News >> ഡീക്കൻ പദവിയിലേക്ക് ജോയിസ് നടന്നു കയറിയ വഴികൾ
കൊച്ചി: സീറോമലബാർ സഭയിൽ അടുത്തനാളിൽ ഡീക്കൻ പദവി ലഭിച്ച ജോയ്‌സ് ജയിംസ് ചെറുപ്പത്തിലെ പ്രാർത്ഥനയിൽ തീക്ഷ്ണതയുള്ള വ്യക്തിയായിരുന്നു.കോതമംഗലം രൂപതയിലെ മുതലക്കോടം സെന്റ് ജോർജ് ഫൊറോന ഇടവകാംഗമായ പള്ളിക്കമ്യാലിൽ ജയിംസ്- ഫിലോമിനയുടെ നാലാമത്തെ മകനാണ് ജോയിസ്. 'അച്ചൻകുഞ്ഞ്' എന്നായിരുന്നു കുടുംബാംഗങ്ങൾ അദേഹത്തെ വിളിച്ചത്. ഭക്തസംഘടനകളിൽ സജീവമായിരുന്നു. മാതാപിതാക്കളുടെ മാതൃകാജീവിതവും പ്രാർത്ഥനകളും വൈദികരും സന്യസ്തരുമായ ബന്ധുക്കളുടെ സ്വാധീനവും സഭാസേവനത്തിന് പ്രേരണയായിത്തീർന്നുവെന്ന് പെർമനന്റ് ഡീക്കൻപട്ടം സ്വീകരിച്ചശേഷം നൽകിയ അഭിമുഖത്തിൽ അദേഹം
സൺഡേ ശാലോമിനോട് പറഞ്ഞു.സെമിനാരിയിൽ പോയിരുന്നോ?' എന്ന ചോദ്യത്തിന് 'അതിന് അവസരം ലഭിച്ചില്ല.' എന്നായിരുന്നു മറുപടി. 'അഞ്ചാം ക്ലാസുമുതൽ ഡിഗ്രിവരെ ഒപ്പം കൂടെ പഠിച്ച ഇടവകാംഗംകൂടിയായ പൊരിയത്ത് ജോസ്-മേഴ്‌സി ദമ്പതികളുടെ മകൾ ജിബിയെയാണ് വിവാഹം ചെയ്തത്. ഡിഗ്രിക്കുശേഷം ലണ്ടനിൽ കുടുംബതാമസം ആരംഭിച്ചു. എം.ബി.എ നേടിയശേഷം ലണ്ടനിൽ 11 വർഷം സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് സയൻസ് എന്ന വിദ്യാഭ്യാസസ്ഥാപനം നടത്തി. പ്രശസ്തമായവിധം നടത്തിയ ആ സ്ഥാപനം യൂണിവേഴ്‌സിറ്റിക്ക് വിട്ടുകൊടുത്തു.'

