News >> ദൈവപരിപാലനയിൽ മാത്രം ആശ്രയം


ക്രൈസ്തവ വിശ്വാസം ആദ്യനൂറ്റാണ്ടിൽത്തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും അനേകർക്ക് മാർഗദീപമായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് പാലക്കാടും ഇതിനോട് ചേർന്ന പ്രദേശങ്ങളും ക്രിസ്തുവിനെ അറിയുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാവാം ഇതിന് കാരണം. 1600-കളിൽ മേലാർക്കോട് ഭാഗത്ത് ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നെങ്കിലും 1750-കളിൽ ഇന്ത്യയിലെത്തിയ ഫാ. ഫ്രാൻസിസ്‌കോ സേവറിയോ പമോനെയാണ് പാലക്കാടിന്റെ അതിർത്തിഗ്രാമങ്ങളിൽ വിശ്വാസത്തിന്റെ ആദ്യതിരി തെളിച്ചതെന്ന് കരുതുന്നു. ഇന്നത് വലിയ പ്രകാശമായി സുൽത്താൻപേട്ട് രൂപതയായി അറിയപ്പെടുന്നു. പ്രഥമ ഇടയൻ ബിഷപ് പീറ്റർ അബീർ അന്തോണി സാമി ആണ്.

ദൈവവചനം ആഴത്തിൽ പഠിക്കാനും സ്വദേശത്തും വിദേശത്തും പഠിപ്പിക്കാനും വിശുദ്ധ ഗ്രന്ഥ വിജ്ഞാനീയ സംബന്ധമായി 36 ഗ്രന്ഥങ്ങൾ രചിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വചനാധിഷ്ഠിത ജീവിതത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ആരംഭിച്ച എമ്മാവൂസ് സ്പിരിച്വാലിറ്റി സെന്റർ, ദൈവവചനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ മാത്രമല്ല സംഘാടകമികവിന്റെയും ക്രാന്തദർശിത്വത്തിന്റെയും കൂടി സാക്ഷ്യമാണ്. വിശുദ്ധ നാടുകളിലേക്ക് 27 തവണ തീർത്ഥാടകസംഘത്തെ നയിച്ചിട്ടുള്ള ബിഷപ് പീറ്റർ അബീർ അന്തോനിസ്വാമി തനിക്ക് ഭരമേൽപിക്കപ്പെട്ടിട്ടുള്ള ദൗത്യം ഏറ്റെടുത്തിട്ട് രണ്ടുവർഷം പൂർത്തിയായി. ഈ കഴിഞ്ഞ നാളുകളിലെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം സൺഡേ ശാലോമിനോട് സംസാരിക്കുന്നു.

? പിന്തിരിഞ്ഞ് നോക്കുമ്പോൾ എന്ത് തോന്നുന്നു.

