News >> ഒരു ടീമിന്റെ വിജയം ആ ടീമിന്റെ നല്ല മൂല്യങ്ങൾ: ഫ്രാൻസിസ് മാർപാപ്പ


വത്തിക്കാൻ: ഒരു ടീമിന്റെ വിജയമെന്നത് സ്വരചേർച്ച, വിശ്വസ്തത, സൗഹൃദത്തിനും സംവാദത്തിനുമുള്ള കഴിവ്, ഐക്യദാർഢ്യം തുടങ്ങിയ മാനുഷിക സ്വഭാവഗുണ വിശേഷങ്ങളാണെന്ന് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാനിലെ ക്ലമന്റൈൻ ഹാളിലേക്ക് സ്വാഗതം ചെയ്യപ്പെട്ട യുവെന്റസ്, മിലാൻ എന്നീ ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബുകളിലെ കളിക്കാരോടും നാഷണൽ ലീഗ് സീരീസ് എ-യുടെ മാേനജർമാർ, സാങ്കേതിക വിദഗ്ധർ, പ്രതിനിധികൾ എന്നിവരോടെല്ലാം സംസാരിക്കുകയായിരുന്നു മാർപാപ്പ.

ആത്മീയമൂല്യങ്ങളാണ് കായികമൂല്യങ്ങളുടെയും അടിസ്ഥാനം. ഈ ധാർമിക ഗുണസവിശേഷതകളിലൂടെ, നിഷേധാത്മകമായ ഭാവങ്ങളാൽപോലും ശ്രദ്ധേയമായ കായികലോകത്തിന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ ഉയർത്തിക്കാട്ടുവാൻ സാധിക്കും. നിങ്ങളോരോരുത്തരും ഒരു ഫുട്‌ബോൾ കളിക്കാരൻ ആകുന്നതിനുമുമ്പ് ഒരു നല്ല മനസാക്ഷിയുളള ഒരു സാദാ വ്യക്തിയായിരുന്നു. ഈ മനഃസാക്ഷി ദൈവവുമായുള്ള ബന്ധത്താൽ എപ്പോഴും പ്രകാശിതമായിരിക്കട്ടെയെന്ന് ഞാൻ പ്രത്യാശിക്കുന്നു. അതിനാൽ പരസ്പര ബഹുമാനം, ധാരണ, ക്ഷമ തുടങ്ങിയവയൊന്നും നിങ്ങളിൽ കുറയാതിരിക്കട്ടെ. നിങ്ങളിലെ മനുഷ്യവ്യക്തി നിങ്ങളിലെ കായികതാരവുമായി എപ്പോഴും സ്വരചേർച്ചയിലാണെന്ന് ഉറപ്പുവരുത്തണം. പാപ്പ പറഞ്ഞു.

മനുഷ്യനും കളിക്കാരനുമായുള്ള ഈ സമതുലിതാവസ്ഥ കണ്ടെത്തുവാൻ തുടക്കക്കാരന്റെ മനോഭാവത്തിലേക്ക് മടങ്ങിവരുന്നത് എപ്പോഴും നല്ലതാണ്. ഒരു വിനോദപ്രേമിയുടെ കാഴ്ചപ്പാട് ടീമിന്റെ അടിസ്ഥാനമാണ്. ഇതിൽനിന്നാണ് ടീം രൂപമെടുക്കുന്നത്. ഇതിലേക്കുള്ള മടക്കം, മനുഷ്യവ്യക്തിയും കളിക്കാരനുമായുള്ള സ്വരചേർച്ചയെ പരിപോഷിപ്പിക്കുന്നു. കളിയിൽ വിജയിയാവുക; എന്നാൽ എല്ലാറ്റിനുമുപരി ജീവിതത്തിൽ വിജയിയാവുക എന്നാണർത്ഥം. സത്യസന്ധമായ കളിയെ വിശേഷിപ്പിക്കുന്ന മൂല്യങ്ങളുടെ സാക്ഷ്യത്തിലൂടെ എപ്പോഴും നല്ലതും മനോഹരവുമായവയെ യഥാർത്ഥത്തിൽ ഉയർത്തിക്കാട്ടുന്നു. സമതുലിതാവസ്ഥയുടെ പ്രശാന്തതയോടെ നിങ്ങളുടെ ആരാധകരോട് നിങ്ങൾ ജീവിതത്തിൽ അഭിലഷിക്കുന്ന ധാർമികവും ആത്മീയവുമായ തത്വങ്ങളെ പരസ്യമായി പ്രഖ്യാപിക്കുവാൻ ഭയപ്പെടരുത്. മാർപാപ്പ വ്യക്തമാക്കി.

Source: Sunday Shalom