News >> എയിഡ്സ് തടയാന്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ ബന്ധങ്ങള്‍ പരിപോഷിപ്പിക്കുക


എച്ച് ഐ വി അണുബാധയും എയിഡ്സ് രോഗവും തടയുന്നതിന് അവയുടെ മൂലകാരണങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔസ്സ ചൂണ്ടിക്കാട്ടുന്നു.

     എച്ച് ഐ വി അണുബാധയെയും എയിഡ്സ് രോഗത്തെയും അധികരിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട ഉന്നതതല യോഗത്തെ വെള്ളിയാഴ്ച (10/06/16) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

     എച്ച് ഐ വി അണുബാധയുണ്ടാകത്തക്കതായ അപകടകരമായ പെരുമാറ്റ രീതികള്‍ ഒഴിവാക്കാനും ഉത്തരവാദിത്വപൂര്‍ണ്ണവും ആരോഗ്യകരവുമായ ബന്ധങ്ങളിലേര്‍പ്പെടാനും യുവജനങ്ങളെ പ്രത്യേകിച്ച് ബോധവത്ക്കരിക്കേണ്ടതിന്‍റെ ആവശ്യകത ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔസ്സ  ഊന്നിപ്പറഞ്ഞു.

     ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യ ആഫ്രിക്കയില്‍ ആരോഗ്യ സേവനം സമ്പന്നരായ ചെറുഗണത്തിനു മാത്രമായി പരിണമിച്ചിരിക്കുന്ന അവസ്ഥയ്ക്കെതിരെ വിരല്‍ ചൂണ്ടിയ അദ്ദേഹം ആരോഗ്യസേവനവും ചികിത്സയും മരുന്നുമെല്ലം അനേകരുടെ സ്വപ്നം മാത്രമായി അവശേഷിക്കുന്നുവെന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ അനുസ്മരിക്കുകയും ചെയ്തു.

Source: Vatican Radio