News >> ക്രിസ്തുവിലുളള വിശ്വാസമാണ് ഞങ്ങളെ ദളിത് ക്രൈസ്തവരാക്കിയത്
ചെന്നൈ: ദളിത് ക്രൈസ്തവരുടെ കാര്യത്തിൽ മാറിമാറിവരുന്ന സർക്കാരുകൾ കാട്ടുന്ന അവഗണനയിൽ തമിഴ്‌നാട്ടിലെ ദളിത് ക്രൈസ്തവർ ശക്തമായി പ്രതിഷേധിച്ചു. ക്രിസ്തുവിലുള്ള വിശ്വാസവും സാമുദായിക അവഗണന മാറ്റുന്നതിനും വേണ്ടിയുമാണ് തമിഴ്‌നാട്ടിൽ ദളിത് വിഭാഗങ്ങൾ ക്രിസ്തുമത വിശ്വാസികളായത്. എന്നാൽ സർക്കാരിൽ നിന്നും സമൂഹത്തിൽ നിന്നും ക്രൈസ്തവസഭയിൽ നിന്നുപോലും ആവശ്യമായ അംഗീകാരം ലഭിക്കുന്നില്ലെന്ന് തമിഴ്‌നാട്ടിലെ ദളിത് ക്രൈസ്തവരെക്കുറിച്ചുള്ള പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദളിത് ക്രൈസ്തവരെപ്പറ്റി തമിഴ്‌നാട്ടിൽ നിന്നും പ്രസിദ്ധീകരിച്ച 'തടം തേടി' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കപ്പെടുന്നത്. തമിഴ്‌നാട്ടിലെ 39,64,360 കത്തോലിക്കരിൽ 22,40,726 പേർ ദളിത് ക്രൈസ്തവരാണ്. എന്നാൽ പ്രത്യക്ഷമായും പരോക്ഷമായും ഇവർ അവഗണിക്കപ്പെടുന്നു.ദളിത് ക്രൈസ്തവ സംരക്ഷണസമിതി കൺവീനർ ഫാ. ജോൺ സുരേഷിന്റെ അഭിപ്രായത്തിൽ ദളിത് വിഭാഗക്കാർ ക്രിസ്തുമതം സ്വീകരിച്ചതുവഴി ഭൂരിപക്ഷം പേർക്കും വ്യക്തി സ്വാതന്ത്ര്യവും സാമ്പത്തിക ഉന്നമനവും ഉണ്ടായി. വിവിധ മേഖലകളിൽ കത്തോലിക്ക സഭ ഇവരെ പിന്തുണയ്ക്കുന്നു. പ്രത്യേകിച്ച് വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളിൽ. എന്നാൽ കേന്ദ്രസർക്കാരിന്റെ ചില നയപരമായ തീരുമാനങ്ങളാണ് ഇവരെ രണ്ടാംതര പൗരന്മാരായി കാണുന്നതിന് ഇടയാക്കുന്നതെന്ന് ഫാ. ജോൺ പറയുന്നു.ചില സ്ഥലങ്ങളിൽ ദളിത് ക്രൈസ്തവർക്ക് സമൂഹത്തിന്റെ ഇടപെടൽ മൂലം പ്രത്യേക സെമിത്തേരികൾ നൽകിയിരിക്കുന്നു. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് പ്രത്യേക വാഹനവമുണ്ട്. തമിഴ്‌നാട്ടിലെ പുണൈവനം, റായപ്പൻപെട്ടി, ചിത്തിലച്ചേരി, ഹനുമന്തൻപെട്ടി, പുത്തുംപാടി, പൂണ്ടി, ഇരയൂർ മുതലായ സ്ഥലങ്ങളിൽ ദളിത് ക്രൈസ്തവ പ്രശ്‌നത്തെപ്പറ്റി ന്യൂനപക്ഷ കമ്മീഷനിൽ പരാതി ലഭിക്കുകയുണ്ടായി. ഇരയൂരിൽ 2008-ൽ ഈ പ്രശ്‌നത്തെച്ചൊല്ലി പോലിസ് വെടിവയ്പ്പുവരെ നടന്നു. 2011-ലെ സെൻസസ് അനുസരിച്ച് തമിഴ്‌നാട്ടിൽ ക്രൈസ്തവർ 6.12 ശതമാനമാണ്. ഇവരിൽ 60 മുതൽ 85 ശതമാനംവരെ ദളിത് ക്രൈസ്തവരാണ്.1950-ൽ ഇന്ത്യൻ പ്രസിഡന്റ് ഇറക്കിയ ഉത്തരവിൻപ്രകാരം പിന്നാക്ക സമുദായസംവരണം ഹിന്ദു, സിക്ക്, ബുദ്ധമതം എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. 1956-ലെ ഉത്തരവിൻപ്രകാരം പിന്നാക്ക സംവരണാനുകൂല്യം ദലിത്- സിക്കു മതക്കാർക്കും 1990-ലെ ഉത്തരിൻപ്രകാരം ലഭിച്ചു. എന്നാൽ ദളിത് ക്രൈസ്തവരെ അപ്പോഴെല്ലാം ഒഴിവാക്കുകയായിരുന്നു.ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷനും സച്ചാർ കമ്മിറ്റിയും ദളിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തതാണ്. എന്നാൽ മാറി മാറി വരുന്ന ഭരണകൂടങ്ങൾ ദളിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യം നൽകാമെന്ന് പ്രഖ്യാപിക്കുകയും അധികാരത്തിലേറിക്കഴിയുമ്പോൾ അവഗണിക്കുകയുമാണ് ചെയ്യുന്നത്. അതിനവർ പറയുന്ന കാരണം ദളിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യം നൽകിയാൽ പിന്നാക്ക വിഭാഗത്തിലുള്ളവർ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കും എന്നതാണ്. ഇത് ഹിന്ദുമതത്തിന് ഒരു ഭീഷണിയായി മാറുമെന്ന് ആരൊക്കെയോ ഭയപ്പെടുന്നതായും ഫാ. ജോൺ സുരേഷ് സൂചിപ്പിച്ചു.Source; Sunday Shalom