News >> ബലിയർപ്പിക്കാൻ ദൈവാലയമില്ല, വൈദികമന്ദിരവുമില്ല..എന്നിട്ടും ജനത്തിന് സുവിശേഷമാകുന്ന വൈദികൻ
രാജസ്ഥാനിലെ പ്രതാപ്ഘട്ട് പ്രവിശ്യയിലെ ധരിയാവത് ഗ്രാമം. പാൽപ്പുഞ്ചിരി വിരിയുന്ന മുഖങ്ങളും ദൈവവചനം വിതറാൻ പാൽപോലെ സ്‌നിഗ്ധമായ മനസുകളും രൂപപ്പെടുത്താൻ ഫാ. ബ്രൂണോയെ ദൈവം അയച്ചത് ഈ ഗ്രാമത്തിലേക്കാണ്. കഠിനാധ്വാനത്തിന്റെയും ഇല്ലായ്മകളുടെയും ബലിവേദിയിൽ അവർക്കുവേണ്ടി മുറിക്കപ്പെട്ട്, അവരിലൊരാളായി ജീവിതം സുവിശേഷമാക്കുകയാണ് ഫാ. ബ്രൂണോ.'നിന്റെ ആത്മാവിനെ രക്ഷിക്കണമെങ്കിൽ നീ വൈദികനാകണം..." എവിടെനിന്നാണ് ചെറുപ്പത്തിൽ ഈ വാക്കുകൾ കേട്ടതെന്ന് ഫാ. ബ്രൂണോയ്ക്ക് അറിയില്ല. എങ്കിലും, കേട്ട നാൾ മുതൽ ഹൃദയത്തിൽ കോറിയിട്ട ആ വരികൾ ബ്രൂണോ എന്ന പത്താം ക്ലാസ് വിദ്യർത്ഥിയെ അജ്മീരിലെ സെമിനാരിയിൽ എത്തിച്ചു.പൂനാ പേപ്പൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി. 1964-ൽ അഭിഷിക്തനായി. ഫാ. ബ്രൂണോയ്ക്ക് നിത്യേന ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ: 'പൗരോഹിത്യ ജീവിതധർമ്മത്തിന് ഇളക്കം തട്ടാത്ത ജോലികൾ മാത്രമേ തരാവൂ..'സ്‌കൂളിലായിരുന്നു ബ്രൂണോയുടെ ആദ്യനിയമനം. പരാതികളില്ലാതെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോഴും സാക്ഷാത്കരിക്കപ്പെടാത്ത ജീവിതാഭിലാഷം മനസിനെ വീർപ്പുമുട്ടിച്ചു. അഞ്ചു വർഷങ്ങൾക്കുശേഷം ഭീൽ ഗോത്ര വംശജരുടെ ഗ്രാമത്തിലേക്ക് മിഷനറിയായി അയ്ക്കപ്പെട്ടു.ക്രൈസ്തവ മിഷൻ കേന്ദ്രമായിരുന്നതുകൊണ്ട് അവിടെ പുതുതായി ഒന്നും ചെയ്യാനില്ലായിരുന്നു. എല്ലാറ്റിനും ഒരു യാന്ത്രികത... പുതുമകളൊന്നുമില്ലാതെ ദിനരാത്രങ്ങൾ കൊഴിഞ്ഞു... അസ്വസ്ഥമായ മനസ് മറ്റെന്തിനോ വേണ്ടി തീവ്രമായി ദാഹിച്ചു. മനസിന്റെ ആഗ്രഹം ബിഷപ്പുമായി പങ്കുവച്ചു. അങ്ങനെയാണ് ധരിയാവത് എന്ന കുഗ്രാമത്തിലേക്ക് ഫാ. ബ്രൂണോ അയയ്ക്കപ്പെടുന്നത്.എന്തെങ്കിലും പുതിയ പ്രൊജക്റ്റ് തുടങ്ങാൻ ബിഷപ് അനുവാദവും കൊടുത്തു. 