  • ദൈവത്തിന് നന്ദി പറയുന്നു. കോഴിക്കോട് രൂപതയിൽനിന്നുള്ള പാലക്കാട് ജില്ലയിലെ അഞ്ച് ദൈവാലയങ്ങളും കോയമ്പത്തൂർ രൂപതയിലെ 16 ദൈവാലയങ്ങളും ചേർന്ന് 21 ഇടവകകളും 29 മിഷൻ സ്റ്റേഷനുകളുമാണ് പുതിയ രൂപതയ്ക്കുള്ളത്. 4466 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ മുപ്പതിനായിരത്തിൽപരം വിശ്വാസികളാണ് രൂപതയ്ക്കുള്ളത്. ജനങ്ങളിൽ 75 ശതമാനവും മലയാളവും 25 ശതമാനം പേർ തമിഴും സംസാരിക്കുന്നു. ഒരു രൂപതയിൽത്തന്നെ രണ്ട് ഭാഷകളുടെ ഉപയോഗം ചെറിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥ ഇവിടുത്തെ ജനവിഭാഗം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. കൃഷിയാണ് പ്രധാന ഉപജീവനമാർഗം. കാർഷിക മേഖലയിലെ പ്രതിസന്ധികൾ കൃഷിക്കാരനെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്നു. വടകരപ്പതി, ഏരുത്വാംപതി, കൊഴിഞ്ഞാമ്പാറ മുതലായ മേഖലകളിലെ ജലദൗർലഭ്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കൂടാതെ ഭൗതിക സൗകര്യങ്ങളിൽ ബിഷപ്‌സ് ഹൗസ്, പാസ്റ്ററൽ സെന്റർ, മതബോധനകേന്ദ്രം എന്നിങ്ങനെ രൂപതയ്ക്കാവശ്യമായ എല്ലാ കാര്യങ്ങളും ഉയർന്നുവരണം. പല ഇടവകകൾക്കും ദൈവാലയങ്ങൾ ഇല്ല. കോൺവെന്റുകളുടെ ചാപ്പലുകളാണ് ദൈവാലയങ്ങളായി ഉപയോഗിക്കുന്നത്. പാസ്റ്ററൽ കൗൺസിൽ, പാരീഷ് കൗൺസിൽ, മറ്റ് സംഘടനകളുടെ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തമാകുകയും ഏകോപിപ്പിക്കുകയും വേണം. പത്തുവർഷംകൊണ്ട് ഇവയെല്ലാം പൂർണമായി കൈവരുത്താൻ കഴിയുമെന്നാണ് വിശ്വാസം.
? 'ബ്രോക്കൻ റ്റു ബിൽഡ്' എന്ന ആപ്തവാക്യം തിരഞ്ഞെടുക്കാനുള്ള കാരണം.

  • യോഹ. 12:24-ൽ പറയുന്നതുപോലെ "സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് ഫലം പുറപ്പെടുവിക്കും." എന്റെ റെക്ടറച്ചൻ സൂചിപ്പിച്ചതുപോലെ ഒരു മെത്രാനാകുക എന്നത് വെല്ലുവിളികൾ നിറഞ്ഞ ജീവിതമാണെന്ന് ഓർത്തുപോകുന്നു. വ്യത്യസ്തമായ സാഹചര്യവും പുതിയ രൂപതയും ഭാഷയുടെ വ്യത്യാസവും എല്ലാംതന്നെ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും ക്രൂശിതന്റെ ചാരെ നിൽക്കുവാനും അവനിൽ ആശ്രയിച്ചുകൊണ്ട് പ്രവർത്തിക്കാനും ആഗ്രഹിക്കുന്നു. കുരിശില്ലാതെ ഉയിർപ്പില്ലല്ലോ. അതുപോലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കപ്പെടുവാൻ സാധിക്കുന്നതാണെന്നും അത് ദൈവികപദ്ധതികളോട് ചേർത്തുവയ്ക്കപ്പെടേണ്ടതാണെന്നും ചിന്തിച്ച് മുന്നോട്ട് നീങ്ങും.
? ദൈവവിളിയിലേക്ക് പുതിയ തലമുറ കടന്നുവരുന്നുണ്ടോ.

  • ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്നത് അടിയന്തിര പ്രാധാന്യമുള്ള കാര്യമാണ്. ഇത്രയും ബൃഹത്തായ രൂപതയിലെ പ്രേഷിതപ്രവർത്തനം നിസാരമല്ല. 32 വൈദികരും 102 കന്യാസ്ത്രീകളും ഒമ്പത് ബ്രദേഴ്‌സുമാണുള്ളത്. സിസ്റ്റേഴ്‌സ് നടത്തുന്ന 21 സ്‌കൂളുകളും 12 ആശുപത്രികളും രൂപതയുടെ അധികാര പരിധിയിലുണ്ട്. ദൈവവിളികൾ കണ്ടെത്തുകയും രൂപതയ്ക്ക് സെമിനാരി ഇല്ലാത്തതിനാൽ തൽക്കാലം മറ്റ് സെമിനാരിയിൽ വിട്ട് പഠിപ്പിക്കുകയും വേണം. അല്മായ സഹോദരങ്ങളുടെ അകമഴിഞ്ഞ സഹകരണവും ഉത്സാഹവും എടുത്തു പറയേണ്ടതാണ്. പല മുന്നേറ്റങ്ങൾക്കും സംരംഭങ്ങൾക്കും അവർ മുൻ കൈയെടുക്കുന്നു എന്നത് പ്രശംസനീയമാണ്. ദൈവപരിപാലനയിലാശ്രയിച്ച് മുന്നോട്ട് പോയാൽ ആവശ്യമുള്ള വൈദികരെയും സമർപ്പിതരെയും രൂപതയ്ക്ക് ലഭിക്കുമെന്നാണ് എന്റെ വിശ്വാസം.
? സുൽത്താൻ പേട്ടിലെ ദൈവജനത്തെക്കുറിച്ച്...

