News >> ചെളിപുരണ്ട കരങ്ങൾ നല്ല ഇടയന്റെ അടയാളം


വത്തിക്കാൻ സിറ്റി: നല്ല ഇടയനായ ഈശോയെപ്പോലെ തങ്ങളുടെ സമയം സ്വകാര്യവൽക്കരിക്കുയോ, ഒറ്റയ്ക്ക് വിടാൻ ആവശ്യപ്പെടുകയോ ചെയ്യാതെ നഷ്ടപ്പെട്ട ആടുകൾക്ക് വേണ്ടി എല്ലാം നഷ്ടപ്പെടുത്താൻ തയാറാകുന്നവരാണ് നല്ല വൈദികരെന്ന് ഫ്രാൻസിസ് മാർപാപ്പ. കാരുണ്യവർഷത്തോടനുബന്ധിച്ചുള്ള വൈദികരുടെയും സെമിനാരി വിദ്യാർത്ഥികളുടെയും ജൂബിലിയുടെ സമാപനത്തിൽ അർപ്പിച്ച ദിവ്യബലിയിലാണ് മാർപാപ്പ നല്ല ഇടയൻമാരുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

നല്ല വൈദികർ ആരിൽ നിന്നും മാറി നിൽക്കുകയില്ലെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ ഈശോയുടെ തിരുഹൃദയുവും വൈദികരുടെ ഹൃദയവും ധ്യാനവിഷയമാക്കി. നല്ല ഇടയൻ തന്റെ കൈ ചെളിയിൽ ആഴ്ത്താൻ എപ്പോഴും സന്നദ്ധനായിരിക്കും. യേശുവിന്റെ തിരുഹൃദയം ഏറ്റവും അകലങ്ങളിലായവരെപ്പോലും തേടിയെത്തുന്നു. അവിടേക്കാണ് അവന്റെ കോമ്പസിന്റെ സൂചി എപ്പോഴും തിരിഞ്ഞിരിക്കുന്നത്. അവിടുത്തെ സ്‌നേഹത്തിന്റെ 'ദൗർബല്യ'മാണത്. എല്ലാവരെയും നേടണമെന്നും ആരം നഷ്ടപ്പെടരുതെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.

യേശുവിന്റെ തിരുഹൃദയത്തെ പിന്തുടരുന്ന ഇടയൻ സ്വന്തം 'കംഫർട്ട് സോൺ' സംരക്ഷിക്കാൻ ശ്രമിക്കുകയില്ല. സൽപ്പേര് നിലനിർത്തുന്നതിനെക്കുറിച്ച് അവൻ ബോധവാനല്ല. യേശുവിനെക്കുറിച്ചെന്നപോലെ അവനെതിരെയും ആരോപണങ്ങൾ ഉണ്ടാവും. എന്നാൽ നല്ലിടയൻ വിമർശനങ്ങളെ ഭയപ്പെടാതെ ക്രിസ്തുവിനെ അനുകരിക്കുന്നു. അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ. നല്ലിടയൻ അഭിവാദനങ്ങൾക്കും അഭിനന്ദനങ്ങൾക്കുമായി കാത്തുനിൽക്കുന്നില്ല. വഴിതെറ്റിപ്പോകുന്നവരെ ശാസിക്കാതെ അവരുടെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പരിഹരിച്ച് തിരികെ കൊണ്ടുവരുന്നു. അവന്റെ സ്ഥായിഭാവം ദുഃഖമല്ല. മറിച്ച് അത് ഒരു ചവിട്ടുപടി മാത്രമാണ്. പാരുഷ്യം അവന് അന്യമാണ്. കാരണം അവന്റെ ഹൃദയം തിരുഹൃദയത്തോട് ചേർന്നിരിക്കുന്നു; പാപ്പ വിശദീകരിച്ചു

ദൗർബല്യങ്ങൾക്കും പാപങ്ങൾക്കും എല്ലാവരും വശംവദരരാണെന്ന് പാപ്പ പറഞ്ഞു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് പോവുക. എവിടെയാണ് പാപത്തിന്റെയും ദൗർബല്യത്തിന്റെയും വേരുകൾ? കർത്താവിൽ നിന്ന് നമ്മെ അകറ്റുന്ന നിധി ഏതാണ്? നൈന്മേഷികമായ ആഗ്രഹങ്ങളിലും സുഖങ്ങളിലും ആടുന്ന ചഞ്ചലഹൃദമുളളവരല്ല നല്ല വൈദികർ. പാപങ്ങൾക്ക് നടുവിലും അവർ ദൈവത്തിൽ ഹൃദയം ഉറപ്പിച്ചിരിക്കുന്നു; പാപ്പ വിശദീകരിച്ചു.

Source: Sunday Shalom