150 കിലോമീറ്റർ ചുറ്റളവിൽ ഒറ്റ ക്രിസ്ത്യാനി പോലുമില്ലാത്ത പ്രദേശമാണ് ധരിയാവത്. ആവശ്യത്തിന് മഴയില്ല. അത്യുഷ്ണവും അതിശൈത്യവും മനുഷ്യജീവിതം ദുസഹമാക്കും. നിരക്ഷരരായ ജനങ്ങൾ. ഉച്ചനീചത്വങ്ങൾക്ക് പേരുകേട്ട നാട്. ഗവൺമെന്റ് സംവിധാനങ്ങൾ എത്തിനോക്കിയിട്ടില്ല. നാട്ടുകാരുടെ പഞ്ചായത്താണ് എല്ലാറ്റിനും അവസാന വാക്ക്....!"സാമൂഹ്യസേവകന്റെ റോളിലാണ് ഞാനവിടെ എത്തിയത്. ജനങ്ങൾക്ക് ക്രിസ്തുവിനെ കൊടുക്കാൻ എന്റെ മനസ് തുടിച്ചു. ജാതിക്കും വർഗങ്ങൾക്കും അതീതമായി സാഹോദര്യ സ്‌നേഹത്തിന്റെ നല്ലപാഠങ്ങൾ കഥകളായി അവർക്ക് പറഞ്ഞു കൊടുത്തു. ക്രിസ്തുവിനെപ്പറ്റി ഞാൻ അവരോട് ഒന്നും പറഞ്ഞില്ല. എവിടെയും മൗനവും നിസംഗതയും സംശയദൃഷ്ടിയും ഇടകലർന്ന ശ്രോതാക്കൾ.കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. വടക്കേ ഇന്ത്യയിൽ ആയിടെയുണ്ടായ ചില മതമൗലികരാഷ്ട്രീയ പ്രതിഭാസങ്ങൾ എനിക്കും ശക്തമായ വെല്ലുവിളി ഉയർത്തി. എല്ലാവർക്കും മുമ്പിൽ ഞാൻ പരദേശി.. അവർക്ക് നോട്ടപ്പുള്ളിയായി..." അച്ചൻ ഓർമിക്കുന്നു.നാട്ടുകാർ പഞ്ചായത്ത് വിളിച്ചുകൂട്ടി അച്ചന് അന്ത്യശാസനം കൊടുത്തു.ഇവിടെ തുടരാൻ അനുവദിക്കില്ല. വേഗം സ്ഥലം വിടണം. അല്ലെങ്കിൽ കൊന്നു കളയും. അച്ചൻ പറഞ്ഞത് കേൾക്കാൻ ആരും തയ്യാറായില്ല. ഒരു കൊച്ചു മുറിയിൽ ഏതാനും ദിവസം പുറത്തിറങ്ങാതെ ഇരുന്നു. കടന്നു പോകുന്ന ഓരോ കാലൊച്ചയും അച്ചന്റെ ഹൃദയമിടിപ്പ് കൂട്ടി. ആരും സഹായിക്കാനില്ല. ദൈവം മാത്രം തുണ. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പരാതി പ്രകാരം അച്ചനെ തേടി പോലീസ് വന്നു. സ്റ്റേഷനിൽ കൊണ്ടു പോയി ചോദ്യം ചെയ്തു.മതപരിവർത്തനത്തിനല്ല, ഗ്രാമത്തിലെ ജനങ്ങളുടെ പുരോഗതിക്കുവേണ്ടി അവർക്ക് സേവനം ചെയ്യാൻ വന്നതാണെന്ന് അച്ചൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. പലപ്രാവശ്യം ഇതാവർത്തിച്ചു. അച്ചനെതിരെ തെളിവുകളൊന്നുമില്ലാതിരുന്നതിനാൽ നടപടികളൊന്നുമുണ്ടായില്ല."