ലണ്ടനിലെ 'സതക്' അതിരൂപതയിൽ വിവിധ ശുശ്രൂഷകളിൽ സജീവമായ ജോയ്‌സിന്റെ സേവനം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. മതാധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് മതാധ്യാപക പരിശീലകനും വചനപ്രഘോഷകനുമായി അറിയപ്പെട്ടു. വയോവൃദ്ധരായശേഷം ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്നവരെ ഒരുക്കുവാനും അവർക്കുവേണ്ട ശുശ്രൂഷ ചെയ്യുവാനും അദ്ദേഹം നിയോഗിക്കപ്പെട്ടു. സാമൂഹ്യ ജീവകാരുണ്യ മേഖലയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സജീവമായിരുന്നു.സീറോ മലബാർ സഭയുടെ പ്രവാസികാര്യ കമ്മീഷനുമായി സഹകരിച്ച് ലണ്ടനിലെ വിവിധ ശുശ്രൂഷകളിൽ സഹകരിക്കുവാനും അല്മായ പ്രസ്ഥാനങ്ങളെ സംഘടിപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. വൈദികർക്ക് വിശ്വസ്തനായ സഹായിയും മിഷൻമേഖലകളിൽ വഴികാട്ടിയുമായിരുന്നു നാലു മക്കളുടെ പിതാവായ ഈ മുപ്പത്തിയെട്ടുകാരൻ. ചെറുപ്പത്തിലെ ദൈവവിളിക്കുവേണ്ടി പ്രാർത്ഥിക്കുകയും സഭയെ സ്‌നേഹിക്കുകയും ചെയ്ത തനിക്ക് സ്ഥിരം ഡീക്കനായി പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് ഭാര്യ ജിബിയോടാണ് ആദ്യം പറഞ്ഞു.ആദ്യം അമ്പരന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ തീക്ഷ്ണതയും സഭാസ്‌നേഹവും മനസിലാക്കിയപ്പോൾ അന്ന് മൂന്ന് മക്കളുടെ മാതാവായ ജിബി സമ്മതം നൽകി. പിന്നീട് ഈ ആഗ്രഹം മാർ സെബാസ്റ്റ്യൻ വടക്കേലുമായി ചർച്ച ചെയ്തു. എന്നാൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവുമൊത്ത് കാറിൽ യാത്ര ചെയ്തപ്പോഴാണ് വ്യക്തമായ തീരുമാനം എടുത്തത്. നേരത്തെതന്നെ ചെറുപ്പക്കാരനും കുടുംബനാഥനുമായ ജോയ്‌സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വടക്കേൽ പിതാവിൽനിന്നും വൈദികരിൽനിന്നും കർദിനാൾ മാർ ആലഞ്ചേരി അറിഞ്ഞിരുന്നു. അദേഹത്തിന്റെ നിർദേശപ്രകാരമാണ് മാർ സെബാസ്റ്റ്യൻ വടക്കേലുമായി ആലോചിച്ച് സെമിനാരിയിൽ ചേരുന്നത്.

ഉജ്ജൈയിനിലെയും ലണ്ടനിലെയും അഞ്ചു വർഷത്തെ പഠനത്തിനുശേഷമാണ് പെർമനന്റ് ഡീക്കനായി നിയോഗിക്കപ്പെട്ടത്. "ദൈവം വിളിച്ചു. കുടുംബജീവിതത്തിലൂടെ നല്ല ഭാര്യയെയും നാലു മക്കളെയും കർത്താവ് തന്ന് അനുഗ്രഹിച്ചു. കുടുംബജീവിതത്തോടൊപ്പം സഭയോടൊപ്പം പ്രവർത്തിച്ചു. ഇനി ഔദ്യോഗികമായി കൂടുതൽ സമയം പ്രവർത്തിക്കാൻ സമയവും സാഹചര്യവും കണ്ടെത്തും. പ്രഥമ പരിഗണന സഭാസേവനത്തിന്. പിന്നെ കുടുംബം."ഈശോയ്ക്കുവേണ്ടി ജീവിക്കുവാൻ, വചനം പ്രഘോഷിക്കുവാൻ, സാക്ഷ്യജീവിതം നയിക്കാൻ നമുക്കെല്ലാം ബാധ്യത ഉണ്ട്. സഭയുടെ ഔദ്യോഗിക അംഗീകാരം എനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്."
സ്ഥിരം ഡീക്കൻ നിയമനത്തിലൂടെ കൂടുതൽ വ്യക്തികളും ദമ്പതികളും പ്രവാസിലോകത്തും മിഷൻ രൂപതകളിലും സഭ സജീവമാക്കുമെന്നും അനേകർ ഈ വഴി വരുമെന്നും പ്രതീക്ഷിക്കാം. ഒത്തിരി ആഹ്ലാദത്തോടെയാണ് ഭാര്യ ജിബിയും മക്കളും മാതാപിതാക്കളും സഹോദരങ്ങളും ചടങ്ങിൽ സംബന്ധിച്ചത്.Source: Sunday Shalom