News >> ദുരിത കാലങ്ങളിലെല്ലാം ദെവം കൈപിടിച്ചു നടത്തി..
പിന്നിട്ട വഴികൾ എനിക്കെങ്ങനെ മറക്കാൻ കഴിയും? കാരണം അത്രമാത്രം സങ്കീർണ്ണമായ വഴികളിലൂടെയാണ് ഞാൻ പോയത്. വടക്കൻ മാറാടി മാർ ഗ്രിഗോറിയോസ് ദൈവാലയത്തിൽ വർഷങ്ങളോളം ദൈവാലയമണി മുഴക്കിയ കാലം. പഠനച്ചെലവുകൾക്ക് ആവശ്യമായ പണം കണ്ടെത്താൻ വേണ്ടിയായിരുന്നു അത്.പത്തുരൂപയായിരുന്നു വേതനം. അന്നത്തെ ആ പത്തുരൂപയ്ക്ക് വലിയ വിലയുണ്ടായിരുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ചെറിയ ക്ലാസിലെ കുട്ടികൾക്ക് ട്യൂഷനെടുത്തു. അതോടൊപ്പം പുലർച്ചെ നാലുമണിക്ക് എണീറ്റ് പത്രവിതരണം. ഇങ്ങനെ കഷ്ടപ്പെട്ട് ജീവിച്ചതുകൊണ്ടാകാം ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ അധ്യാപകർക്കെല്ലാം എന്നോട് വലിയ കാര്യമായിരുന്നു.അപ്പനും അമ്മയും മൂന്നു മക്കളുമടങ്ങുന്നതായിരുന്നു കുടുംബം. വീട്ടിലെ രണ്ടാമത്തെ മകനാണ് ഞാൻ. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു പ്രത്യേക മാനസിക അവസ്ഥയിൽ വീട്ടിൽനിന്ന് ഒളിച്ചോടാൻ തീരുമാനിച്ചു. ദൂരെ ഏതെങ്കിലും നാട്ടിൽ പോയി എന്തെങ്കിലും ജോലി ചെയ്ത് കഴിയാമെന്ന് കരുതി. ഞാൻ എന്തിനാണ് നാടുവിടുന്നതെന്ന് എനിക്കുതന്നെ അറിയില്ല. പതിവുപോലെ അന്നും ദൈവാലയത്തിൽ പോയി പ്രാർത്ഥിച്ചിട്ടാണ് ഇറങ്ങിയത്. സ്‌കൂളിനടുത്താണ് അധ്യാപികമാരായ സിസ്റ്റേഴ്‌സിന്റെ കോൺവെന്റ്. അവസാനമായി അവരെക്കൂടി ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി അവിടെച്ചെന്നു. എനിക്ക് താങ്ങും തണലുമായിരുന്നു അവർ."ഇന്ന് ഞായറാഴ്ചയല്ലേ നീ എന്തിനാണ് ഇന്ന് സ്‌കൂളിൽ വന്നത്?" എന്ന് സിസ്റ്റർ അലോഷ്യസ് എന്നോട് ചോദിച്ചു. അപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാനായില്ല. ഞാൻ പൊട്ടിക്കരഞ്ഞ് എന്റെ വിഷമം മുഴുവൻ സിസ്റ്ററോട് പറഞ്ഞു. സിസ്റ്ററിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. പിന്നീട് സ്‌കൂൾ പൂട്ടുംവരെ സ്‌കൂൾ മുറിയിൽ താമസിക്കാനും മഠത്തിൽനിന്ന് ഭക്ഷണം കഴിക്കാനും സിസ്റ്റേഴ്‌സ് എന്നെ അനുവദിച്ചു.ക്ലാസ്മുറിയിലെ ബൾബിന്റെ ഇത്തിരിവെട്ടം പഠിക്കാൻ മതിയാകുമായിരുന്നില്ല. വെളിച്ചത്തിനായി ഡെസ്‌ക്കുകൾ നിരത്തിയിട്ട് അതിനു മുകളിൽ ബഞ്ച് അടുക്കിയിടും. അതിന് മീതെ ടീച്ചറിന്റെ കസേര ഇട്ട് കയറിയിരിക്കും. ആ വെളിച്ചത്തിലായിരുന്നു പത്താംക്ലാസിലെ പഠനം. ഏതായാലും ദൈവത്തിന്റെ ഹിതം ഞാൻ ഇങ്ങനെയൊക്കെ ആകണമെന്നായിരിക്കും. അതാകണം അന്നത്തെ ഒളിച്ചോട്ടത്തിൽനിന്ന് ദൈവം എന്നെ സിസ്റ്റേഴ്‌സിലൂടെ പിന്തിരിപ്പിച്ചതെന്ന് തോന്നുന്നു.