മതപരിവർത്തനം ആരോപിക്കപ്പെടുന്നെങ്കിലും ആരും ക്രിസ്തുവിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ മനസിലാക്കി. ആതുരാലയങ്ങളോ സ്‌കൂളുകളോ അവിടെ ഇല്ല. അങ്ങനെയൊന്ന് തുടങ്ങാനുള്ള പണവും എന്റെ പക്കൽ ഇല്ല. സഹായിക്കാനും ആരുമില്ല. ദൈവവചനം മാത്രമാണ് ആകെ ഉള്ള സമ്പാദ്യം. അത് കേൾക്കാൻ ആരും തയ്യാറല്ല.... ഏത് നിമിഷവും എവിടെ വച്ചും കൊല്ലപ്പെടുമല്ലോ എന്ന ചിന്ത എന്നെ വേട്ടയാടി. നിസഹായനായി ദൈവസന്നിധിയിൽ ഇരുന്ന് ദിവസങ്ങളോളം കരഞ്ഞു... മനസിൽ ധൈര്യം നിറഞ്ഞു. എന്തും നേരിടാനുള്ള ഉൾക്കരുത്ത് ദൈവം നല്കി..."
"ധൈര്യപൂർവം തനിയെ ഭവനം സന്ദർശനം തുടങ്ങി. ആളുകളുമായി സംസാരിച്ചു. വില്ലേജുകൾ തോറും യാത്ര ചെയ്തു. എന്നിട്ടും ഒരാൾപോലും ദിവ്യബലിക്ക് വന്നില്ല. ഇതിനിടയിൽ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങൾ.എങ്ങനെ മുമ്പോട്ട് പോകുമെന്ന് അറിയില്ല. മനസിൽ നൂറ് നൂറ് ചോദ്യങ്ങൾ ഉയർന്നു. രൂപതയിലെ ഒരു സീനിയർ വൈദികൻ ഒരിക്കൽ പറഞ്ഞു: 'ഒരു മിഷനറി എന്ന നിലയിൽ നിങ്ങൾ പൂർണ പരാജയമാണ്. സമയം കളയാതെ മറ്റെന്തെങ്കിലും ക്രിയാത്മകമായി ചെയ്യാൻ നോക്ക്...' ആ വാക്കുകൾ എന്റെ മനസിൽ തറച്ചു. ആശ്രയിക്കാൻ ദൈവമല്ലാതെ മററാരുമില്ല. ജയപരാജയങ്ങൾ നിശ്ചയിക്കാൻ സമയമായില്ല എന്ന് എന്റെ അന്തരംഗം മന്ത്രിച്ചു..."അങ്ങനെയിരിക്കേ ഫാ. ബ്രൂണോയ്ക്ക് സഹായത്തിന് ബിഷപ് ഒരു കാറ്റക്കിസ്റ്റിനെ അയച്ചു. മനസുതുറന്ന് സംസാരിക്കാൻ ഒരാളായല്ലോ എന്ന ചിന്തയായിരുന്നു അച്ചന്. പക്ഷേ, ചിലവിന്റെ കാര്യം വന്നപ്പോൾ പിന്നെയും പ്രശ്‌നം. അച്ചന്റെ കാര്യംതന്നെ വളരെ ഞെരുങ്ങിയാണ് പോകുന്നത്. അനുദിന ചിലവുകൾ പരിഹരിക്കാൻ ഒരു പശുവിനെ വാങ്ങി. അതിനെ പരിപാലിച്ച് ദിവസങ്ങൾ നീക്കി. വരുമാനം വർദ്ധിച്ചു. വലിയൊരു ധവള (സുവിശേഷ) വിപ്ലവത്തിനുള്ള വഴി തുറക്കലായിരുന്നു അതെന്ന് കാലം തെളിയിച്ചു."