News >> മാനസികവൈകല്യമുള്ളവര്‍ക്ക് കൗദാശികജീവിതം നിഷേധിക്കപ്പെടരുത്


ഏറ്റം ഗുരുതരമായ അംഗവൈകല്യം സംഭവിച്ചിട്ടുള്ളവരുടെ പോലും വിശ്വാസ പരിശീലനത്തെയും അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ അവര്‍ ഓജസുറ്റ വ്യക്തികളാണെന്ന് കരുതേണ്ടതിനെയും കുറിച്ച് അവബോധം പുലര്‍ത്തേണ്ടതിന്‍റെ അനിവാര്യത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

     ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാരുടെ സമിതി, CEI, അംഗവൈകല്യമുള്ളവര്‍ക്കായുള്ള മതബോധനകാര്യാലയവിഭാഗം സ്ഥാപിച്ചിതിന്‍റെ  രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ 650 ഓളം പേരുടെ ഒരു സംഘത്തെ  വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, ശനിയാഴ്ച (11/06/16)പൊതുവായി സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     ശാരീരിക-മാനസികവൈകല്യമുള്ളവര്‍ക്കായുള്ള അജപാലനത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇനിയും മുന്നേറേണ്ടതായിട്ടുണ്ടെന്നും  അവരുടെ പ്രേഷിത-അപ്പസ്തോലിക ത്രാണിയും, അതിലുപരി, വ്യക്തികളും സഭാഗാത്രത്തിലെ സജീവാംഗങ്ങളുമെന്ന നിലയില്‍ അവരുടെ സാന്നിധ്യത്തിന്‍റെ മൂല്യവും തിരിച്ചറിയേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

     നമ്മുടെ ക്രൈസ്തവസമൂഹങ്ങളെ നവീകരിക്കാന്‍ കഴിവുറ്റ നിധികള്‍ ബലഹീനതയിലും ഭംഗുരത്വത്തിലും മറഞ്ഞു കിടക്കുന്നുണ്ടെന്ന് പാപ്പാ അംഗവൈകല്യം സംഭവിച്ചവരെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.

     അംഗവൈകല്യമുള്ളവര്‍ക്ക് ചിലപ്പോള്‍ കൗദാശികജീവിതം നിഷേധിക്കപ്പെടുകപോലും ചെയ്യുന്ന ഖേദകരമായ അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അവരും കൗദാശികജീവിതത്തിന്‍റെ പൂര്‍ണ്ണതയിലേക്കു വിളിക്കപ്പെട്ടവരാണെന്ന് അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു.

     യുക്തികൊണ്ട് മനസ്സിലാക്കേണ്ടതിലുപരി കൂദാശ ഒരു ദാനമാണെന്നും ആരാധനക്രമം ജീവിതമാണെന്നും വിശദീകരിച്ച പാപ്പാ മാമ്മോദീസ സ്വീകരിച്ചി‌ട്ടുള്ള ഓരോ വ്യക്തിക്കും ക്രിസ്തുവിനെ കൂദാശകളിലൂടെ അനുഭവിക്കാന്‍ സാധിക്കുന്നതിനായി ക്രൈസ്തവ സമൂഹം പരിശ്രമിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

Source: Vatican Radio