News >> കുടുംബസംസ്‌കാരം ഒറ്റയാൻ സംസ്‌കാരമായി മാറുന്നു: കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ
മലങ്കര കത്തോലിക്കസഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവക്ക് ഇന്ന് (15-06-2016) 57 വയസ്. സഭയും രാഷ്ടീയവും സാമൂഹ്യവുമായ ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള അദേഹം ഭാരതത്തിലെയും കേരളത്തിലെയും കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷനാണ്.
? നമ്മുടെ യുവജനങ്ങൾ ധാരാളമായി കേരളം വിട്ടുപോയിക്കൊണ്ടിരിക്കുന്നു. ജോലി, പഠനം, വിദേശകുടിയേറ്റം ഇവയുടെ ഫലമായി ഒറ്റപ്പെടുന്ന മാതാപിതാക്കൾ, ശൂന്യമാകുന്ന വീടുകൾ. ഈ അവസ്ഥയെ എങ്ങനെ കാണുന്നു.♦ നമ്മുടെ ഗവൺമെന്റും സഭയും ഏറെ ഗൗരവമായി കാണേണ്ട മേഖലയാണിത്. വളരെയധികം കഴിവും സിദ്ധിയുമുള്ള നമ്മുടെ യുവതലമുറയെ നാടിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കുകയാണ് പതിവ്. ഇത് കേരളീയ സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ശൂന്യത നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ യുവജനങ്ങളെ കേരളത്തിൽ തന്നെ പിടിച്ച് നിർത്തണമെങ്കിൽ ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം.ആധുനിക കുടിയേറ്റങ്ങൾ വഴി മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടുന്നു എന്നതല്ല പ്രധാനം. പ്രത്യുത മക്കൾക്ക് കുടുംബം നഷ്ടമാകുന്നു എന്നതാണ്. കുടുംബസംസ്‌കാരം ഒറ്റയാൻ സംസ്‌കാരമായി മാറുന്നു. ഇതാണ് നാടിന്റെ ഭാവിക്ക് ഏറെയും അപകടകരം! സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി മക്കളെ വിദേശത്തേക്ക് അയ്ക്കുമ്പോൾ നഷ്ടമാകുന്നത് കുടുംബത്തിന്റെ വേരാണ്. തന്മൂലം, വിദേശത്തുപോയാലേ കുടുംബം രക്ഷപ്പെടുകയുള്ളൂ എന്ന ധാരണയിൽ സമൂഹം മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.കുടിയേറ്റം എന്ന് പറയുമ്പോൾ മലയാളികളുടെ മനസ്സിൽ ഇപ്പോഴും മലബാർ കുടിയേറ്റവും ഹൈറേഞ്ച് കുടിയേറ്റവും ആണുള്ളത്. പക്ഷേ ഇന്നത്തെ കുടിയേറ്റം വൻ നഗരങ്ങളിലേക്കും സമ്പന്ന രാജ്യങ്ങളിലേക്കുമാണ്. പഴയ കുടിയേറ്റവും ആധുനിക കുടിയേറ്റവും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് പണ്ട് മലബാറിലേക്ക് കുടിയേറ്റക്കാർ കുടുംബമായിട്ടാണ് കുടിയേറിയത്. തന്മൂലം കുടുംബബന്ധങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. വ്യക്തിയിൽ കുടുംബത്തിനുള്ള നിയന്ത്രണവും കുടുംബപ്രാർത്ഥന, ദൈവവിശ്വാസം, അയൽപക്കബന്ധം തുടങ്ങിയവയും അഭംഗുരം തുടർന്നു. എന്നാൽ ഇപ്പോഴത്തെ കുടിയേറ്റം വ്യക്തികളായാണ്. നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഭൂരിപക്ഷം പേരും വ്യക്തികളായാണ് കുടിയേറുന്നത്. പിന്നീട് വർഷങ്ങൾക്ക്‌ശേഷമാണ് പുതിയ സ്ഥലത്ത് അവരൊരു കുടുംബം സ്ഥാപിക്കുന്നത്. ഇതിനിടയിലെ ജീവിതം ഏറെ സങ്കീർണ്ണമാണ്. കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ നിയന്ത്രണവും സംരക്ഷണയുമില്ലാതെ ഒരു വലിയ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥ. ഇങ്ങനെയുള്ളവർക്കുവേണ്ടിയുള്ള അജപാലന ശുശ്രൂഷ വളരെ ബുദ്ധിമുട്ടേറിയതാണ്. കുടുംബങ്ങളുടെ അജപാലന ശുശ്രൂഷയിൽ നിന്നും ഏറെ വ്യത്യസ്തമാണ് കുടുംബമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നവരുടെ അജപാലനം. സഭ അതിനായി പ്രത്യേക മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
? വെള്ളക്കോളർ ജോലിയോടുള്ള അഭിനിവേശം മൂലം പുതിയ തലമുറ കാർഷിക മേഖലയിലേക്ക് കടന്നു വരുന്നില്ല. ഇതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്♦ ലോകം എത്രമാത്രം വ്യാവസായികമായി പുരോഗമിച്ചാലും കൃഷിയില്ലാതെ അതിന് നിലനിൽപ്പില്ല. ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നവൻ ലോകത്തിനായി ആഹാരം ഒരുക്കുകയാണ്. അതൊരു വിശുദ്ധമായ ജോലിയാണ്. അതുപോലെ നാണ്യവിളകളുടെ ഉല്പാദനം വഴി വ്യവസായ വാണിജ്യമണ്ഡലങ്ങളെയും താങ്ങിനിർത്തുന്നു. ഈ രംഗത്തു നിന്നു നാം കൂട്ടത്തോടെ പിൻവാങ്ങിയാൽ അത് സമൂഹജീവിതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും. സമൂഹത്തിൽ ഉദ്യോഗസ്ഥർമാത്രം പോരാ. കൃഷിക്കാരും ബിസിനസ്സുകാരും നമുക്കാവശ്യമുണ്ട്. കഠിനാദ്ധ്വാനവും വ്യക്തമായ ദർശനവും ഉണ്ടെങ്കിൽ കാർഷിക മേഖലയിലും വ്യാപാരമേഖലയിലും വളർച്ച നേടാൻ കഴിയും. താല്പര്യവും അഭിരുചിയുമുള്ള ചെറുപ്പക്കാർ ഇത്തരം മേഖലകളിലേക്ക് കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.കേരളമിന്ന് പച്ചക്കറികൾക്കും അരിക്കും ആശ്രയിക്കുന്നത് മറ്റുസംസ്ഥാനങ്ങളെയാണ്. ലോറികൾ പണിമുടക്കിയാൽ, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടാൽ ഇവിടെ പച്ചക്കറിയുടെ വില ഉയരുന്നു. ഭക്ഷ്യവസ്തുക്കൾക്ക് പൂർണ്ണമായും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഉചിതമായ ഒരു സംഗതിയല്ല. അതിനാൽ സർക്കാരും സമൂഹവും കാർഷിക മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കേണ്ടിയിരിക്കുന്നു. കൃഷി ലാഭകരമായി മാറ്റാൻ തക്കവിധത്തിലുള്ള സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. അതോടൊപ്പം സമൂഹത്തിന്റെ മനോഭാവത്തിലും ഒരു മാറ്റം ആവശ്യമാണ്. ഉദ്യോഗസ്ഥനായ മകനെയാണോ അതോ കൃഷിക്കാരനായ മകനെയാണോ മാതാപിതാക്കൾ കൂടുതൽ അഭിമാനത്തോടും ആദരവോടും കൂടി കാണുന്നത്? പലപ്പോഴും അത് ഉദ്യോഗസ്ഥനായ മകനെ തന്നെ ആയിരിക്കും. ഏതു ജോലിയിലും മഹത്വം കാണുന്ന മനസ്സ് നമുക്കിടയിൽ രൂപപ്പെട്ടാലേ വെള്ളക്കോളർ ജോലിയോടുള്ള അമിതമായ അഭിനിവേശം അവസാനിക്കുകയുള്ളൂ.