പശുവളർത്തൽ സുവിശേഷപ്രഘോഷണത്തിന് അനുകൂലമായ സാഹചര്യം ഉളവാക്കിയെന്ന് എനിക്ക് തോന്നി. കാരണം, പശു അവരുടെ പൂജ്യവസ്തുവാണല്ലോ. ചെറിയ തൊഴുത്തിൽനിന്ന് ഡയറി ഫാമായി വളർന്നപ്പോൾ ജോലിക്കാരുടെ എണ്ണം വർദ്ധിച്ചു. ഒരു ഗ്രാമത്തിൽ നിന്ന് ഒരാൾ എന്ന നിലയിൽ പലഗ്രാമങ്ങളിൽ നിന്ന് ജോലിക്കാരെ എടുത്തു. ഗ്രാമവാസികളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ അത് സഹായകരമായി. ജോലിക്കാർ ഇവിടെത്തന്നെ കുടുംബമായി താമസിച്ച് ഫാമിന്റെ കാര്യങ്ങൾ നോക്കി നടത്താനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുത്തു. അതെല്ലാം ദൈവിക ഇടപെടലായിരുന്നുവെന്ന് പിന്നീട് മനസിലായി. ജോലി ചെയ്തും ആഹാരം കഴിച്ചും അവരോടൊപ്പം ഞാനും ജീവിച്ചു..."ജോലിക്കാരുടെ മുമ്പിൽ ഒരു തുറന്ന പുസ്തകമാവുകയായിരുന്നു ഫാ. ബ്രൂണോ. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് അവർ പലതും പഠിച്ചു. അന്നുവരെ അവർക്ക് അന്യമായിരുന്ന സ്‌നേഹവും കരുണയും വാത്സല്യവുമൊക്കെ അച്ചന്റെ കണ്ണുകളിൽ അവർ കണ്ടു. മൂന്ന് കാറ്റക്കിസ്റ്റുകളെക്കൂടി ധരിയാതിലേക്ക് ബിഷപ് നിയമിച്ചു. ഒന്നിച്ച് പണിയെടുത്തും ഉണ്ടും ഉറങ്ങിയും പ്രാർത്ഥിച്ചും പതിനേഴ് വർഷങ്ങൾ നിശബ്ദ സാക്ഷ്യങ്ങളായി അവർ കഴിഞ്ഞുകൂടി. മുപ്പതോളം കുടുംബങ്ങൾ അടങ്ങുന്ന സമൂഹം അവിടെ രൂപപ്പെട്ടു.സമൂഹത്തിന്റെ കഷ്ടപ്പാടുകളും സാമ്പത്തിക പ്രതിസന്ധികളും രോഗങ്ങളും എല്ലാം ദൈവതിരുമുമ്പിൽ സമർപ്പിച്ച് നിത്യവും അച്ചൻ പ്രാർത്ഥിക്കുന്നത് അവർ കാണാൻ തുടങ്ങി. കരുതലോടെ സംരക്ഷിക്കുന്ന ദൈവത്തെ കണ്ടെത്താൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമായി. ധനത്തെ സമൃദ്ധിയുടെ അടയാളവും ദൈവവുമായി കരുതിയിരുന്ന അവർക്ക് അത് പുതിയ അറിവായിരുന്നു. ദൈവസ്‌നേഹത്തെക്കുറിച്ചും സഹോദരസ്‌നേഹത്തെക്കുറിച്ചുമെല്ലാം അച്ചൻ അവർക്ക് പറഞ്ഞുകൊടുത്തു.