News >> അഞ്ഞൂറ് ദ്വീപുകളിലെ വിശ്വാസികളുടെ ആശ്രയമായ രൂപത
ചെന്നൈയിൽ നിന്ന് 1190 കിലോമീറ്റർ ദൂരെയാണ്, കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ- നിക്കോബാർ ദ്വീപ് സമൂഹങ്ങൾ. ഈ ദ്വീപ്‌സമൂഹത്തിന്റെ വികസനത്തിന് നേതൃത്വം കൊടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ക്യാപ്റ്റൻ ബ്ലെയറിന്റെ സ്മരണയ്ക്കായിട്ടാണ് തുറമുഖത്തിന് പോർട്ട് ബ്ലെയർ എന്ന് പേരിട്ടത്. 37,000 ത്തിൽ പരം ജനസംഖ്യയിൽ നാൽപതിനായിരം പേരാണ് രൂപതാംഗങ്ങൾ. ആൻഡമാനിൽനിന്ന് നിക്കോബാറിൽ എത്തണമെങ്കിൽ ജലമാർഗം 16 മണിക്കൂർ യാത്ര ചെയ്യണം. ആൻഡമാൻ ദ്വീപിന്റെ നീളം 467 കിലോമീറ്ററും വീതി 52 കിലോമീറ്ററുമാണ്. നിക്കോബാർ ദ്വീപസമൂഹത്തിന്റെ നീളം 259 കിലോമീറ്ററും വീതി 58 കിലോമീറ്ററുമാണ്. ദ്വീപുകളുടെ ആകെ വിസ്തൃതിയിൽ ഏകദേശം 90 ശതമാനം വനപ്രദേശങ്ങളാണ്. വിവസ്ത്രരും നാമമാത്ര വസ്ത്രധാരികളുമായ ഗോത്രവർഗക്കാർ ഈ വനങ്ങളിലുണ്ട്. 'ജാരവാസ്' എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. നായാട്ടാണ് ഉപജീവനമാർഗം.നിക്കോബാറിലുള്ള ജനങ്ങളിൽ ഭൂരിഭാഗവും ബർമയിൽനിന്ന് കുടിയേറിപ്പാർത്ത മംഗോളിയൻ വംശജരുടെ പിൻതലമുറക്കാരാണ്. ജപ്പാനിൽനിന്ന് കുടിയേറിപ്പാർത്തവരുടെ പിൻതലമുറക്കാരാണ് കൂടുതലും. മിഷനറിമാർ പല പ്രാവശ്യം ഇവിടെ എത്തിയെങ്കിലും ഗോത്രവർഗക്കാരുടെ ആക്രമണം, മലേറിയ തുടങ്ങിയ കാരണങ്ങളാൽ അവർക്ക് തിരിച്ചുപോകേണ്ടി വന്നു.തെങ്ങ്, വെറ്റില എന്നിവയാണ് പ്രധാന വരുമാനമാർഗം. ഇതിന് പുറമെ പന്നിവളർത്തലുമുണ്ട്. ഗ്രാമത്തലവനെ ഇവർ 'ക്യാപ്റ്റൻ' എന്നാണ് അഭിസംബോധന ചെയ്യുന്നത്. ആദ്യകാലങ്ങളിൽ ഈ ദ്വീപ് നിവാസികൾ അധികാരമുള്ള ഏക വ്യക്തിയെ കണ്ടത്, ഇവിടെ വരുന്ന കപ്പലുകളിലെ ക്യാപ്റ്റന്മാരെയാണ്. അങ്ങനെ യാണ് ഗ്രാമത്തലവന് ക്യാപ്റ്റൻ എന്ന പേര് ലഭിച്ചത്.പോർട്ട് ബ്ലെയറിലെ ഏറ്റവും വലിയ ചരിത്രസ്മാരകമാണ് സെല്ലുലാർ ജയിൽ അഥവാ 'കാലാപാനി.' ബ്രിട്ടീഷ് ഭരണകാലത്ത്, രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്നതിനും കഠിന ജോലികൾ ചെയ്യിക്കുന്നതിനുംവേണ്ടിയാണ് ഈ ജയിൽ സ്ഥാപിച്ചത്.ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരിൽ ഭൂരിഭാഗവും ഇവിടെത്തന്നെ വിവാഹിതരായി സ്ഥിരതാമസം ആരംഭിച്ചു. അവരുടെ തലമുറകളാണ് ഇപ്പോൾ ഇവിടെയുള്ളവരിൽ നല്ലൊരു ശതമാനം. അതിനാലാണ് ഇന്ത്യയിലെ പ്രമുഖ ഭാഷകളെല്ലാം കേന്ദ്രഭരണപ്രദേശത്തുള്ള പോർട്ട് ബ്ലെയർ രൂപതയിലും ഉപയോഗിക്കുന്നത്.പോർട്ട് ബ്ലെയറിൽ എത്തുന്ന സന്ദർശകർ സ്റ്റെല്ലാ മാരീസ് കത്തീഡ്രലിന് പുറമെ, സെല്ലുലാർ ജയിൽ, ആന്ത്രോപ്പോളജി മ്യൂസിയം, സമുദ്രിക മറൈൻ മ്യൂസിയം, കോർബിയൻസ് കേവ്, മറൈൻ പാർക്ക്, നോർത്ത് ബേ ഐലന്റ്, മഹാത്മാഗാന്ധി നാഷണൽ പാർക്ക്, ചതം സോമിൽ, സുവോളജിക്കൽ സർവേ മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കുന്നു.2004 ഡിസംബർ 26 നുണ്ടായ സുനാമിയുടെ പ്രഭവകേന്ദ്രം ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹങ്ങളുടെ സമീപമായിരുന്നു. സുനാമിയിൽ ഈ ദ്വീപുകളിലെ അനേകംപേർ മരണമടഞ്ഞെങ്കിലും പോർട്ട് ബ്ലെയർ രൂപതയുടെ നേതൃത്വത്തിൽ എല്ലാവർക്കും ആശ്രയം നൽകി.1984 ജൂൺ 22 ന് പോർട്ട് ബ്ലെയർ രൂപതയായി ഉയർത്തപ്പെട്ടു. ഈ രൂപതയുടെ പ്രഥമ ബിഷപ്പായി മോസ്റ്റ് റവ. ഡോ. അലക്‌സ് ഡയസ് നിയമിതനായി. സ്റ്റെല്ലാ മാരീസ് കത്തീഡ്രലാണ് ആസ്ഥാനം. 8293 കിലോമീറ്റർ വിസ്തൃതിയുള്ളതാണീ രൂപത.ഇപ്പോൾ ചെന്നൈ, കൊൽക്കത്ത, ഭൂവനേശ്വർ എന്നിവിടങ്ങളിൽനിന്ന് എല്ലാ ദിവസവും വിമാന സർവീസുണ്ട്. ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിൽനിന്ന് രണ്ടു മാസത്തിലൊരിക്കൽ ഓരോ കപ്പൽ സർവീസും ഉണ്ട്. ആദിവാസികളെയും ഗോത്രവർഗക്കാരെയും കുടിയേറി പാർത്തവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് 30 വർഷമായി പോർട്ട് ബ്ലെയർ രൂപത നൽകുന്ന സേവനം ശ്ലാഘനീയമാണ്.
തോമസ് തട്ടാരടിSource: Sunday Shalom