News >> മംഗോളിയ തയാറെടുക്കുന്നു ആദ്യ തദ്ദേശിയ വൈദികന്റെ അഭിഷേകത്തിനായി
ഉലാൻ ബാതാർ: അധികം താമസിയാതെ മംഗോളിയക്ക് സ്വന്തമായൊരു വൈദികനുണ്ടാവും. ശൈശവ ദശയിലുള്ള ഞങ്ങളുടെ സഭയ്ക്ക് ഇത് വളരെ പ്രധാനപ്പെട്ടതാണ്. വൈദേശികമായി കരുതപ്പെട്ടിരുന്ന സഭയിലേക്കുളള തദ്ദേശീയ വൈദികന്റെ കടന്നുവരവ് സഭയിൽ കൂടുതൽ ആവേശമുണ്ടാക്കുമെന്നതിൽ സംശയമില്ല; എത്രമാത്രം പ്രതീക്ഷയോടെയാണ് ഡീക്കനായ ജോസഫ് എൻകിന്റെ വൈദികപട്ടത്തിനായി മംഗോളിയൻ സഭ കാത്തിരിക്കുന്നതെന്ന് കോംഗളീസ് മിഷനറി വൈദികൻ പ്രോസ്പർ മുബുംബയുടെ വാക്കുകൾ വ്യക്തമാക്കുന്നു. 1992-ൽ പുനരാരംഭിച്ചതും ആയിരോത്തോളം വിശ്വാസികൾ മാത്രമുള്ളതുമായ സഭയാണിതെന്നും അറിയുമ്പോൾ മാത്രമാണ് ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ആവേശത്തിന്റെ അർത്ഥം ശരിക്കും മനസിലാവുക. മറിയത്തിന്റെ വിമലഹൃദയസന്യാസ സഭയിലെ അംഗമാണ് ഫാ. പ്രോസ്പർ.2014 ഡിസംബർ 11നാണ് ജോസഫ് എൻക് ഡീക്കനായി അഭിഷിക്തനായത്. തുടർന്ന് മംഗോളിയയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്തുകൊണ്ട് അജപാലശുശ്രൂഷയിൽ അദ്ദേഹം പരിശീലനം നേടിവരുകയാണ്. 12 സന്യാസസമൂഹങ്ങളിൽ നിന്നായി 50 സന്യാസിനിമാരും 20 മിഷനറിമാരുമാണ് ഇന്ന് മംഗോളിയയിലുള്ളത്. വൈദികനായി അഭിഷിക്തനാകുവാൻ തയാറെടുക്കുന്ന ഡീക്കനെ ഇവിടെയുള്ള ക്രൈസ്തവർ അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ചും പ്രതീക്ഷകൾ പങ്കുവച്ചുകൊണ്ടുമുള്ള കത്തുകൾ അയച്ച് പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് ഫാ. പ്രോസ്പർ പറഞ്ഞു. നൊവേനകൾ ചൊല്ലിയും, പ്രാർത്ഥനകൾ നടത്തിയും മംഗോളിയൻ സഭ കാത്തിരിക്കുയാണ് -ഓഗസ്റ്റ് 28 എന്ന സുദിനത്തിനായി.Source: Sunday Shalom