? കേരളം അല്പകാലം മുമ്പുവരെ വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും വളരെയധികം മുമ്പിലായിരുന്നു. ഏറെ മനുഷ്യവിഭവശേഷിയും സാധ്യതകളും നമുക്കുണ്ടായിരുന്നു. എങ്കിലും കേരളമിന്ന് വികസനകാര്യത്തിൽ സമീപ സംസ്ഥാനങ്ങളെക്കാൾ പിന്നിലാണ്. എന്താണിതിന് കാരണം. നമ്മുടെ കക്ഷിരാഷ്ട്രീയത്തിലെ ജീർണ്ണതകളാണോ♦ കേരളത്തിന്റെ ഭരണത്തിന് ഒരു തുടർച്ചയില്ലാത്തതാണ് പുരോഗതിക്ക് തടസ്സം എന്ന് എനിക്ക് തോന്നുന്നു. 'കോൺഗ്രസ് കേരളം' അല്ലെങ്കിൽ 'കമ്മ്യൂണിസ്റ്റ് കേരളം' ഇതാണ് ഇവിടെയുള്ളത്. കോൺഗ്രസിന്റെ നയങ്ങളും പദ്ധതികളും അത് നല്ലതാണെങ്കിൽപോലും കമ്മ്യൂണിസ്റ്റ് ഭരണം വരുമ്പോൾ അതെല്ലാം നിർത്തലാക്കുന്നു. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നല്ല പദ്ധതികളും നയങ്ങളും കോൺഗ്രസ് സർക്കാരും നിഷേധിക്കുന്നു. ഭരണം മാറിയാലും നാടിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഒരു പൊതുനയം ആവശ്യമാണ്. റോഡുകൾ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ദീർഘകാല ദർശനത്തോടെയുള്ള നയങ്ങൾ രൂപീകരിക്കപ്പെടണം. ഭരിക്കുന്ന കക്ഷികൾക്ക് അനുസരിച്ച് അടിസ്ഥാന നയങ്ങളും ക്ഷേമപദ്ധതികളും മാറുമ്പോൾ നാടിന്റെ വികസനം മുരടിച്ചുപോകും. താൽക്കാലിക നേട്ടങ്ങൾക്കും രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയ്ക്കും സഹായകരമായ നയങ്ങളാണ് പൊതുവെ രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ കൈക്കൊള്ളാറുള്ളത്. ഒരു അമ്പത് വർഷത്തിനു ശേഷമുള്ള കേരളത്തെയും ലോകത്തെയും മുന്നിൽ കണ്ട് ദീർഘവീക്ഷണത്തോടെ പദ്ധതികൾ വിഭാവനം ചെയ്യണം. ഏതു കക്ഷി ഭരിച്ചാലും നാടിന്റെ അടിസ്ഥാന പുരോഗതിക്കുള്ള പദ്ധതികൾ മാറ്റമില്ലാതെ തുടരണം. ഇതിന് പാർട്ടിക്കതീതമായി ചിന്തിക്കുന്ന, നാടിനെയും ജനത്തെയും സ്‌നേഹിക്കുന്ന, ഇച്ഛാശക്തിയുള്ള, നേതാക്കന്മാർ ഉണ്ടാകണം.
? അപ്പോൾ നമുക്ക് കഴിവുറ്റ നേതാക്കന്മാർ ഇല്ലാത്തതാണോ അടിസ്ഥാന പ്രശ്‌നം♦ നമ്മുടെ പ്രശ്‌നം നേതാക്കന്മാരില്ലാത്തതല്ല. കഴിവുറ്റ നിരവധി നേതാക്കളുണ്ട് എന്നതാണ് യാഥാർത്ഥ്യം. ശക്തരായ പല നേതാക്കന്മാർക്കും വിശാലമായി ചിന്തിക്കാൻ പറ്റുന്നില്ല. അവർ ഗ്രൂപ്പിനും പാർട്ടിക്കും സമുദായത്തിനും അതീതമായി ചിന്തിക്കാൻ കഴിയാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ശക്തരായ നേതാക്കന്മാരുടെ 'ഈഗോ ക്ലാഷ്' മൂലം പലപ്പോഴും ദീർഘവീക്ഷണവും വിശാല സമൂഹത്തിന്റെ താല്പര്യങ്ങളും നഷ്ടപ്പെട്ടുപോകുകയാണിവിടെ. പാർട്ടി വിദ്വേഷങ്ങളും ഗ്രൂപ്പ് വിദ്വേഷങ്ങളും തുടർക്കഥയാവുന്നതിനാൽ ഭരണം ദുർബലമാവുകയും നാടിന്റെ ഐശ്വര്യം നഷ്ടപ്പെടുകയും ചെയ്യുന്നു.