News >> സ്പിരിറ്റ് ഇൻ ജീസസ് വിശ്വാസികളെ വഴിതെറ്റിക്കുന്നു:കത്തോലിക്കാ സഭ നേതൃത്വം
എറണാകുളം: സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനം അബദ്ധജടിലമായ ഉപദേശങ്ങൾവഴി വിശ്വാസികളെ വഴിതെറ്റിക്കുന്നത് കേരളമെത്രാൻ സമിതി അതീവഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ, ബിഷപ് ഡോ. ജോസഫ് കരിയിൽ എന്നിവർ ഒപ്പുവെച്ച സർക്കുലർ വ്യക്തമാക്കി.മരണാനന്തരജീവിതം, ഇതര മതങ്ങളോടും സാംസ്‌കാരികാനുരൂപണങ്ങളോടുമുള്ള സമീപനം, വേദപുസ്തക വ്യാഖ്യാനം എന്നിവ സംബന്ധിച്ചാണ് കൂടുതൽ അബദ്ധോപദേശങ്ങളും. അതിനാൽ ഇത്തരം വിഷയങ്ങളിൽ സഭയുടെ നിലപാടു വ്യക്തമാക്കുകയാണ് കേരളത്തിലെ കത്തോലിക്ക മെത്രാൻസംഘം. സർക്കുലറിന്റെ പൂർണ്ണരൂപം ചുവടെ.
Ref: 2960/K 35/OL/KCBC/DS 3.6.2016കേരള കത്തോലിക്കാസഭയിൽ ആത്മീയ നവീകരണരംഗത്ത് കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചു പോരുന്ന ഒരു പ്രസ്ഥാനമാണ് സ്പിരിറ്റ് ഇൻ ജീസസ്. ഈ പ്രസ്ഥാനം ശ്രീ ടോം സഖറിയായുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ആരംഭിച്ച് ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. കത്തോലിക്കർക്കു പുറമേ ഇതരസഭാംഗങ്ങളും ഈ പ്രസ്ഥാനത്തിൽ ചേർന്നിട്ടുണ്ട്. ഇപ്പോൾ ഒരു സഭയുടെയും പ്രത്യേക നിയന്ത്രണത്തിന് വിധേയമാകാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതും അല്മായർ നേതൃത്വം കൊടുക്കുന്നതുമാണ് ഈ പ്രസ്ഥാനം. ഇവർ പരിശുദ്ധ കുർബാനയോടും ദൈവമാതാവിനോടുമുള്ള ഭക്തി പരിപോഷിപ്പിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭയുടെ അടിസ്ഥാനപരമായ വിശ്വാസവിഷയങ്ങളിൽ വി. ഗ്രന്ഥത്തിനും, സഭാപ്രബോധനങ്ങൾക്കും പാരമ്പര്യങ്ങൾക്കും നിരക്കാത്ത ചില പ്രബോധനങ്ങൾ വച്ചുപുലർത്തുന്നുണ്ട്. പ്രസംഗങ്ങളിലൂടെയും പ്രസ്ഥാനത്തിന്റെ ജിഹ്വയായ ഇതാ നിന്റെ അമ്മ എന്ന മാസികയിലൂടെയും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ്. സ്വകാര്യവെളിപാടുകൾക്കാണ് സഭയുടെ ഔദ്യോഗികപ്രബോധനങ്ങളെക്കാൾ കൂടുതൽ പ്രധാന്യം നല്കുന്നത്.സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനക്കാർ അബദ്ധജടിലമായ ചില ഉപദേശങ്ങൾവഴി വിശ്വാസികളെ വഴിതെറ്റിക്കുന്നത് കേരളമെത്രാൻ സമിതി അതീവഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പലരും വിശ്വാസവൈപരീത്യങ്ങളിൽ ചെന്നു പതിക്കാനിടയുള്ളതുകൊണ്ട് വിശ്വാസികൾക്ക് മുന്നറിയിപ്പു നല്‌കേണ്ടത് ഇടയന്മാർ എന്ന നിലയിൽ ഞങ്ങളുടെ കടമയാണ്. മരണാനന്തരജീവിതം, ഇതര മതങ്ങളോടും സാംസ്‌കാരികാനുരൂപണങ്ങളോടുമുള്ള സമീപനം, വേദപുസ്തക വ്യാഖ്യാനം എന്നിവ സംബന്ധിച്ചാണ് കൂടുതൽ അബദ്ധോപദേശങ്ങളും. അതിനാൽ ഇത്തരം വിഷയങ്ങളിൽ സഭയുടെ നിലപാടു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