മറ്റുള്ളവരോട് സ്‌നേഹത്തോടെ ഇടപെടാൻ അവർ പഠിച്ചു. കുടുംബങ്ങളിൽ സന്തോഷവും സമാധാനവും നിറയാൻ തുടങ്ങി. ചുരുക്കത്തിൽ, ഫാ. ബ്രൂണോയിലൂടെ സ്‌നേഹത്തിന്റെ സുവിശേഷം പടരുകയായിരുന്നു അവിടെ. ദൈവത്തെ അറിഞ്ഞ് പൂർണമനസോടെ അനുകരിക്കാൻ തയ്യാറായി ഒരാൾ വന്നത് അച്ചൻ ഇന്നും സന്തോഷത്തോടെ ഓർമിക്കുന്നു. ഒരിക്കൽ, ഭവനസന്ദർശനം കഴിഞ്ഞുവരുമ്പോൾ, മുമ്പ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഗ്രൂപ്പിൽപ്പെട്ട ചിലരെ കണ്ടു. ഉള്ളിൽ ഭയം തോന്നിയെങ്കിലും എന്തും വരട്ടെയെന്ന മട്ടിൽ അച്ചൻ അവർക്കു മുന്നിൽ നിന്നു.അച്ചന്റെ വിളറിയ മുഖഭാവം ശ്രദ്ധിച്ച ഗ്രൂപ്പിന്റെ നേതാവ് പറഞ്ഞു: ഫാദർജി, അങ്ങയെ ഞങ്ങൾ ഒന്നും ചെയ്യില്ല. നല്ലകാര്യങ്ങൾ പറഞ്ഞുതരാൻ നിങ്ങളെപ്പോലൊരാളെ ഞങ്ങൾക്ക് ആവശ്യമുണ്ട്...! ആ ഗ്രൂപ്പിലൂടെതന്നെ അച്ചന്റെ ഖ്യാതി പടർന്നു. പിന്നീട് ഒരിക്കലും ഒരു പ്രതിബന്ധങ്ങളും അച്ചന് ഉണ്ടായിട്ടില്ല.ഉപജീവനത്തിനുള്ള മാർഗമെന്നതിലുപരി ദൈവത്തിന് സാക്ഷ്യം വഹിക്കാനുള്ള മാധ്യമമായി പശുവളർത്തൽ രൂപാന്തരപ്പെട്ടു. ശാന്തമായ ജീവിതാന്തരീക്ഷം... പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന കൂടുംബങ്ങൾ. സ്‌നേഹമെന്നത് ഗ്രാമത്തിന്റെ മുദ്രാവാക്യമായി തീർന്നു.നിരവധി കുടുംബങ്ങൾ ദൈവത്തെ അറിയാൻ ഈ ഡയറി ഫാമിനെ ദൈവം ഉപകരണമാക്കി. സാമ്പത്തിക പരിമിതികളും പ്രയാസങ്ങളും ഒന്നും ഇവരെ തളർത്തുന്നില്ല. എല്ലാറ്റിന്റെയും പരിപാലകനും സംരക്ഷകനുമായ ദൈവത്തിൽ ആശ്രയിക്കാൻ അവർ പഠിച്ചു...ഫാ. ബ്രൂണോയുടെ താമസസ്ഥലത്തെ ചെറിയ ചാപ്പലിൽ എല്ലാദിവസവും വിശുദ്ധ കുർബാന ഉണ്ട്. പത്തുപതിനഞ്ചുപേർ ദിവസവും ദിവ്യബലിക്ക് ഉണ്ടാവും. ഞായറാഴ്ചകളിൽ നൂറ്റമ്പതോളം ആളുകൾ ദിവ്യബലിക്ക് വരും. അന്ന് പശുത്തൊഴുത്ത് ദേവാലയമാകും. പശുക്കളെ മാറ്റിക്കെട്ടി, കൂട് കഴുകി വൃത്തിയാക്കി, ചുറ്റം കർട്ടൻ കെട്ടി അലങ്കരിക്കും... അൾത്താര ഒരുക്കും..! സന്തോഷത്തോടും ഭക്തിയോടും കൂടെ കൈകൾ കൂപ്പി സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷൻന്മാരുമെല്ലാം ശുശ്രൂഷകളിൽ ജാഗ്രതയോടെ പങ്കെടുക്കും. ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങളിൽ വിവിധ മതവിശ്വാസികൾ ഉൾപ്പെടെ അറുന്നൂറോളം ആളുകൾ വിശുദ്ധ കുർബാനയ്ക്ക് വരും. ഓരോ ദിവ്യബലിയും അവർക്ക് ഉത്സവമാണ്..