News >> കോഴിയൊടൊപ്പം കൂട്ടിലടച്ചിരിക്കുന്ന പിഞ്ചുകുഞ്ഞ്: LSDP സന്യാസിനീ സമൂഹം സ്ഥാപക സിസ്റ്റർ ഡോ. മേരിലിറ്റി എൽ.എസ്.ഡി.പി യുടെ അനുഭവം
ദൈവപരിപാലനയുടെ എളിയ ദാസികളുടെ സന്യാസിനീ സമൂഹം സ്ഥാപക സിസ്റ്റർ ഡോ. മേരിലിറ്റി എൽ.എസ്.ഡി.പി യുടെ അനുഭവം'പാവപ്പെട്ട രോഗികൾ ഈശോയുടെ കണ്ണിലുണ്ണികളാണ്. കണ്ണിലെ കൃഷ്ണമണിപോലെ വേണം നാം അവരെ ശുശ്രൂഷിക്കാൻ. രോഗികൾ താമസിക്കുന്ന ഭവനം ഒരു കത്തീഡ്രലാണ്. അവർ കിടക്കുന്ന കട്ടിൽ ബലിപീഠവും. യേശുക്രിസ്തുവുമാണ് അതിൽ കിടക്കുന്നത്. അതുകൊണ്ട് നിവൃത്തിയുണ്ടെങ്കിൽ മുട്ടിന്മേൽ നിന്നേ അവർക്ക് ശുശ്രൂഷ ചെയ്യാവൂ.' ഞങ്ങളുടെ സമൂഹത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോസഫ് കൊത്തൊലെംഗോയുടെ വാക്കുകളാണിവ. ഓരോ രോഗിക്കും ഈശോയുടെ വിലയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഞങ്ങളുടെ സമൂഹത്തിൽ പതിനേഴ് ഭവനങ്ങളാണുള്ളത്. കുന്നന്താനത്തെ മഠമാണ് കേന്ദ്രം. ബുദ്ധിമാന്ദ്യം സംഭവിച്ചവരും വികലാംഗരും കാഴ്ചയില്ലാത്തവരും കേൾവിയില്ലാത്തവരും സ്വയം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരും അപസ്മാര രോഗികളും ശരീരം മുഴുവൻ തളർന്നുപോയവരും ഭക്ഷണം കഴിക്കണമെന്നുതന്നെ അറിഞ്ഞുകൂടാത്തവരും വീട്ടുകാരെ തിരിച്ചറിയാൻ പറ്റാത്തവരുമായ എല്ലാ തരത്തിലും എല്ലാവരാലും അവഗണിക്കപ്പെട്ട് വെറുക്കപ്പെട്ട് കഴിയുന്ന വിരൂപരായ മക്കളാണ് ഞങ്ങളുടെ ഭവനങ്ങളിലെ അന്തേവാസികളും ഞങ്ങളുടെ മുത്തുകളും പവിഴങ്ങളും.ഏഴാം മാസത്തിൽ ജനിച്ച കുട്ടികൾ മുതൽ ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തിയവർവരെ ഇവിടെയുണ്ട്. നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ അമ്മമാർ വൈകല്യത്തിന്റെ പേരിൽ ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ചവർ, അവിവാഹിതരായ അമ്മമാരുടെ ഉദരത്തിൽ വളർന്നവർ, വീട്ടിൽ വളർത്താൻ നിവൃത്തിയില്ലാത്തതിനാൽ കുഞ്ഞുങ്ങൾ എങ്ങനെയെങ്കിലും മരിച്ചുകിട്ടിയാൽ മതിയെന്ന് ചിന്തിച്ച മാതാപിതാക്കളുടെ മക്കൾ, ആത്മഹത്യയുടെ ആഴങ്ങളിൽനിന്ന് ജീവിതത്തിലേക്ക് കരകയറിയവർ എന്നിവരെല്ലാമാണ് ഈ ഭവനത്തിലേക്ക് വരുന്നവർ. പലരും കിടക്കയിൽത്തന്നെ മലമൂത്ര വിസർജനം നടത്തുന്നു. രോഗികൾ അവരുടെ കഴിവിനനുസരിച്ച് പരസ്പരം