News >> സഭയിൽ ഡീക്കൻമാരുടെ ചുമതലയെന്ത്?


എറണാകുളം: സീറോമലബാർ സഭയിൽ അടുത്തനാളിൽ ജോയ്‌സ് ജയിംസിന് ഡീക്കൻ പദവി നൽകിയതോടെ എല്ലായിടത്തുനിന്നും അല്മായ ഡീക്കന്മാരുടെ ദൗത്യങ്ങളെന്തൊക്കയാണ് എന്ന ചോദ്യമുയരാൻ തുടങ്ങി. ഇതിന് ഉത്തരമാണ് ചുവടെ.

മാർപാപ്പ, കർദിനാൾമാർ, ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ എന്നിങ്ങനെയാണ് സഭയിലെ സ്ഥാനക്രമം. രണ്ട് തരം ഡീക്കൻമാരാണ് കത്തോലിക്കാ സഭയിലുളളത്.സാധരണയായി വൈദികനാകുവാൻ താൽപ്പര്യവും ആഗ്രഹവുമില്ലാത്ത വ്യക്തികളെയാണ് പെർമനന്റ് ഡീക്കനായി അഭിഷേകം ചെയ്യുന്നത്. അഭിഷിക്തനാകുന്ന വ്യക്തി വിവാഹിതനോ അവിവാഹിതനോ ആകാം. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഡീക്കനായി അഭിഷിക്തനാകുന്നതിന് മുമ്പ് വിവാഹം നടത്തണം. വിവാഹിതർക്ക് ഭാര്യയുടെ മരണശേഷം ബിഷപ്പിന്റെ അനുവാദത്തോടെ വൈദികനാകാനുന്നതിനും സാധ്യതയുണ്ട്.

സാധാരണ ജോലി ചെയ്തുകൊണ്ട് കുടുബം പുലർത്തുന്ന ഡീക്കൻ മാർക്ക് അജപാലനദൗത്യങ്ങളിൽ ഇടവകവൈദികനെ സഹായിക്കാം. രോഗികളെ സന്ദർശിക്കുക, മതബോധനം നടത്തുക, വ്യക്തികൾക്കും ദമ്പതികൾക്കും കൗൺസലിംഗ് നൽകുക, പാരിഷ് കമ്മിറ്റികളിലും കൗൺസിലുകളിലും പ്രവൃത്തിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ദൗത്യങ്ങൾ.

വൈദികപഠനത്തിന്റെ അവസാനഘട്ടത്തിലുള്ള സെമിനാരി വിദ്യാർത്ഥികളാണ് ട്രാൻസിഷനൽ ഡീക്കൻസ്. ഒരു വർഷത്തെ ഡീക്കൻ പഠനത്തി ന് ശേഷം അവരെ ബിഷപ് വൈദികനായി അഭിഷേകം ചെയ്യും.
മാമോദീസ നൽകുക, വിവാഹങ്ങൾക്ക് സാക്ഷിയാവുക, ദിവ്യബലി കൂടാതെ മൃതസംസ്‌കാരശുശ്രൂഷയും മൃതസംസ്‌കാരവും നടത്തുക, ദിവ്യകാരുണ്യം കൊടുക്കുക, കുർബാന പ്രസംഗം നടത്തുക തുടങ്ങിയവ ഡീക്കൻമാർക്ക് ചെയ്യുവാൻ സാധിക്കും. എല്ലാ ദിവസവും യാമപ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനുള്ള കടമയും ഡീക്കൻമാരിൽ നിക്ഷിപ്തമാണ്.

Source: Sunday Shalom