ധരിയാവതിൽ ക്രൈസ്തവ സഭാസമൂഹം രൂപപ്പെട്ടു. ക്രൈസ്തവരായി ജീവിക്കാൻ ഗ്രാമവാസികളെ അച്ചൻ പരിശീലിപ്പിച്ചെടുത്തു. അവർ കണ്ടെത്തി അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ പങ്കുവച്ചുകൊടുക്കാൻ വേണ്ട സാഹചര്യവും അച്ചൻ ഒരുക്കി.ഓരോ ടീമായി മറ്റ് ഗ്രാമങ്ങളിൽ പോയി തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അവരെ അയയ്ക്കും. ഓരോ ടീമിന്റെയും കൂടെ കാറ്റക്കിസ്റ്റും ഉണ്ടാവും. ഓരോ ഭവനത്തിലുമെത്തി ആദ്യം സൗഹൃദ സംഭാഷണം. പിന്നെ ഭവനത്തിലുള്ളവരുടെ ജീവിതപ്രശ്‌നങ്ങൾ ശാന്തമായി കേൾക്കും. ഒടുവിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതുവഴി തങ്ങളുടെ ജീവിതത്തിൽ വന്നമാറ്റം ടീമംഗങ്ങൾ പങ്കുവയ്ക്കും. ആ ഭവനത്തിലുള്ളവർക്കുവേണ്ടി പ്രാർത്ഥിച്ച് അടുത്ത സ്ഥലത്തേക്ക് പോകും... ഇപ്രകാരം സുവിശേഷവൽക്കരണത്തിനുവേണ്ടി പോകാൻ ആളുകൾക്ക് താല്പര്യമാണ്. ഓരോ ഞായറാഴ്ചയും ദിവ്യബലിക്കുശേഷം അടുത്ത ആഴ്ചയിൽ സുവിശേഷം പങ്കുവയ്ക്കാൻ പോകാനുള്ള ടീമിനെ തിരഞ്ഞെടുക്കും. ഫലപ്രദവും വ്യത്യസ്തവുമായ സുവിശേഷവൽക്കരണ പ്രക്രിയയിലൂടെ ദൈവവചനം ഗ്രാമങ്ങളിൽ ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു...ഡയറിഫാമിലെ ജോലികൊണ്ട് വരുംതലമുറയ്ക്ക് ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ കുട്ടികളെ പുറത്ത് പഠിക്കാൻ അയയ്ക്കും. മൂന്ന് പെൺകുട്ടികൾ സ്റ്റാഫ് നഴ്‌സിങിന് പഠിക്കുന്നു. ബി.എസ്.സി കമ്പ്യൂട്ടർ, എം.എ, ബി.എ... അങ്ങനെ പോകുന്നു പഠിതാക്കൾ. ചെറിയ ക്ലാസുകളിൽ പഠിക്കുന്നവർ വേറേ. കുട്ടികളെ പഠിപ്പിക്കുന്നതിന് പണം വേണം. മറ്റു ചിലവുകൾക്കു പുറമേ ഇതും ഒരു ബാധ്യതയാണ് ഫാ. ബ്രൂണോയ്ക്ക്. കുഞ്ഞുങ്ങളുടെ പഠനകാര്യത്തിൽ മാതാപിതാക്കൾ ഒന്നും ചെയ്യില്ല. കാരണം, അവർക്ക് വിദ്യാഭ്യാസമില്ല. പഠിക്കുന്നതെന്തിനാണെന്നുപോലും അവർക്കറിയില്ല. കൗമാരം പിന്നിടുന്ന കുട്ടികൾക്കായി 