപതയിലെ വൈദികർ എത്തുന്നു. തടവുകാരെ നന്മയുടെ വഴികളിലേക്ക് എത്തിക്കുകയും അവർക്ക് ആത്മീയവും ഭൗതികവുമായ സഹായങ്ങൾ നൽകി ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം തടവുകാരുടെ കുടുംബങ്ങളെ സഹായിക്കുകയും, കുറ്റകൃത്യങ്ങൾക്ക് ഇരകളാക്കപ്പെടുകയും ചെയ്തവരെ സഹായിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രതികളും ഇരകളും തമ്മിൽ നിലനില്ക്കുന്ന ശത്രുത അവസാനിപ്പിച്ച് മനസിന്റെ മുറിവുകൾ അകറ്റുന്നതും പദ്ധതി വിഭാവനം ചെയ്യുന്നു. ഭോപ്പാലിലെ സെൻട്രൽ ജയിലിൽ രണ്ട് വൈദികരുടെ സേവനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ജയിൽ അധികൃതരുടെ അനുവാദവും വാങ്ങിയിട്ടുണ്ട്. ജയിൽപ്പുള്ളികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നിരവധി പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.സെമിനാറുകൾ, സാക്ഷരതാ ക്ലാസുകൾ, മറ്റുവിധത്തിലുള്ള പരിശീലനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും. ദിപാവലി, ഹോളി, ക്രിസ്മസ്, രക്ഷാബന്ധൻ വനിതാദിനം തുടങ്ങിയ ആഘോഷങ്ങളിൽ അവർക്കായി വിവിധ മത്സരങ്ങൾ നടത്തുന്നതിനും പദ്ധതി ഒരുക്കിയിട്ടുണ്ട്.കുറ്റപ്പെടുത്തലിന്റെയും ഒറ്റപ്പെടലിന്റെയും ലോകത്തുനിന്ന് അനുരഞ്ജനത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും മധ്യത്തിലേക്ക് അവരെ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ഭോപ്പാൽ അതിരൂപതാധ്യക്ഷൻ ഡോ. ലിയോ കൊർണേലിയോ പറഞ്ഞു. ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്ന് പുറത്തിറങ്ങുമ്പോൾ മാറ്റംവന്ന് ശരികളുടെ ലോകത്തിലൂടെ സഞ്ചരിക്കുന്നവരാകണമെന്നാണ് ലക്ഷ്യം. എന്നാൽ പലപ്പോഴും ജയിലുകൾ ആ ലക്ഷ്യത്തിലേക്ക് എത്തുന്നില്ല; ഡോ. കൊർണേലിയോ ചൂണ്ടിക്കാട്ടുന്നു.Source: Sunday Shalom