News >> മിയാവ് രൂപത പത്താംവർഷത്തിൽ


അരുണാചൽപ്രദേശ്: 20-ാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ ക്രിസ്ത്യാനികൾക്ക് കടന്നുചെല്ലാൻ കഴിയാതിരുന്ന അരുണാചൽപ്രദേശിലെ മിയാവൂ രൂപത 10-ാം വാർഷികം ആഘോഷിച്ചു. 2005 ഡിസംബർ ഏഴിനാണ് രൂപത സ്ഥാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ പ്രഖ്യാപനം വന്നത്. 2006 ഫെബ്രുവരി 26-നാണ് ബിഷപ് ഡോ. ജോർജ് പള്ളിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. 10-ാം വാർഷികത്തോടും കരുണയുടെ വർഷത്തോടും അനുബന്ധിച്ച് ടിൻസുകിയയിലെ ക്രിസ്തുജ്യോതി നിവാസിൽ രൂപതയിലെ വൈദികർക്കായി ഏകദിന സെമിനാർ നടത്തി. ദൈവപിതാവിനെപ്പോലെ കാരുണ്യമായിരിക്കണം വൈദികരുടെ അടിസ്ഥാനഭാവമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഡോ. പള്ളിപ്പറമ്പിൽ പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് യുവജനങ്ങൾക്കായുള്ള മൂന്ന് ദിവസത്തെ കൺവൻഷൻ നടത്തി. 900 പേർ പങ്കെടുത്തു.

19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഫ്രഞ്ച് മിഷനറമാരായ ഫാ. ക്രിക്ക്, ഫാ. ബറി എന്നിവർ ടിബറ്റിലേക്കുള്ള യാത്രാമധ്യേ അവിടെ എത്തിയത്. ലോഹിക് ജില്ലയിലെ സോം ഗ്രാമത്തിൽവച്ച് 1854 രണ്ടു പേരും രക്തസാക്ഷികളായി. 1922-ലാണ് സലേഷ്യൻ മിഷനറിമാർ അസമിൽ എത്തിയത്. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുള്ള മിഷൻ പ്രവർത്തനങ്ങൾക്ക് പുതിയ തുടക്കംകുറിക്കുകയായിരുന്നു അതുവഴി. വിശ്വാസത്തെയും ജീവിതത്തെയും സ്വാധീനിക്കുന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും അങ്ങനെ രൂപപ്പെട്ടു. അരുണാചൽപ്രദേശിൽനിന്നും വിദ്യാർത്ഥികൾ ഷില്ലോംഗിലേക്ക് പോകാൻ ആരംഭിച്ചു. ഡോൺ ബോസ്‌കോ സ്ഥാപനങ്ങളുടെ അന്നത്തെ റെക്ടർ എമരിറ്റ്‌സ് ആർച്ച് ബിഷപ് ഡോ. തോമസ് മേനാംപറമ്പിൽ അരുണാചൽ പ്രദേശിലെ അന്നത്തെ ട്രൈബൽ നേതാവായിരുന്ന വാങ്‌ലത്ത് ലൊവാഞ്ചയുമായി ഉണ്ടാക്കിയ ബന്ധമാണ് അരുണാചൽ പ്രദേശിലെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾക്ക് ആക്കംവർധിപ്പിച്ചത്. അസമിന്റെ അതിർത്തി ഗ്രാമങ്ങളായ ടിൻസുകിയ, നഗർകേഷ്യ എന്നിവിടങ്ങളിൽ ആരംഭിച്ച സ്ഥാപനങ്ങളിൽ കാറ്റക്കെസ്റ്റിസ്റ്റുകൾക്കും യുവജന നേതാക്കൾക്കും പരിശീലനം നൽകി. സലേഷ്യൻ സഭാംഗമായ ഫാ. ജോബ് കല്ലറയ്ക്കലാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രതിബന്ധങ്ങളെ മറികടന്ന് ധൈര്യപൂർവം അദ്ദേഹം വിശ്വാസത്തിന്റെ വിത്തുകൾ വിതച്ചു.

ടിൻസുകിയയിലെ ബോസ്‌കോ ബൈബിൾ സ്‌കൂ ളിന്റെ റെക്ടറായി എത്തിയ ഡോ. ജോർജ് പള്ളിപ്പറമ്പിലിന്റെ പ്രവർത്തനങ്ങൾ അരുണാചൽപ്രദേശിൽ പുതിയ തുടക്കമായി. യുവജന നേതാക്കൾക്കും കാറ്റക്കെറ്റിസ്റ്റുകൾക്കും ബൈബിൾ സ്‌കൂളിൽ പരിശീലനം നൽകി. അവരിലൂടെയാണ് ആ പ്രദേശങ്ങളിൽ വിശ്വാസം വളർന്നത്. 1992-ൽ അരുണാചലിലെ ബോർദുരിയയിൽ കത്തോലിക്ക സ്‌കൂളും ഹോസ്റ്റലും സ്ഥാപിച്ചു. ഫാ. ജോർജ് പള്ളിപ്പറമ്പിലാണ് അരുണാചലിലെ ആദ്യത്തെ റസിഡന്റ് വൈദികൻ. ഇതേവർഷം മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിസ് സഭയുടെ ഒരു ഹൗസ് ബോർദുരിയയിൽ തുടങ്ങി. പിറ്റേവർഷം മദർ തെരേസ അവിടം സന്ദർശിക്കുകയും ചെയ്തിരുന്നു. 13 വർഷങ്ങൾക്കുശേഷം മിയാവൂ രൂപത രൂപംകൊണ്ടപ്പോൾ ബിഷപായി മാർപാപ്പ നിയമിച്ചതും ഡോ. പള്ളിപ്പറമ്പിലിനെയായിരുന്നു. എട്ട് ജില്ലകളായി വ്യാപിച്ചുകിടക്കുന്ന മിയാവൂ രൂപതയിൽ 84,000 വിശ്വാസികളാണ് ഉള്ളത്. 33 ഇടവകകളും മിഷൻ സ്റ്റേഷനുകളുമാണുള്ളത്. 27 രൂപതാ വൈദികരും 60 സന്യാസ വൈദികരും മൂന്ന് ബ്ര ദേഴ്‌സും 125 കന്യാസ്ത്രീകളും രൂപതയിലുണ്ട്. 27 പ്രൈമറി സ്‌കൂളുകളും ആറ് ഹൈസ്‌കൂളുകളും 15 ഹെൽത്ത് സെന്ററുകളും രൂപതയുടെ കീഴിയിൽ പ്രവർത്തിക്കുന്നു.

Source: Sunday Shalom