News >> ഏറ്റവും ദുർബലരായവരെ പരിഗണിക്കണം


ജുജുയ്,അർജന്റീന: നിരവധി ഫാക്ടറികൾ അടച്ചുപൂട്ടിയതുമൂലം തൊഴിലില്ലായ്മയും കഠിമായ ദാരിദ്ര്യവും രൂക്ഷമായ ജുജുയയിൽ ഏറ്റവും ദുർബലരായവരുടെ കാര്യത്തിൽ അടിയന്തിരമായി ശ്രദ്ധ ചെലുത്തണമെന്ന് ബിഷപ് സീസർ ഡാനിയൽ ഫെർണാണ്ടസ് ആവശ്യപ്പെട്ടു. ബൊളീവിയയും ചിലിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ജുജുയ്.

ആവശ്യങ്ങൾ വർദ്ധിച്ചുവരുന്ന ഈ സമയത്ത് കാരിത്താസിന്റെ പ്രവർത്തനങ്ങളിലൂടെയും ഇടവക തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിലൂടെയും സഭയുടെ പിന്തുണ ബിഷപ് വാഗ്ദാനം ചെയ്തു. ഗവർണർ ഗെറാർഡൊ മൊറാലസുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു ബിഷപ്. തൊഴിലിന്റെ രൂപത്തിലോ കുടുംബങ്ങൾക്കുള്ള സഹായത്തിന്റെ രൂപത്തിലോ നല്ല വാർത്തകൾ എത്തുമെന്ന് ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് പ്രതിസന്ധി മറികടക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Source: Sunday Shalom