News >> കത്തോലിക്ക കോൺഗ്രസ് വിവിധ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: അരനൂറ്റാണ്ടിലേറെ മതാധ്യാപകരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഒ.എം. ജോൺ ഓലിക്കലിന്റെ പേരിൽ മതാധ്യാപകർക്ക് അവാർഡ് നല്കുന്നു. കേരളത്തിലെ സീറോ മലബാർ രൂപതകളിലെ സൺഡേ സ്‌കൂളുകളിൽ 20 വർഷത്തെയെങ്കിലും സേവനപരമ്പര്യമുള്ള മതാധ്യാപകരുടെ പേരുകൾ അവാർഡിന് സമർപ്പിക്കാവുന്നതാണ്.കത്തോലിക്ക കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. സിറിയക് കണ്ടത്തിലിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കലാസാഹിത്യ രംഗങ്ങളിൽ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്ന വ്യക്തികളുടെ പേര് വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ശുപാർശ ചെയ്യാവുന്നതാണ്.മികച്ച സാമൂഹ്യ സേവനത്തിനും മികച്ച സാഹിത്യകൃതിക്കും കലാകായിക വേദികളിലെ മികച്ച സേവനത്തിനും നല്കുന്ന അവാർഡുകൾക്ക് മേൽ പറയപ്പെട്ട രംഗങ്ങളിൽ പ്രശസ്ത സേവനം അനുഷ്ഠിച്ചിട്ടുള്ളവരുടെ പേരുകൾ നിർദേശിക്കാവുന്നതാണ്. സാഹിത്യത്തിനുള്ള നോമിനേഷനോടൊപ്പം ബന്ധപ്പെട്ട സാഹിത്യകൃതികളുടെ മൂന്നു കോപ്പികൾ സമർപ്പിച്ചിരിക്കണം. 2013 ജനുവരി ഒന്നിന് ശേഷവും 2015 ഡിസംബർ 31-ന് മുമ്പും കത്തോലിക്കർ രചിച്ച് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒറിജിനൽ പുസ്തകങ്ങൾ മാത്രമേ അവാർഡിന് പരിഗണിക്കുകയുള്ളൂ.മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി. എബ്രഹാം പുല്ലാട്ടുകുന്നേലിന്റെ പേരിൽ ഈ നൂറ്റാണ്ടിലെ മികച്ച അല്മായ പ്രേക്ഷിതന് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് അല്മായ പ്രേക്ഷിതരംഗത്ത് സേവനം അനുഷ്ഠിക്കുന്ന അല്മായരുടെ പേരുകൾ നിർദ്ദേശിക്കാവുന്നതാണ്.കത്തോലിക്കാ കോൺഗ്രസ് ഗോൾഡൻ ജൂബിലി സ്മാരകമായും മോൺ. ജോൺ കച്ചിറമറ്റം, അഡ്വ. സിറിയക് കണ്ടത്തിൽ, എം.വി. ഡൊമിനിക്ക് മണ്ണിപ്പറമ്പിൽ, സി.വി. വർക്കി ചാത്തംകണ്ടം എന്നിവരുടെ സ്മരണയ്ക്കായും ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്കും അപേക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥിയുടെ വിശദവിവരങ്ങളോടൊപ്പം അപേക്ഷകന്റെ ഇടവകയിലെ കത്തോലിക്കാ കോൺഗ്രസ് ശാഖ പ്രസിഡന്റിന്റെ സാക്ഷ്യപത്രവും (ശാഖ ഇല്ലാത്തിടത്ത് ഇടവക വികാരിയുടെ സാക്ഷ്യപത്രം) കഴിഞ്ഞ പബ്ലിക്ക് പരീക്ഷയുടെ മാർക്കുലിസ്റ്റ് കോപ്പി ഉണ്ടായിരിക്കണം.
മേൽപറഞ്ഞിരിക്കുന്ന അവാർഡുകൾക്കും സ്‌കോളർഷിപ്പുകൾക്കുമുള്ള അപേക്ഷകൾ ജനറൽ സെക്രട്ടറി, കത്തോലിക്കാ കോൺഗ്രസ്, കേന്ദ്രകാര്യാലയം, കഞ്ഞിക്കുഴി, മുട്ടമ്പലം പി.ഒ., കോട്ടയം-686004 എന്ന വിലാസത്തിൽ ആണ് അയയ്‌ക്കേണ്ടത്.Source: Sunday Shalom