ദൈവാലയത്തിൽ പളളിമണി അടിക്കാൻ മാത്രം നിയോഗിക്കപ്പെട്ടിരുന്ന എന്നെ ദൈവം പിന്നീട് ദൈവാലയത്തിലെ ക്ലർക്ക്, സെക്രട്ടറി എന്നീ ജോലികൾക്ക് നിയോഗിച്ചു. അന്നും ഇന്നും സത്യസന്ധതയോടും വിശ്വസ്തതയോടും കൂടി നിലനിൽക്കാൻ ദൈവം എന്നെ ഓർമ്മിപ്പിച്ചു. കോളജ് പഠനകാലത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഉറുമ്പ് അരിമണി കൂട്ടുന്നതുപോലെ കിട്ടിയ കാശ് പാഴാക്കാതെ സ്വരൂപിച്ച് ഒരു ഓട്ടോറിക്ഷാ സ്വന്തമായി വാങ്ങി. അതിൽനിന്നുള്ള ലാഭംമാറ്റിവെച്ച് പിന്നീട് ആറ് ഓട്ടോകൾ വാങ്ങാൻ കർത്താവ് കൃപ നൽകി.പ്രതികൂല സാഹചര്യങ്ങളിൽ എന്നെ താങ്ങി വഴിനടത്തുന്ന ദൈവത്തിന്റെ കൃപ ഞാൻ ആവോളം അനുഭവിച്ചിട്ടുണ്ട്. ഡിഗ്രി പരീക്ഷാകാലത്ത് ദൈവാലയത്തിലിരുന്നായിരുന്നു പഠിച്ചത്. അന്ന് നല്ല ക്ഷീണമുണ്ടായിരുന്നു. പിറ്റേന്ന് സെയിൽടാക്‌സിന്റെ പരീക്ഷയാണ്. ഗൈഡ് തുറന്നുവച്ചതേ ഓർമയുള്ളൂ.വെളുപ്പിന് മൂന്നു മണിക്ക് ഉറക്കമുണർന്നു. പുസ്തകം ഒന്നും വായിച്ചിട്ടില്ല. ദൈവമേ പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങൾ എനിക്ക് കാട്ടിത്തരണമേ എന്ന് പ്രാർത്ഥിച്ച് ഒറ്റവായന. അന്ന് ചോദ്യപേപ്പർ കൈയിൽ കിട്ടിയപ്പോൾ അത്ഭുതപ്പെട്ടു. ദൈവം പ്രാർത്ഥന കേട്ടിരിക്കുന്നു. ആഗ്രഹിച്ചതിന് അപ്പുറം ദൈവം നൽകി.ചെറുപ്പം മുതലേ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നു. മൂവാറ്റുപുഴ നിർമ്മല കോളജിൽ ഡിഗ്രി മുതൽ എം.കോം വരെയുള്ള അഞ്ചുവർഷം യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിഞ്ഞു. തിരുവനന്തപുരം ലോ കോളജിലായിരുന്നു എൽ.എൽ.ബി പഠനം. ഈ സമയം നേതാക്കളുമായി അടുത്തിടപെടാനും കഴിഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിന് രാഹുൽഗാന്ധി നടത്തിയ ടാലന്റ് സേർച്ചിൽ ദൈവം എന്നെയും തിരഞ്ഞെടുത്തു. ഒരു നല്ല സംഘാടകനായി കഴിവ് തെളിയിക്കാൻ സാധിച്ചതും ദൈവകൃപയാണ്. ജില്ലാപഞ്ചായത്തിൽ മത്സരിക്കാനും വിജയിക്കാനും ഇടയായത് ദൈവത്തിന്റെ അനുഗ്രഹം. എറണാകുളം ജില്ലാ പഞ്ചായത്തിനെ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് സാധിച്ചു. അങ്ങനെ നോക്കുമ്പോൾ എന്റെ കഴിവല്ല, ദൈവത്തിന്റെ നടത്തിപ്പ് മാത്രം.സുതാര്യമായ ജീവിതമാണ് എന്റെ ലക്ഷ്യം. ഒരു ജനപ്രതിനിധിയിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് നൽകുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു നല്ല മാതൃകയായി സമൂഹത്തിൽ നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. അതിന് ദൈവാനുഗ്രഹം ആവശ്യമാണ്. പാവപ്പെട്ടവരുടെയും ദുഃഖിതരുടെയും കണ്ണീർ ഒപ്പുന്നതിന് ശ്രമിക്കുകയാണ്. ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ കണ്ണീരും വേദനയും തിരിച്ചറിഞ്ഞ് സഹായിക്കുക എന്നതാണ് ഒരു ക്രൈസ്തവനെ സംബന്ധിച്ച് മഹത്തായ കാര്യം.
എൽദോസ് കുന്നപ്പിള്ളി MLA(പെരുമ്പാവൂർ)Source: Sunday Shalom