News >> അടുക്കളഭക്ഷണം കുട്ടികൾക്കു വേണ്ട; പാക്കറ്റ് ഫുഡ് ഇഷ്ട ഭക്ഷണം
വീട്ടിലുണ്ടാക്കുന്ന ആഹാരത്തോടുള്ള പ്രിയം വിദ്യാർത്ഥികളിൽ കുറഞ്ഞു വരുന്നതായി വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലൂടെ തെളിഞ്ഞു. എന്നാൽ ലയ്‌സ്, ബിൻഗോ തുടങ്ങിയ മസാല ചേർത്തുള്ള പലഹാരങ്ങളോടും എണ്ണപ്പലഹാരങ്ങളോടും ബേക്കറി പലഹാരങ്ങളോടും കൂടുതൽ പ്രിയം കാണിക്കുകയും ചെയ്യുന്നു. സൗത്ത് തൃക്കരിപ്പൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ പത്താം തരം വിദ്യാർത്ഥികളായ എം.വി.ഷിബിന, എം.വി.ഐശ്വര്യ എന്നിവരാണ് 'പുത്തൻ ആഹാരശീലങ്ങളും ആരോഗ്യപ്രശ്‌നങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി പഠനം നടത്തിയത്.വിദ്യാർത്ഥികൾ പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിച്ച് പോഷകമൂല്യമില്ലാത്ത ഇത്തരം ആഹാരങ്ങളാണ് മൂന്നു നേരങ്ങളിലും കഴിക്കാൻ ഇഷ്ടപ്പെടുന്നത്. ഇടവേളകളിൽ ഇത്തരം പലഹാരങ്ങൾ കഴിക്കാത്ത ഒരു കുട്ടിപോലും സർവേയിൽ ഉണ്ടായിരുന്നില്ല. രുചി മാത്രമാണ് കുട്ടികൾ ആഹാരത്തിൽ നോക്കുന്നത്. പാക്കറ്റ് പലഹാരങ്ങളിലെ ഘടകങ്ങളെക്കുറിച്ചോ അവയുടെ ഗുണത്തെക്കുറിച്ചോ കുട്ടികളോ രക്ഷിതാക്കളോ ബോധവാന്മാരല്ല. കുട്ടികൾക്ക് വീട്ടിൽനിന്നും യാത്രാവേളയിലും ഇത്തരം ആഹാരങ്ങൾ വാങ്ങിച്ച് കൊടുക്കാൻ മാതാപിതാക്കൾക്ക് യാതൊരു മടിയുമില്ല.ആകെയുള്ള 120 കുട്ടികളിൽ നൂറിൽ അധികം പേർക്കും തലവേദന, വയറുവേദന, മൂത്രസംബന്ധമായ പ്രശ്‌നങ്ങൾ, പഠനത്തിൽ ശ്രദ്ധയില്ലായ്മ, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നു. രക്ഷിതാക്കളുടെ അനുവാദമില്ലാതെ ഇത്തരം ആഹാരങ്ങൾ കഴിക്കുന്ന കുട്ടികൾ അസുഖങ്ങളുണ്ടായാൽ വീട്ടിൽ പറയാറില്ല. സഹപാഠികളോടോ അധ്യാപകരോടോ പറയാൻ മടിക്കുന്ന ഒട്ടേറെ അസുഖങ്ങൾ നേരിടുന്ന കുട്ടികൾപോലും സ്‌കൂളിലുണ്ടെന്ന സൂചനയും പഠനത്തിലൂടെ കണ്ടെത്തി.ജങ്ക് ഫുഡുകൾ എന്ന് വിളിക്കുന്ന ലയ്‌സ്, ബിൻഗോ തുടങ്ങിയ മസാല പാക്കറ്റ് പലഹാരങ്ങളിലെല്ലാം കൂടിയ അളവിൽ കൊഴുപ്പ്, ഉപ്പ്, മധുരം, അപൂരിത കൊഴുപ്പ്, ഊർജം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഇഷ്ടംപോലെ കഴിക്കുന്നതുമൂലം കുട്ടിക്കാലത്തുതന്നെ പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിത ഭാരം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നു. പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിച്ചതുമൂലം അവയുടെ അപര്യാപ്തത മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു. രുചിയും നിറവും നൽകാനായി അവയിൽ ചേർക്കുന്ന അജിനോമോട്ടോ എന്ന രാസപദാർത്ഥം അവയുടെ പാക്കറ്റുകളിൽ മറ്റു പേരുകളിൽ കാണിക്കുന്നു. ജീവിതശൈലി രോഗങ്ങൾക്കൊപ്പം ഹൃദയത്തിന്റെ പ്രവർത്തനത്തിലെ ക്രമരാഹിത്യം, ദഹനപ്രശ്‌നങ്ങൾ, നാഡി സംബന്ധമായ രോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിവയ്ക്കും അജിനോ മോട്ടോ കാരണമാകുന്നു. നാരില്ലാത്ത ഇത്തരം ആഹാരങ്ങളുടെ അമിത ഉപയോഗം ഭാവിയിൽ പൈൽസ് വരാൻവരെ കാരണമാകുന്നു. ഇവയിലെ പ്രധാന ഘടകമായ മൈദ ദഹന പ്രശ്‌നങ്ങൾക്ക് പുറമേ കാൻസറിനും കാരണമാകുന്നു. (മൈദ ബ്ലീച്ച് ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ കാൻസറിന് കാരണമാകുന്നു). ഇത്തരം ആഹാരങ്ങൾ കുട്ടികളുടെ ബുദ്ധിയുടെ വികാസത്തെ സാരമായി ബാധിക്കുന്നു.ഇത് ഐ.ക്യു കുറയാനും ഓട്ടിസംപോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. പഠനത്തിന് വിധേയരാക്കിയ വിദ്യാർത്ഥികളിൽ മൂന്നിൽ ഒരാൾ മാത്രമേ ആവശ്യത്തിന് വെള്ളം കുടിക്കാറുള്ളൂ. കൂടാതെ ദിവസവും മലവിസർജ്ജനം നടത്തുന്നവരും കുറവാണ്.കുട്ടികളെ ആകർഷിക്കുന്ന പരസ്യങ്ങളിലൂടെയും ഓഫറുകളിലൂടെയുമാണ് കുട്ടികൾ ഇത്തരം ആഹാരങ്ങളിലേക്ക് ചെന്നെത്തുന്നത്. സ്‌കൂളിന് സമീപത്തുള്ള കടകളിൽ നിന്ന് കുട്ടികൾ ദിവസവും വാങ്ങി കഴിക്കുന്ന ആഹാരങ്ങളുടെ കണക്ക് വളരെ കൂടുതലാണ്. ഉച്ച നേരങ്ങളിൽ അവ മാത്രം കഴിക്കുന്ന കുട്ടികൾപോലും ഉണ്ടെന്ന് കടയുടമ പറയുന്നു.ബ്രിട്ടൻ, ഡെൻമാർക്ക്, യു.എ.ഇ, ഹംഗറി തുടങ്ങിയ ഒട്ടേറെ വിദേശ രാജ്യങ്ങളിൽ ജങ്ക് ഫുഡിന്റെ അപകടം മനസിലാക്കി സ്‌കൂൾ പരിസരത്തും കളി സ്ഥലങ്ങളിലും അവയുടെ വില്പന നിരോധിക്കുകയും കുട്ടികൾക്കായുള്ള ടി.വി പരിപാടികൾക്കിടയിൽ അവയുടെ പരസ്യം നിരോധിക്കുകയും ചെയ്തു. ചില രാജ്യങ്ങളിൽ അവയ്ക്ക് ഫാറ്റ് ടാക്‌സ് ഏർപ്പെടുത്തി വില്പന കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇവയെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൂട്രീഷൻ പഠനം നടത്തി അവയുടെ ദോഷവശങ്ങൾ കണ്ടെത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഇത്തരം ആഹാരങ്ങളിലെ ഘടകങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കാൻ സ്‌കൂളിൽ ബോധവൽക്കരണം നടത്തി. തങ്ങളുടെ ഈ പഠനം ഈ വർഷത്തെ ശാസ്ത്രമേളയിൽ അവതരിപ്പിക്കാനും അതുവഴി ഈ സന്ദേശം ഒട്ടേറെ പേരിൽ എത്തിക്കാനുമാണ് കുട്ടികളുടെ ശ്രമം.
ഉറുമീസ് തൃക്കരിപ്പൂർSource: Sunday Shalom