സഹായിക്കുന്നു. കാലിന് വൈകല്യമുള്ള സിസിലി എന്ന രോഗിയാണ് അന്ധയായ സ്റ്റെല്ലയെ കൈയ്ക്ക് പിടിച്ച് ചാപ്പലിൽ കൊണ്ടുവരുന്നത്. ഒരു ദിവസം സ്റ്റെല്ല ചാപ്പലിൽ പോകാനൊരുങ്ങിയിട്ട് സിസിലിയെ കാണുന്നില്ല. സിസിലിയുടെ കമ്മൽ കാണാത്തതുകൊണ്ട് അന്വേഷിച്ച് നടക്കുകയാണ്. സ്റ്റെല്ല പറഞ്ഞു, സിസിലി കമ്മലിനെ ധ്യാനിച്ചുകൊണ്ടിരുന്നോ, ഞാനെന്റെ ഈശോയെ ധ്യാനിക്കുവാൻ പോകുന്നു. എന്നിട്ട് സ്റ്റെല്ല തനിയെ നടന്ന് ചാപ്പലിൽ എത്തി. അവിടെ പ്രാർത്ഥിക്കാൻ വന്ന ഒരധ്യാപിക ഇത് കേട്ടു. ഗൾഫിൽ ജോലിയുള്ള തന്റെ ഭർത്താവിന്റെ ശമ്പളം കുറഞ്ഞുപോകുമോ, ജോലി നഷ്ടപ്പെടുമോ എന്നുള്ള ഉൽക്കണ്ഠയിൽ മനസ് വിഷമിച്ച് പ്രാർത്ഥിക്കുകയായിരുന്നു ആ ടീച്ചർ. അന്ധയും മാനസികരോഗിയുമായ സ്റ്റെല്ലയുടെ വാക്കുകൾ ആ അധ്യാപികയുടെ കണ്ണ് തുറപ്പിച്ചു. ഈശോയെ ധ്യാനിച്ചാൽ ഒരു കുറവും വരില്ലായെന്ന ബോധ്യം ടീച്ചറിന് കിട്ടി. രോഗികളെ കാണാൻ വരുന്ന പലർക്കും സ്റ്റെല്ല അവസരത്തിനൊത്ത ഉപദേശങ്ങൾ കൊടുക്കാറുണ്ട്.ഒരിക്കൽ പണത്തിന് അൽപം ബുദ്ധിമുട്ട് അനുഭവിച്ച സമയത്ത് ഞാൻ എന്റെ സിസ്റ്റേഴ്‌സിനെ പരീക്ഷിക്കാനായി പറഞ്ഞു: ഞാനൊരു ആറുമാസത്തേക്ക് ഇംഗ്ലണ്ടിൽ പോയി ജോലി ചെയ്ത് കുറച്ച് രൂപ ഉണ്ടാക്കിക്കൊണ്ടുവരാം. തൽക്കാലത്തേക്ക് നമുക്ക് പിടിച്ചുനിൽക്കാമല്ലോ. സിസ്റ്റേഴ്‌സിന്റെ പ്രതികരണമെന്തെന്നറിയാനായിരുന്നു അത്. അവർ എന്നോട് പറഞ്ഞു, പിന്നെ ഞങ്ങൾ മദറിനെ ഈ പടി കയറ്റുകയില്ലെന്ന്. ഞാൻ ആഗ്രഹിച്ചതും അവരിൽനിന്ന് പ്രതീക്ഷിച്ചതുമായ ഉത്തരം അതായിരുന്നു. ഈ സമൂഹത്തിന്റെ ആദർശവാക്യം തന്നെ "നിങ്ങൾ ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം ബാക്കിയെല്ലാം കൂട്ടിച്ചേർത്ത് നൽകപ്പെടും" (മത്താ. 6:33) എന്നതാണ്. അതുകൊണ്ട് ഞങ്ങൾ എത്ര വിദ്യാഭ്യാസയോഗ്യത ഉള്ളവരായാലും സ്ഥാപനത്തിന് പുറത്ത് ജോലി ചെയ്ത് പണമുണ്ടാക്കാൻ പോകാറില്ല.ദൈവപരിപാലനയിൽ ആശ്രയിച്ച ഒരു വ്യക്തിക്കോ കുടുംബത്തിനോ സമൂഹത്തിനോ ഇതുവരെ ലജ്ജിക്കേണ്ടി വന്നിട്ടില്ല എന്നാണ് എന്റെ അനുഭവത്തിലൂടെ ഞാൻ മനസിലാക്കിയിട്ടുള്ളത്. അവർക്ക് വിജയത്തിന്റെ കഥ മാത്രമേ പറയാനുണ്ടാകൂ. പാപത്തിന്റെയും പിശാചിന്റെയും മരണത്തിന്റെയും ലോകത്തിന്റെയുംമേൽ വിജയം നേടിയ എന്റെ ഈശോ എന്നെ വിജയിപ്പിക്കുവാൻ എന്റെ കൂടെ എപ്പോഴുമുണ്ടെന്ന തിരിച്ചറിവിലാണ് ഞാൻ ജീവിക്കുക. എനിക്ക് ഒരിക്കലും തോൽക്കാൻ ഇഷ്ടമല്ല. ജയിച്ച് നിൽക്കുവാനാണ് എനിക്ക് ഇഷ് ടം. ഞാനിന്നുവരെ തോറ്റിട്ടില്ല. മറ്റുള്ളവരെ വിജയിപ്പിക്കുന്നതിലാണ് എപ്പോഴും എന്റെ ആനന്ദം. ആത്മീയവും മാനസികവും ശാരീരികവും ബൗദ്ധികവും സാമ്പത്തികവും കുടുംബപരവും സമൂഹപരവുമായി എല്ലാവരെയും ഉണർത്തണം, വളർത്തണം, ഉയർത്തണം, വിജയിപ്പിക്കണം എന്ന ചിന്ത എന്നെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് എന്ത് വിലകൊടുത്തും പാവങ്ങളിൽ പാവങ്ങളായവർക്കുവേണ്ടി ജീവിതം സമർപ്പിക്കണമെന്നും എല്ലാ മേഖലകളിലും അവരെ ഉദ്ധരിക്കണമെന്നും നിശ്ചയിച്ചത്. ഒപ്പം വേറൊരു പ്രേഷിതപ്രവർത്തനമേഖലകൂടി കർത്താവ് കാണിച്ചുതന്നു. അതായത് മറ്റു സന്യാസ സമൂഹങ്ങളിൽ പലവിധ കാരണങ്ങളാൽ പ്രവേശനം നിഷേധിക്കപ്പെട്ട നല്ല ദൈവവിളികളുള്ള പെൺകുട്ടികളെ സ്വീകരിച്ച്, അവർക്ക് പരിശീലനം കൊടുത്ത് ഈ പാവങ്ങളെ ശുശ്രൂഷിക്കാൻ പഠിപ്പിച്ച് നിയോഗിച്ചാൽ ഒരേസമയം രണ്ട് കൂട്ടർക്കും അത് വലിയ സഹായകരമാകും. ഇത് കർത്താവ് ഓർമിപ്പിച്ചുതന്നതാണ്. അങ്ങനെ ദൈവപരിപാലനയ്ക്ക് എന്നെയും എന്റെ ആഗ്രഹങ്ങളെയും സമർപ്പിച്ചുകഴിഞ്ഞപ്പോൾ ഞങ്ങളെ നിരന്തരം വഴി നടത്തുന്ന ദൈവം ഞങ്ങളിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി.ഒരിക്കൽ ഒരു ഭവനസന്ദർശനത്തിന് പോയപ്പോൾ കണ്ടതാണ്. ഒരു കുഞ്ഞിനെ കോഴിയോടൊപ്പം കോഴിക്കൂട്ടിൽ ഇട്ടിരിക്കുന്നു. പെൺകുഞ്ഞാണ്. വയറും തലയും മാത്രമേയുള്ളൂ. അവൾക്ക് ഈർക്കിലിപോലുള്ള കൈകാലുകൾ. അമ്മ പീഡനം സഹിക്കാനാവാതെ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചുപോയി. രണ്ടുകാലുകളും ഒരു കൈയും തളർന്നുപോയ മദ്യപാനിയായ മനുഷ്യനാണ് അപ്പൻ. സ്വന്തമായുള്ള ഒരു കാളവണ്ടിയാണ് ഏകവരുമാനമാർഗം. കോഴിക്കൂടിന്റെ ഓലയ്ക്കിടയിലൂടെ നോക്കിയപ്പോൾ തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ടു. ഞങ്ങൾ നോക്കുമ്പോൾ ചിരിക്കും, ഞങ്ങൾ പോരുമ്പോൾ കരയും. കുഞ്ഞിന്റെ വയർ നിറയെ വിരയാണെന്ന് മനസിലായി. ഇങ്ങനെയായാൽ കുഞ്ഞ് താമസിയാതെ മരിക്കും. ഈ കുഞ്ഞിനെ ഞങ്ങൾ കൊണ്ടുപോയി വളർത്താം എന്ന് അപ്പനോട് പറഞ്ഞു. എനിക്ക് കഞ്ഞിവച്ചു തരാനും തുണി അലക്കാനുമുള്ള കുഞ്ഞാണിത്. ഞാൻ ഇതിനെ തരില്ല എന്നായി