News >> ശുശ്രൂഷകളെ സമന്വയിപ്പിച്ചു സഭയെ ശക്തിപ്പെടുത്തുക: മാർ ആലഞ്ചേരി
കൊച്ചി: വിവിധ തലങ്ങളിലുള്ള ശുശ്രൂഷകളെ കൂട്ടായ്മയോടെ സമന്വയിപ്പിച്ചു സഭയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ പേപ്പൽ ചാപ്ലയിനായി നിയമിച്ച എറണാകുളം-അങ്കമാലി അതിരൂപത പ്രോ വികാരി ജനറാൾ (സിഞ്ചെല്ലൂസ്) റവ.ഡോ. ആന്റണി നരികുളത്തിനു, നിയമനപത്രികയും സ്ഥാനചിഹ്നവും കൈമാറിയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.സഭയിലെ എല്ലാ ശുശ്രൂഷകരും ദൈവത്തിനു മുമ്പിൽ തുല്യരാണ്. വൈദികരും സമർപ്പിതരും അല്മായരും ചെയ്യുന്ന ശുശ്രൂഷകളെ ഏകോപിപ്പിച്ചു കൂട്ടായ്മ ശക്തിപ്പെടുത്തണം. എറണാകുളം-അങ്കമാലി അതിരൂപത വലിയ കെട്ടുറപ്പിലും കൂട്ടായ്മയിലും വളർന്നുകൊണ്ടിരിക്കുകയാണ്. റവ.ഡോ. ആന്റണി നരികുളത്തിനു ലഭിച്ച മോൺസിഞോർ പദവിയിൽ അതിരൂപതയ്ക്കും സഭ മുഴുവനും സന്തോഷം പകരുന്നതാണ്. തന്റെ ശുശ്രൂഷയിൽ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള മോൺസിഞ്ഞോർ നരികുളം സവിശേഷമായ രംഗങ്ങളിൽ സമർപ്പണമനോഭാവത്തോടെ ശ്രദ്ധേയമായ സേവനം നിർവഹിച്ചിട്ടുണ്ട്. കർദിനാൾ പാറേക്കാട്ടിലിന്റെ രചനകളും പ്രസംഗങ്ങളും സമാഹരിച്ചു പ്രസിദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്യമം അതിരൂപതയുടെ ചരിത്രത്തോടുള്ള നീതിയാണെന്നും കർദിനാൾ പറഞ്ഞു.എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പാരിഷ് ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ വത്തിക്കാനിൽനിന്നുള്ള നിയമനപത്രിക കർദിനാൾ വായിച്ചു മോൺ. നരികുളത്തിനു കൈമാറി. സ്ഥാനചിഹ്നമായ അരപ്പട്ട കർദിനാൾ അണിയിച്ചു. ബിഷപ് മാർ സെബാസ്റ്റിയൻ എടയന്ത്രത്ത് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ ബൊക്കെ നൽകി. ബിഷപ് മാർ തോമസ് ചക്യത്ത്, പ്രോ വികാരി ജനറാൾ മോൺ. സെബാസ്റ്റിയൻ വടക്കുംപാടൻ, ചാൻസലർ റവ.ഡോ. ജോസ് പൊള്ളയിൽ, പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവ, സിഎസ്ടി പ്രൊവിൻഷ്യൽ ഫാ. സജി കണിയാങ്കൽ, സിഎംസി പ്രൊവിൻഷ്യൽ സിസ്റ്റർ ശുഭ മരിയ, മത്തായി കോലഞ്ചേരി എന്നിവർ പ്രസംഗിച്ചു. ആരാധനാ സന്യസ്ത സഭാംഗങ്ങൾ ആശംസാഗാനം ആലപിച്ചു.കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിനെക്കുറിച്ചു മോൺ. നരികുളം തയാറാക്കിയ ഗ്രന്ഥം ബിഷപ് മാർ തോമസ് ചക്യത്തിനു നൽകി മേജർ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു. അതിരൂപതയിലെ പാരിഷ് ഓട്ടോമേഷൻ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.നേരത്തെ ബസിലിക്കയിൽ ബിഷപ് മാർ തോമസ് ചക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് വചനസന്ദേശം നൽകി. മുറിവുകളേൽക്കുമ്പോഴും മറ്റുള്ളവരുടെ വേദനകളിൽ ആശ്വാസം പകരാനുള്ള വിളി നിറവേറ്റുന്നതാണു ക്രിസ്തീയദൗത്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്വന്തം മുറിവുകളിലൂടെ മറ്റുള്ളവരെ സുഖപ്പെടുത്തുന്നവരാവണം. പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളിൽ ക്രിസ്തു ഇടപെടുമെന്നു പ്രത്യാശിക്കാൻ നമുക്കു സാധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.മാർ ജോസ് പുത്തൻവീട്ടിൽ, മോൺ. ആന്റണി നരികുളം, മോൺ. സെബാസ്റ്റിയൻ വടക്കുംപാടൻ, മംഗലപ്പുഴ സെമിനാരി റെക്ടർ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, കാർമൽഗിരി സെമിനാരി റെക്ടർ റവ.ഡോ. ജേക്കബ് പ്രസാദ് എന്നിവർ മുഖ്യ സഹകാർമികരായി. അതിരൂപതയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും മോൺ. നരികുളത്തിന്റെ കുടുംബാംഗങ്ങളും ഇടവകാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുത്തു.Source: Sunday Shalom