1. തനതുവിധിതനതുവിധിയില്ല, പൊതുവിധി മാത്രമേയുള്ളൂവെന്നാണ് സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നത്. അതിനാൽ നരകത്തിൽ പോയവർക്കും നിത്യവിധിയുടെ സന്ദർഭം വരെ മാനസാന്തരത്തിന് സമയമുണ്ടെന്ന് അവർ പ്രബോധിപ്പിക്കുന്നു. എന്നാൽ കത്തോലിക്കാസഭയുടെ പ്രബോധനം ഇതാണ്: ക്രിസ്തുവിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്‌കരിക്കുന്നതിനോ സാദ്ധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിന് മരണം അന്ത്യം കുറിക്കുന്നു (CCC 1021).ഒരാൾ മരിച്ചാൽ ഉടൻതന്നെ സ്വർഗ്ഗത്തിനോ, നരകത്തിനോ, ശുദ്ധീകരണ സ്ഥലത്തിനോ അർഹനായിത്തീരുമെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. 'ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തിൽതന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്റെ അമർത്യമായ ആത്മാവിൽ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു: ഒരു ശുദ്ധീകരണപ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കിൽ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം (CCC 1022).
2. നരകം നിത്യമല്ല?പൊതുവിധിവരെ നരകം നിത്യമല്ല; മാനസാന്തരത്തിനും ദൈവകൃപയിലേക്ക് തിരികെ വരുന്നതിനും അവസരമുണ്ട് എന്നിങ്ങനെ സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നുണ്ട്.
കത്തോലിക്കാസഭയുടെ പ്രബോധനം വളരെ വ്യക്തമാണ്: മനസ്തപിച്ച് ദൈവത്തിന്റെ കരുണാർദ്രമായ സ്‌നേഹം സ്വീകരിക്കാതെ മാരകപാപത്തിൽ മരിക്കുക എന്നതിന്റെ അർത്ഥം, നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തിൽനിന്ന് വേർപെട്ടുനില്ക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസർഗത്തിൽ നിന്ന് സുനിശ്ചിതമായി നമ്മെ വേർപെടുത്തി നിറുത്തുന്ന അവസ്ഥയെ നരകം എന്നു വിളിക്കുന്നു (CCC 1033).നരകത്തെ പല സംജ്ഞകൾകൊണ്ടാണ് വി. ഗ്രന്ഥം വിവക്ഷിക്കുക. നിത്യാഗ്‌നി (മത്താ 25:41), നിത്യശിക്ഷ (മത്താ 25:46), ലജ്ജയും നിത്യനിന്ദയും (ദാനി 12:2), അഗ്നിജ്ജ്വാലയും യാതനയും(ലൂക്കാ 16:23-24), നിത്യനാശം (2 തെസ്സ 1:9), ഒരിക്കലും അവസാനിക്കാത്ത പീഡനം(വെളി 14:11), എരിഞ്ഞുകൊണ്ടിരിക്കുന്ന ഗന്ധകത്തടാകം(വെളി 20:10) എന്നിവയെല്ലാം നിത്യനരകത്തിന്റെ പ്രതീകങ്ങളാണ്. ബുദ്ധിഹീനകളായ കന്യകകൾക്കും (മത്താ 25:11-13) നിരുത്തരവാദിത്വപരമായി പെരുമാറിയ ഭൃത്യനും (മത്താ 24:51) വിവാഹവസ്ത്രം ധരിക്കാതെ വിരുന്നുശാലയിൽ പ്രവേശിച്ചവനും (മത്താ 22:13) വേറൊരവസരം കിട്ടിയില്ല എന്നോർക്കേണ്ടതുണ്ട്.ലാസറിന്റെയും ധനവാന്റെയും ഉപമയിൽ, ധനവാന്റെ യാചനയ്ക്ക് അബ്രഹാം നല്കുന്ന ഉത്തരവും പ്രസക്തമാണ്: 'ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ഒരഗാധമായ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്ന് ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കുകയില്ല.' (ലൂക്ക 16:26)