  • ഞാൻ അവരെ സംരക്ഷിക്കാൻ കടപ്പെട്ടവരാണ്. കത്തോലിക്ക സഭാപഠനത്തിൽ, വിശ്വാസത്തിൽ, കുടുംബരൂപീകരണത്തിൽ, പ്രാർത്ഥനാരൂപിയിൽ അങ്ങനെ എല്ലാ മേഖലകളിലും ദൈവജനത്തിന്റെ വളർച്ചയ്ക്കായി ഞാൻ അവരോടൊപ്പമുണ്ട്. ദൈവജനത്തെ കുറ്റപ്പെടുത്താനല്ല മറിച്ച്, അവരോടടുക്കാൻ, അവരെ ഒന്നിപ്പിച്ചു നിർത്താൻ, സ്‌നേഹത്തോടെ നിർത്താൻ ശ്രമിക്കും. എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല. എന്റെ വൈദികരുടെയും അല്മായ ശ്രേഷ്ഠരുടെയും സന്യാസി-സന്യാസിനികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. അധികാരം ഉപയോഗിച്ച് കീഴ്‌പ്പെടുത്താനല്ല, മറിച്ച് മനസിലാക്കി, ഒന്നിച്ച് ആലോചിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കും.
? പേരിലുള്ള 'അബീറി'ന്റെ അർത്ഥമെന്താണ്

  • അബീർ എന്നത് തൂലികാനാമമാണ്. മാമോദീസ പേർ പീറ്ററെന്നും. അന്തോനിസാമി പിതാവിന്റെ പേരാണ്. ഇത് തമിഴ്‌നാട് രീതിയാണ്. ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ ചെന്നപ്പോൾ കുടുംബപ്പേര് നൽകിയത് പീറ്റർ അബീർ എന്നാണ്. പിന്നീട് ഔദ്യോഗികമായി ഈ പേര് സ്വീകരിക്കുകയായിരുന്നു.
ദൈവശാസ്ത്രത്തിലും ലോകചരിത്രത്തിലും ബിരുദാനന്തര ബിരുദവും റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് വെളിപാടിന്റെ പുസ്തകത്തിൽ ഡോക്ടറേറ്റും നേടി എമ്മാവൂസ് സ്പിരിച്വാലിറ്റി സെന്ററിലൂടെ ബൈബിൾ പ്രേഷിത പ്രവർത്തനത്തെ സമ്പന്നമാക്കിയ ബിഷപ് അന്തോനിസാമിയുടെ പ്രവർത്തന പരിചയവും പ്രാവീണ്യവും സുൽത്താൻപേട്ട് രൂപതയെ വളർച്ചയുടെ പുതിയ വിതാനത്തിലേക്ക് ഉയർത്തും എന്നുറപ്പാണ്. രണ്ട് സംവത്സരങ്ങൾ പിന്നിടുന്ന ഈ വേളയിൽ ആത്മീയവും ഭൗതികവുമായ ഔന്നത്യങ്ങളെ പുൽകാൻ ഈ ഇടയനെ ദൈവം പ്രാപ്തനാക്കട്ടെ...

ആൻസൺ വല്യാറ

Source: Sunday Shalom