News >> കുടിവെള്ളത്തിന് കാരുണ്യത്തിന്റെ വാട്ടർ പ്യൂരിഫയർ


ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ജെ.ജെ കോളനിയിലേക്ക് കയറുന്ന ആരും അറിയാതെ മൂക്കുപൊത്തും. മലിനജലം ഒഴുകുന്ന തുറസായ അഴുക്കുചാലുകളും ദുർഗന്ധം വമിപ്പിക്കുന്ന ഓടകളും ഈച്ചകൾ പൊതിയുന്ന അന്തരീക്ഷവും ആരിലും അസ്വസ്ഥത ജനിപ്പിക്കും. വൃത്തിയില്ലാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പകർവ്യാധികളുടെ പിടിയിലാണ് മിക്കപ്പോഴും ഈ കോളനി. കോളറയും മഞ്ഞപ്പിത്തവും ത്വക്ക് രോഗങ്ങളുമൊക്കെ ഇവരുടെ കൂടെപ്പിറപ്പാണ്. പ്രത്യേകിച്ച് വേനൽക്കാലമായാൽ കോളനി പകർച്ചവ്യാധികളുടെ കൂടാരമാകും. ചൂടുകൂടുന്നതനുസരിച്ച് രോഗികളുടെ എണ്ണവും വർധിക്കും. ഇത്രയും വൃത്തിഹീനമായ സാഹചര്യങ്ങളുടെ നടുവിൽനിന്നാണ് ഉപ്പുകലർന്ന വെള്ളം അവർക്കു ലഭിക്കുന്നത്. കുടിക്കാനും ഭക്ഷണംപാകംചെയ്യാനും കുളിക്കാനും എല്ലാം ഒരേ വെള്ളം. മാലിന്യം കലർന്ന വെള്ളമാണ് കോളനിയിലെ പകർച്ചവ്യാധികളുടെ കേന്ദ്രബിന്ദു. ഇതേസമയം ഡൽഹിയിലെ വെള്ള മാഫിയ കുടിവെള്ളം ഉയർന്ന വിലക്ക് ചേരിയിൽ വിതരണം ചെയ്യുന്നുമുണ്ട്. പക്ഷേ, താഴ്ന്ന വരുമാനക്കാർ തിങ്ങിപ്പാർക്കുന്ന കോളനിയിലെ ഭൂരിപക്ഷത്തിനും അമിത വിലകൊടുത്ത് വെള്ളം വാങ്ങാൻ ത്രാണിയില്ല. അതിനാൽ മാലിന്യം കലർന്ന വെള്ളമാണെന്ന് അറിഞ്ഞിട്ടും കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കും. പാവപ്പെട്ട ചേരിനിവാസികളുടെ മുമ്പിൽ മറ്റു മാർഗങ്ങളില്ല. ഗവൺമെന്റ് ഇക്കാര്യം അന്വേഷിക്കുന്നതേയില്ല.

ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കാരുണ്യവർഷത്തിൽ ഡൽഹി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ ചേതനാലയുടെ അധികൃതർ ആദ്യം ചിന്തിച്ചത് ശുദ്ധജലം ഇപ്പോഴും അപ്രാപ്യമായ ജെ.ജെ. കോളനിയിലെ പാവപ്പെട്ടവരെക്കുറിച്ചാണ്. മലിനജലം കുടിച്ച് പകർച്ചവ്യാധി കീഴടക്കി ആശുപത്രകളിൽ കഴിയാൻ വിധിക്കപ്പെട്ട നിരപരാധികളായ കുട്ടികളെപ്പറ്റിയായിരുന്നു. തൊട്ടടുത്തു താമസിക്കുന്നവർക്ക് ശുദ്ധജലമെങ്കിലും കൊടുക്കാൻ സാധിച്ചെങ്കിൽ അതു വലിയ കാരുണ്യപ്രവൃത്തിയായി മാറുമെന്ന് അവർ തിരിച്ചറിഞ്ഞു. 10,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന ഒരു വാട്ടർ പ്യൂരിഫയർ ചേതനാലയുടെ നേതൃത്വത്തിൽ ജെ.ജെ കോളനിയിൽ സ്ഥാപിച്ചു. ഏതാണ്ട് 1,000 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ ഇതുവഴി കഴിയുന്നു. "കുടിക്കാനും ഭക്ഷണംപാകംചെയ്യാനുമുള്ള ശുദ്ധജലം നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അതുവഴി അവരുടെ ആരോഗ്യ സംരക്ഷണവും." ചേതനാലയ ഡയറക്ടർ ഫാ. ശവരിരാജ് പറയുന്നു.

