News >> ബാംഗ്‌ളൂർ കെയേഴ്‌സ് നേപ്പാളിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി


ഭൂകമ്പത്തിൽ തകർന്നുപോയ നേപ്പാളിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും സഹായങ്ങൾ പ്രവഹിച്ചെങ്കിലും നേപ്പാൾ ജനത ഇപ്പോഴും ദുരിതത്തിന്റെ നടുവിലാണ്. വാർത്തകൾ നിന്നപ്പോൾ സഹായവും ഏതാണ്ട് നിലച്ചതുപോലെയായി. ബംഗളൂരു കേന്ദ്രീകരിച്ച് ക്ലാരിസ്റ്റൻ വൈദികർ, നോർ ബർട്ടൈൻ വൈദികർ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച ബാംഗ്ലൂർ കെയേഴ്‌സ് നേപ്പാൾ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ നേപ്പാളിനെ പുനരുദ്ധരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ക്ലാരിസ്റ്റൻ സഭാംഗമായ ഫാ. ജോർജ് കണ്ണന്താനമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാഠ്മണ്ഡുവിന്റെ സമീപത്ത് കുഷ്ഠരോഗികളുടെ ഗ്രാമമായ ബുഡനീൽകന്ത ഭൂകമ്പത്തിൽ തകർന്നുപോയിരുന്നെങ്കിലും കുഷ്ഠരോഗികളാണെന്ന കാരണത്താൽ അധികൃതർ അവരെ പൂർണമായി അവഗണിച്ചു. രോഗംമൂലം പലരും വികാലാംഗരായിരുന്നതിനാൽ സ്വന്തം നിലക്ക് അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആ സമയത്ത് അവിടേക്ക് ചെന്ന ഏക സന്നദ്ധസംഘടനയായിരുന്നു ബാംഗ്ലൂർ കെയേഴ്‌സ് നേപ്പാൾ. ഇവരുടെ നേതൃത്വത്തിൽ ഏതാനും വർഷങ്ങൾ താമസിക്കാൻ കഴിയുന്ന ഷെൽട്ടറുകൾ നിർമിക്കുകയും ചെയ്തു. നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള ഏതാണ്ട് 450 ഷെൽട്ടറുകൾ നിർമിച്ചിരുന്നു. ഏതാനും വർഷങ്ങൾ താമസിക്കാൻ സാധിക്കുന്ന ഷെൽട്ടറുകൾ ആ സമയത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു.

വർഷങ്ങൾ നീളുന്നതാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ. താല്ക്കാലിക വീടുകളുടെ സ്ഥാനത്ത് സ്ഥിരമായ വീടുകൾ നിർമിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു. ഭൂകമ്പം ഏറ്റവും കൂടുതലായി ബാധിച്ച കാബ്രിപലൻഞ്ചോക്ക് ജില്ലയിലെ മതുരപതിഫു ൾബറി ഗ്രാമത്തിൽ തകർന്നുപോയ സ്‌കൂളിന്റെ പുനഃനിർമാണത്തിലാണ് ഇപ്പോൾ ഈ സന്നദ്ധസംഘടന. സ്‌കൂൾ അധികൃതരുടെയും പൊതുജനങ്ങളുടെയും അഭ്യർത്ഥനയെത്തുടർന്നാണ് നിർമാണം ഏറ്റെടുത്തതെന്ന് ഫാ. കണ്ണന്താനം പറഞ്ഞു. നേപ്പാളിലെ ജനജീവിതം ഏതാണ്ട് സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. എന്നാൽ, തകർന്നുവീണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനരുദ്ധാരണംപോലെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ വളർച്ച മുരടിക്കും. വരും തലമുറകളെപ്പോലും ബാധിക്കുന്ന രീതിയിലേക്ക് അതു മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തകർന്നുവീണ രാജ്യത്തെ കെട്ടിപ്പടുക്കാനും ഇരകളെ പുനരധിവസിപ്പിക്കാനും ഗവൺമെന്റിന് കൃത്യമായ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. നിർമാണ പ്രവർത്തനങ്ങളിൽ തൊഴിലാളികളുടെ ക്ഷാമമാണ് നേരിടുന്ന വലിയൊരു പ്രശ്‌നം. തദ്ദേശിയർ മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിനാൽ അവിടെ കടുത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഏതാണ്ട് 40,00,000 പേർ ഇപ്പോഴും താല്ക്കാലിക അഭയകേന്ദ്രങ്ങളിലാണ് ഇപ്പോഴും താമസിക്കുന്നത്. 7,00,000 വീടുകളാണ് നേപ്പാളിൽ അടിയന്തിരമായി നിർമിക്കേണ്ടത്.

Source: Sunday Shalom