3. നരകവും പാതാളവും തമ്മിലുള്ള അന്തരംസ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനക്കാർ നരകത്തെയും പാതാളത്തെയും സമമായി കാണുന്നതുകൊണ്ടാണ് 'യേശു മരിച്ച് പാതാളത്തിലിറങ്ങി' എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കി യേശു നരകം സന്ദർശിച്ചു എന്നു വാദിക്കുന്നത്. ആദ്യ നൂറ്റാണ്ടുകളിൽ ചെറുതും വലുതുമായ പല വിശ്വാസപ്രമാണങ്ങളും രൂപപ്പെട്ടു. 'അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം,' അല്ലെങ്കിൽ 'ജ്ഞാനസ്‌നാന വിശ്വാസ പ്രമാണം' (Baptismal Creed) എന്നറിയപ്പെടുന്ന വിശ്വാസപ്രമാണത്തിലാണ് ഈ പ്രയോഗം കാണുന്നത്. എന്നാൽ, നിഖ്യാവിശ്വാസപ്രമാണത്തിൽ ഈ പ്രയോഗം കാണുന്നില്ലായെന്നുള്ളതും സ്മർത്തവ്യമാണ്.ഹീബ്രുഭാഷയിൽ 'ഷെയോൾ' എന്നും ഗ്രീക്ക് ഭാഷയിൽ 'ഹാദെസ്' എന്നുമുള്ള സംജ്ഞകളാണ് പാതാളത്തെ വിവക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. ഭൂമിക്കടിയിലുള്ള അന്ധകാരാവൃതവും ശൂന്യവുമായ ഒരു സ്ഥലമായി പാതാളത്തെ ഇസ്രായേൽ ചരിത്രത്തിന്റെ പ്രാരംഭദശയിൽ കരുതിയിരുന്നു (ജോബ് 10:21-22). എന്നാൽ, പില്ക്കാലത്ത് ഗ്രീക്കുചിന്താധാരകളുമായുള്ള പാരസ്പര്യം വഴി, നന്മചെയ്തവർക്കും തിന്മ പ്രവർത്തിച്ചവർക്കും ഒരേ ഫലമാണ് ലഭിക്കുന്നതെങ്കിൽ, അതു ദൈവനീതിക്ക് നിരക്കാത്തതാണെന്ന നവീനചിന്ത ഉദ്ഭവിച്ചു. ബി.സി രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ദാനിയേലിന്റെ പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു: 'ഭൂമിയിലെ പൊടിയിൽ ഉറങ്ങുന്ന അനേകർ ഉണരും; ചിലർ നിത്യജീവനായും; ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും. ജ്ഞാനികൾ ആകാശവിതാനത്തിന്റെ പ്രഭ പോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും' (ദാനി 12:2-3). മരിച്ച നീതിമാന്മാരുടെ സ്ഥിതി ജീവനോ സന്തോഷമോ ദൈവസ്തുതിപ്പോ ഇല്ലാത്ത ഇരുട്ടറയിൽ (സങ്കീ 88:5-12) അല്ല, പ്രത്യുത ഭൂമിയിൽ നന്മ പ്രവർത്തിച്ചവർ 'അബ്രഹാമിന്റെ മടിത്തട്ടിൽ വിശ്രമിക്കുന്നു' എന്ന ആശയത്തിലേക്ക് പുതിയനിയമകാലത്ത് വളർച്ച ഉണ്ടായി (ലൂക്കാ 16:22-23). നിത്യനരകത്തെ സൂചിപ്പിക്കുവാൻ 'ഗേഹന്നാ' എന്ന പദമാണ് ഉപയോഗിച്ചിരുന്നത് (സീയോന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള അഗാധമായ ഒരു താഴ്‌വരയാണ് 'ഗഹിന്നോം'). യേശു പാതാളത്തിൽ ഇറങ്ങി എന്ന പ്രയോഗം കൊണ്ട് നാം അർത്ഥമാക്കേണ്ടത് യേശു യഥാർത്ഥത്തിൽ മരിച്ചുവെന്നാണ്, അല്ലാതെ യേശു നരകം സന്ദർശിച്ചുവെന്നല്ല.