ചെറിയൊരു തുകയും ചെലവിനായി ഈടാക്കുന്നുണ്ട്. കോളനിയിൽ എല്ലായിടത്തേക്കും വെള്ളമെത്തിക്കാൻ ഇതുപോരാ. അതിനായി കൂടുതൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് അതിരൂപത. ഓരോ മാസവും ആശുപത്രികളിൽ നൽ കികൊണ്ടിരുന്ന പണം ലാഭിക്കാൻ ഈ ചേരിക്കാർക്കു കഴിയുന്നു. കുട്ടികൾ മാത്രമല്ല മുതിർന്നവരും സാക്രമികരോഗങ്ങളുടെ പിടിയിലായിരുന്നു. ശുദ്ധജലം ലഭിച്ചപ്പോൾ ചേരിനിവാസികളുടെ സാമ്പത്തിക മേഖലയിലും അതിനനുസരിച്ച് മാറ്റങ്ങൾ വന്നു. എല്ലാ ദിവസവും അവർക്ക് ജോലിക്കു പോകാം. ഡൽഹിയിലെ ശക്തരായ വെള്ളം മാഫിയകളുടെ എതിർപ്പ് അവഗണിച്ചാണ് ചേതനാലയുടെ ഈ കാരുണ്യപ്രവൃത്തി.

ശുദ്ധജലം നൽകി ആരംഭിച്ച കാരുണ്യവർഷത്തിലെ പ്രവർത്തനങ്ങൾ മറ്റു പല മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സാക്രിമ രോഗങ്ങളുടെ മറ്റൊരു പ്രധാന കാരണം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. മാലിന്യം സംസ്‌കരിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങളൊന്നും ഇതുവരെയും കോളനിയിലില്ല. മുൻസിപ്പൽ കോർപറേഷന്റെ ലോറികൾ മാലിന്യം സംഭരിക്കാൻ ദിവസവും എത്താറുണ്ടെങ്കിലും അത് പ്രധാന റോഡുകളിൽ ഒതുങ്ങുകയാണ്. വലിയ ലോറികൾക്ക് പ്രവേശിക്കാൻ സാധിക്കാത്ത ഇടങ്ങളിലേക്ക് കോർപറേഷൻ അധികാരികൾ തിരിഞ്ഞുനോക്കാറില്ല. അതിനാൽത്തന്നെ റോഡുവശങ്ങളിൽ മാലിന്യങ്ങൾ ചിതറിക്കിടക്കുന്നു. മാലിന്യം നിക്ഷേപിക്കാൻ മാർഗങ്ങൾ ഇല്ലാത്തതിനാൽ റോഡിന്റെ വശങ്ങളിലേക്ക് അതു വലിച്ചെറിയുന്നവരും കുറവല്ല. ഈച്ചകൾ പൊതിഞ്ഞ് ഓരോ ദിവസവും പുതിയ രോഗങ്ങൾ ഉടലെടുക്കുന്നു. എല്ലാ ദിവസവും ചേരികളിലെ മാലിന്യം സംഭരിക്കാൻ ചേതനാലയ സംവിധാനം ഒരുക്കി. അതിനായി വോളണ്ടിയർമാരെ നിയോഗിച്ചുകഴിഞ്ഞു. അവിടെനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ മുൻസിപ്പൽ കോർപറേഷന്റെ മാലിന്യ സംഭരണശാലയിൽ എത്തിക്കും. ഇതിനായി മാസം തോറും 20 രൂപയാണ് ചേരിനിവാസികളിൽനിന്നും ചേതനാലയ ഈടാക്കുന്നത്.

ഡൽഹി അതിരൂപത ഈ ചേരിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. കോളനിയിലുള്ള രണ്ട് പാർക്കുകൾ പ്രകൃതിക്ക് അനുരൂപമാക്കി മാറ്റുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ള 400 മരത്തൈകൾ നട്ടിരുന്നു. കോളനിയിൽ മരത്തൈകൾ നടുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.

Source: Sunday Shalom