News >> ശുദ്ധജല ലഭ്യത ആകമാന നരകുലത്തിനു നീതിയുടെ പ്രശ്നം:- പാപ്പാ
ശുദ്ധജല ലഭ്യത കുബേരകുചേല ഭേദമന്യേ ആകമാനനരകുലത്തിനു നീതിയുടെ പ്രശ്നമായി തുടരുന്നുവെന്ന് മാര്‍പ്പാപ്പാ. വത്തിക്കാന്‍റെ വാനനിരീക്ഷണകേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന പതിനഞ്ചാമത് വേനല്‍ക്കാല അന്താരാഷ്ട്ര പഠന ശിബിരത്തില്‍ സംബന്ധിക്കുന്ന നാല്പത്തിയഞ്ചു പേരടങ്ങിയ സംഘത്തിന് ശനിയാഴ്ച (11/06/16) വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ച വേളയിലാണ്, ഈ ശിബിരത്തിന്‍റെ പഠനവിഷയമായ ലോകം നേരിടുന്ന കുടിജലപ്രശ്നത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്. ഭൂമിയില്‍ ജീവന്‍ നില നില്ക്കുന്നതിനും, മനുഷ്യര്‍ക്കും, തൊഴിലിനുമെല്ലാം ജലം എത്രമാത്രം അനിവാര്യമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണെന്നും മഞ്ഞുകണങ്ങള്‍ തൊട്ടു ജലപാതങ്ങള്‍ വരെയും തടാകങ്ങളും നദികളും മുതല്‍ വിശാല സമുദ്രങ്ങള്‍ വരെയുമുള്ള ജലം അതിന്‍റെ ശക്തിയും ഒപ്പം ലാളിത്യവും കൊണ്ട് നമ്മെ വശീകരിക്കുന്നുവെന്നും മഹാ നാഗരികതകളുടെ ഉത്ഭവം തന്നെ നദീതടങ്ങളിലായിരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. ഒരു ശാസ്ത്രജ്ഞന്‍റെ തൊഴില്‍ ഏറെ പരിശ്രമം ആവശ്യമുള്ളതും ആയാസകരവും സുദീര്‍ഘവുമാണെങ്കിലും ആനന്ദത്തിന്‍റെ ഉറവിടമാണെന്ന് പ്രസ്താവിച്ച പാപ്പാ ഈ സന്തോഷം ഊട്ടിവളര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു .Source: Vatican Radio