4. നരകത്തിൽ സുവിശേഷഘോഷണമോ?1 പത്രോ 3:18-20-നെ അധികരിച്ചാണ് യേശുമരണശേഷം ആത്മാവിൽ പാതാളത്തിലേക്കിറങ്ങിയെന്നും മരിച്ചവരോട് സുവിശേഷം അറിയിച്ച് ബന്ധിതരായിരുന്ന ആത്മാക്കളെ മോചിപ്പിച്ചെന്നും അതിനാൽ മരണശേഷവും മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും സ്പിരിറ്റ് ഇൻ ജീസസ് വാദിക്കുന്നത്. 'ആത്മാവോടുകൂടെ ചെന്ന് അവൻ ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്ത് പെട്ടകം പണിയപ്പെട്ടപ്പോൾ ക്ഷമാപൂർവ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു.' വീണ്ടും 1 പത്രോ 4:6 -ൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: 'എന്തെന്നാൽ, ശരീരത്തിൽ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.' ഈ വാക്യങ്ങൾ വേദവ്യാഖ്യാതാക്കൾക്കിടയിൽ വലിയ സംവാദങ്ങൾക്കു വഴിതെളിച്ചിട്ടുണ്ട്. സമീപകാലത്ത് വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ വാക്യങ്ങൾ സംബന്ധിച്ചു നല്കിയ വിശദീകരണം താഴെ കൊടുക്കുന്നു:(i) 'യേശു പാതാളത്തിലിറങ്ങി എന്ന പ്രഖ്യാപനത്തിൽ അവൻ യഥാർത്ഥത്തിൽ മരിച്ചു എന്ന വിശ്വാസസത്യമാണ് പ്രഖ്യാപനം ചെയ്യുന്നത്. യേശു മരിച്ച് അടക്കപ്പെട്ടു എന്നത് യേശുവിന്റെ പൂർണ്ണ മനുഷ്യസ്വഭാവത്തെ വിശദമാക്കുന്നു; (ii) യേശുവിന്റെ കുരിശിലെ ബലിയിലൂടെ ലഭിച്ച വരപ്രസാദം യേശുവിന്റെ മരണത്തിനു മുമ്പ് മരണമടഞ്ഞ സകല നീതിമാന്മാർക്കും നീതിമതികൾക്കും ലഭിച്ചുവെന്നതിന്റെ പ്രതീകാത്മകമായ ആഖ്യാനമാണ് ഈ പ്രഖ്യാപനം; (iii) യേശു മരണശേഷം നിത്യശിക്ഷയുടെ സ്ഥലമായ നരകം സന്ദർശിക്കുകയോ, അവിടെ അകപ്പെട്ടുപോയ ആത്മാക്കളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല (General Audience, 1989 Jan 11).യേശു നരകം സന്ദർശിച്ചെന്നും നരകവാസികളെ രക്ഷിച്ചുവെന്നുമുള്ളത് കത്തോലിക്കാവിശ്വാസികൾക്ക് സ്വീകാര്യമല്ല. സഭാപാരമ്പര്യത്തിൽ യേശുവിന്റെ പാതാളത്തിലെ സുവിശേഷപ്രഘോഷണം ഉയർപ്പിന്റെ പ്രഖ്യാപനമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. ആ പ്രഖ്യാപനം ആദാമും ഹവ്വായും മുതൽ നിദ്രയടഞ്ഞിട്ടുള്ള എല്ലാ നീതിമാന്മാരെയും അവരുടെ നിദ്രയിൽ നിന്നുണർത്തി, യേശുവിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും യോഗ്യതകളിൽ അവരെ പങ്കുകാരാക്കി. ഫിലി 2:9-11-ൽ നാം വായിക്കുന്നു: 'ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. അത് യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുമടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ.്പൗരസ്ത്യ സഭകളിൽ പ്രചാരത്തിലുള്ള യേശുവിന്റെ പാതാളസന്ദർശനം ചിത്രീകരിച്ചിരിക്കുന്ന ഐക്കണിന്റെ പേര് "Harrowing of Hades" (പാതാളത്തിന്റെ ഉഴുതുമറിക്കൽ) എന്നാണ്. ഇങ്ങനെ വി. ഗ്രന്ഥവും പാരമ്പര്യവും തറപ്പിച്ചു പറയുന്നുണ്ട്, യേശുവിന്റെ പാതാളസന്ദർശനം പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള ദൈവികനീതിയുടെ ആത്യന്തിക വിജയവും നീതിമാൻമാർക്ക് ഉയിർപ്പും നിത്യജീവനും ഉറപ്പാക്കിയ സംഭവവുമാണെന്ന്. ഇതാണ് പാതാളത്തിലെ സുവിശേഷഘോഷണം എന്ന പ്രയോഗത്തിന്റെ പൊരുൾ.