അയാൾ. അഞ്ചുവയസുവരെ നോക്കിയിട്ട് തിരിച്ച് തരാമെന്ന് പറഞ്ഞ് ഞാനവളെ കൂട്ടിക്കൊണ്ടുപോന്നു. മരുന്ന് കൊടുത്തപ്പോൾ ഫുട്‌ബോൾപോലെ വിര കെട്ടുകെട്ടായി പുറത്തുപോയി. മരുന്നും ഭക്ഷണവും പ്രാർത്ഥനയും സ്‌നേഹവുമെല്ലാം കൊടുത്തപ്പോൾ അവൾ മിടുക്കിയായി വളർന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ മാതാവുമായി അവളിന്ന് മനോഹരമായ ഒരു കൊച്ചുവീട്ടിൽ ഭർത്താവുമൊത്ത് സന്തോഷവതിയായി കഴിയുന്നു. ഈ കാലയളവിലൊക്കെ ഞാൻ ഈശോയുടെ സാന്നിധ്യവും സാമീപ്യവും വളരെയേറെ അനുഭവിച്ചിട്ടുണ്ട്.കുന്നന്താനത്തുനിന്ന് ചങ്ങനാശേരിക്ക് പോകാൻ സഞ്ചിയും തോളിലിട്ട് നടക്കല്ലിലേക്കിറങ്ങുമ്പോൾ ആരോ വരാന്തയിൽനിന്ന് മുറ്റത്തേക്ക് ചാടിയിറങ്ങുന്നതുപോലുള്ള ശബ്ദം കേൾക്കാമായിരുന്നു. എനിക്ക് തനിച്ച് ചങ്ങനാശേരി വരെ പോയിക്കൂടെ? നീയെന്തിനാ എപ്പോഴും എന്റെകൂടെ നടക്കുന്നത്. ഞാനെന്താ ഇട്ടിട്ട് പോകുമെന്ന് കരുതീട്ടാണോ? എന്ന് ഞാൻ തമാശയായി ഈശോയോട് ചോദിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ മാസം ഞങ്ങൾ ആഫ്രിക്കയിൽ സാമ്പിയയിൽ ഒരു ഭവനം ആരംഭിച്ചു. അതും ദൈവം അത്ഭുതകരമായി ഒരുക്കിത്തന്നതാണ്. സാമ്പിയയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ജൂലിയാനോ റുമാട്ടോയും ഭവനത്തിന്റെ ആശീർവാദശുശ്രൂഷയിൽ സംബന്ധിച്ചു. ആഫ്രിക്കൻ ശൈലിയിലായിരുന്നു ആരാധനയിലെ കാഴ്ചയർപ്പണവുമെല്ലാം. മൂന്ന് പതിറ്റാണ്ടിലേറെയായി ആദ്യഭവനം തുടങ്ങിയിട്ട്. ഒരു രോഗിയുമായി ആരംഭിച്ച ഭവനമായിരുന്നു. ഇന്ന് ആയിരത്തിലേറെ പേരായി. മണ്ണെണ്ണ വിളക്കായിരുന്നു ആദ്യം. മൂന്നരലക്ഷം രൂപയുടെ ജനറേറ്റർ തന്ന് സഹായിച്ചവരുമുണ്ട്. തലച്ചുമടായി വിറക് കിട്ടിയിരുന്നെങ്കിൽ ഇന്ന് ടെമ്പോയിലും ലോറിയിലും എത്തിക്കുന്നു. പാൽ തന്നിരുന്നവരുണ്ടായിരുന്നു. ഇന്ന് പശുവിനെ തരുന്നു. ഓലപ്പുരയിൽ ആരംഭിച്ചു. നാലും അഞ്ചും നിലയുള്ള കെട്ടിടം കർത്താവ് പാവങ്ങൾക്കായി ഒരുക്കിത്തരുന്നു. അരകിലോ അരി വാങ്ങി മൂന്നാം ദിവസം ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയെങ്കിൽ ഇന്ന് ചാക്കുകണക്കിന് അരി തന്ന് സഹായിക്കുന്നു. എവിടെയും എല്ലായ്‌പ്പോഴും ദൈവപരിപാലനയിൽ ആശ്രയം വച്ചാൽ അത്ഭുതകരമായ നടത്തിപ്പ് കാണുവാൻ കഴിയുമെന്നാണെന്റെ അനുഭവം.Source: Sunday Shalom