'ഏൺ ആന്റ് ലേൺ' പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ ഫാമിൽ വന്ന് തൊഴുത്ത് വൃത്തിയാക്കൽ, പുല്ല് അരിയൽ, പാൽ ശേഖരിക്കൽ എന്നിങ്ങനെ തങ്ങൾക്ക് ചെയ്യാവുന്ന ജോലി കുട്ടികൾ ചെയ്യും. അതിനുള്ള കൂലി അവർക്ക് കൊടുക്കും. തൊഴിലിന്റെ മാഹാത്മ്യവും ജീവിതത്തിന്റെ അർത്ഥവും കണ്ടു മനസിലാക്കി പഠനത്തിൽ മുന്നേറാനുള്ള അവസരങ്ങൾ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. തന്റെ ജീവിതം അവർക്കൊരു പാഠപുസ്തകമാണെന്ന് അച്ചൻ പറയുന്നു. അവർ സ്വീകരിച്ച വിശ്വാസം കെട്ടണഞ്ഞുപോകാതെ, എല്ലാത്തരത്തിലും സ്വയം പര്യാപ്തരായി, വിശുദ്ധരായി വളർന്നുവരുന്ന തലമുറയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് ഫാ. ബ്രൂണോ.ഒരു ചെറിയ ബെഡ് റും, ചാപ്പൽ, ഇടുങ്ങിയ കിച്ചൺ... ആഹാരം കഴിക്കാനും വരുന്നവർക്ക് ഇരിക്കാനും ഒരു ഹാൾ. ഇതാണ് കാട്ടുതടിയും മൺകട്ടയും കൊണ്ട് നിർമിച്ച അച്ചന്റെ വൈദികമന്ദിരം. പുലർച്ചെ നാലുമണിക്ക് ഡയറിഫാമിലെ വിളക്കുകൾ പ്രകാശിക്കും. 4.30-ന് ആ ദിവസത്തെ മുഴുവൻ ദൈവസന്നിധിയിൽ അർപ്പിച്ചുകൊണ്ട് വിശുദ്ധ കുർബാന. 5.15-ന് പ്രഭാത ഭക്ഷണം. 5.45-ന് അച്ചൻ പുറത്തിറങ്ങും... ചിലപ്പോൾ യാത്ര. ഭവന സന്ദർശനം. കുറച്ചു സമയം ഫാമിൽ ചിലവഴിക്കും... മറ്റുള്ളവരുമായി സംസാരിക്കുന്ന സമയം ഒഴികെ യാത്രയിലും ജോലിയിലും എല്ലാം മനസ് ദൈവത്തിലർപ്പിച്ച് പ്രാർത്ഥന... തിരികെ എത്തുമ്പോൾ എത്ര വൈകിയാലും ഉറങ്ങുന്നതിനുമുമ്പ് ദിവ്യകാരുണ്യ സന്നിധിയിൽ കുറെയേറെ സമയം ധ്യാനം... ഇങ്ങനെ പോകുന്നു ഫാ. ബ്രൂണോയുടെ ഒരു ദിവസം."പ്രായമായി... ഇനി എത്രകാലം ഇങ്ങനെ ഓടാൻ പറ്റുമെന്ന് അറിയില്ല.. എന്റെ ജനത്തിന് ആരാധനയ്ക്ക് ഒരു ദേവാലയമില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു... ഒരു പക്ഷേ എന്റെ കാലശേഷം പള്ളിയും സ്‌കൂളും ആശുപത്രിയുമൊക്കെ ഇവിടെ വരും...."ഒരു കുടുംബനാഥന് മക്കളെക്കുറിച്ചുള്ള ആധിപോലെയാണ് ഫാ. ബ്രൂണോയ്ക്ക് തന്റെ സമൂഹത്തെക്!