5. പൂർവ്വപിതാക്കളുടെ പാപഫലം പിൻതലമുറയിലേക്ക്നിത്യരക്ഷ കിട്ടാതെ യാതനയനുഭവിക്കുന്ന പൂർവ്വപിതാക്കളുടെ പാപഫലം അനന്തരതലമുറകളിലേക്ക് ശാപമായി ഒഴുകിയെത്തുന്നെന്നും അതിനാൽ അവർക്ക് ശാപമോക്ഷം ലഭിക്കാതെ ചില കുടുംബങ്ങളിലെ കഷ്ടനഷ്ടങ്ങളും മാറാരോഗങ്ങളും വിട്ടുമാറുകയില്ലെന്നും സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നു. പഴയനിയമത്തിലെ ചില മര്യാദകൾ തെറ്റായി വ്യഖ്യാനിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഈ കാഴ്ചപ്പാട് എസക്കിയേൽ ദീർഘദർശിതന്നെ തിരുത്തിയിട്ടുണ്ട്: പിതാക്കന്മാർ പുളിക്കുന്ന മുന്തിരിങ്ങ തിന്നു; മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേൽ ജനത്തെക്കുറിച്ചുള്ള പഴമൊഴി നിങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നതെന്തിന്?' (എസെ 18:1-2). ദൈവത്തിന്റെ തിരുത്തൽ ഇപ്രകാരമായിരുന്നു: പുത്രൻ പിതാവിന്റെ തിന്മകൾക്കു വേണ്ടിയോ പിതാവ് പുത്രന്റെ തിന്മകൾക്കു വേണ്ടിയോ ശിക്ഷിക്കപ്പടുകയില്ല. നീതിമാൻ നീതിമാന്റെ പ്രതിഫലവും ദുഷ്ടൻ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും (എസെ 1:20). വീണ്ടും, 'ഇസ്രായേൽ ഭവനമേ, ഓരോരുത്തരെയും താന്താങ്ങളുടെ പ്രവൃത്തിക്കുനുസൃതമായി ഞാൻ വിധിക്കും (എെസ 1:30) എന്നും പറഞ്ഞിരിക്കുന്നു.പുതിയനിയമത്തിലും ഇതേ സത്യമാണ് യേശു പ്രഖ്യാപിച്ചത്: മനുഷ്യപുത്രൻ സ്വപിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരോടൊത്ത് വരാനിരിക്കുന്നു. അപ്പോൾ അവൻ ഒരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം നൽകും'(മത്താ 16:27; റോമാ 2:6). വെളിപാടുപുസ്തകം ഒരു വാഗ്ദാനത്തിലാണ് സമാപിക്കുന്നത്: 'ഇതാ ഞാൻ വേഗം വരുന്നു. എന്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തപ്രവൃത്തികൾക്കനുസൃതം പ്രതിഫലം നല്കാനാണ് ഞാൻ വരുന്നത്'(വെളി 22:12).യേശുക്രിസ്തു പാപത്തിൽ നിന്നും (2 കോറി 5:21) ശാപത്തിൽ നിന്നും (ഗലാ 3,13) നമ്മെ മോചിപ്പിച്ചിരിക്കുന്നതിനാൽ പൂർവികരുടെ പാപവും ശാപവും നമുക്കു പ്രസക്തമല്ല. പൂർവപിതാക്കളുടെ പാപം പിൻതലമുറകളിലേക്കു പടരുന്നെന്നും ശാപമായി തുടരുന്നെന്നും പഠിപ്പിക്കുന്നത് ക്രിസ്തുവിന്റെ രക്ഷാകരകർമത്തെ തള്ളിപ്പറയുന്നതിനു തുല്യമാണ്. അതിനാൽ, യേശുവിന്റെ രക്തത്താൽ കഴുകി വെടിപ്പാക്കപ്പെട്ടവരെ പൂർവ്വപിതാക്കന്മാരുടെ ചെയ്ത&