നമ്മുടെ നാടിനോടുള്ള പ്രതിബദ്ധത രാഷ്ട്രീയപ്രവർത്തകർക്ക് ഉണ്ടാകണം. ഈ പ്രതിബദ്ധതയുടെയും സമർപ്പണത്തിന്റെയും അഭാവമാണ് സ്വന്തം വളർച്ച മാത്രം ലക്ഷ്യമിടാൻ നേതാക്കന്മാരെ പ്രേരിപ്പിക്കുന്നത്. എല്ലാത്തിലും ഉപരിയായി ജനത്തിന്റെയും നാടിന്റെയും ക്ഷേമത്തിന് മുൻഗണന കൊടുക്കുമ്പോഴേ ഭരണാധികാരികൾക്ക് യാഥാർത്ഥ്യബോധത്തോടെ തീരുമാനങ്ങളെടുക്കാൻ കഴിയൂ. ഉദാഹരണത്തിന് നമ്മുടെ വിദ്യാഭ്യാസ രംഗമെടുക്കാം.കേരളത്തിലെ അനേകായിരം യുവജനങ്ങൾ ഇന്ന് പഠിക്കുന്നത് അന്യസംസ്ഥാനങ്ങളിലാണ്. തന്മൂലം കുടുംബബന്ധങ്ങളും നിയന്ത്രണങ്ങളും കൗമാരകാലത്ത് തന്നെ നഷ്ടപ്പെട്ടുപോകുകയാണ്. മാത്രമല്ല വളരെയേറെ യുവജനങ്ങൾ കേരളം വിട്ടുപോകുന്നതുവഴി നമ്മുടെ നാടിന്റെ "യൂത്ത് ഫുൾനസ്" ആണ് നഷ്ടപ്പെടുന്നത്. ഓരോ വർഷവും എത്രയോ കോടി രൂപയാണ് കേരളീയരുടെ വിദ്യാഭ്യാസ ചെലവിനായി അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ യഥാസമയം യാഥാർത്ഥ്യബോധത്തോടെ പ്രോത്സാഹിപ്പിക്കാൻ നമ്മുടെ സർക്കാരുകൾ തയ്യാറായിരുന്നെങ്കിൽ നമ്മുടെ നാട് ഏതെല്ലാം വിധത്തിൽ വളരുമായിരുന്നു. എത്രയോ പേർക്ക് നേരിട്ടും പരോക്ഷമായും ജോലി ലഭിച്ചേനെ. എന്തുമാത്രം സമ്പത്ത് ക്രിയാത്മകമായ ഉപയോഗത്തിന് ലഭ്യമായേനെ.ഒരിക്കൽ രൂപപ്പെടുത്തിയ ക്രമീകരണങ്ങളും തീരുമാനങ്ങളും ഉചിതവും ഫലപ്രദവുമല്ല എന്നു കണ്ടാൽ അതിൽ മാറ്റം വരുത്താനുള്ള ആർജ്ജവം ഭരണാധികാരികൾക്ക് ഉണ്ടാകണം.
പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്നത് സർക്കാർ സ്ഥാപനത്തിൽ ആയാലും സ്വകാര്യ സ്ഥാപനത്തിൽ ആയാലും സർക്കാരിന് അവരോടുള്ള കടപ്പാട് തുല്യമാണ്. അതുകൊണ്ട് സ്വാശ്രയസ്ഥാപനങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കും സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. ഇവരും കേരളീയരാണല്ലോ.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരിക്കണം. സമുദായത്തിന് അതീതമായി പാവപ്പെട്ടവരും 'ടാലന്റ്' ഉള്ളവരുമായ വിദ്യാർത്ഥികളെ സഹായിക്കാൻ അവർ മുന്നോട്ട് വരണം. ഈ അവസരത്തിൽ മാതാപിതാക്കളോട് എനിക്ക് പറയുവാനുള്ളതിതാണ്. എല്ലാവരെയും ഡോക്ടറും എഞ്ചിനീയറും ആക്കണം എന്ന പിടിവാശി ഉപേക്ഷിക്കുക. ജീവിതം അനുഗ്രഹീതമാക്കാൻ ഡോക്ടറും എഞ്ചിനീയറും മാത്രം ആകണമെന്ന് നിർബന്ധമില്ലല്ലോ. പഠിക്കാനും പ്രവൃത്തിക്കാനും എത്രയോ വ്യത്യസ്തമായ മേഖലകൾ ഉണ്ട്. ഓരോ കോഴ്‌സിനും പറഞ്ഞുവിടുമ്പോൾ മക്കൾക്ക് അതിനുള്ള ടാലന്റ് ഉണ്ടോ എന്ന് ചിന്തിക്കണം.
? രാഷ്ട്രീയക്കാരും രാഷ്ട്രീയവും മോശമാണെന്ന ധാരണയാണോ യുവജനങ്ങളെ രാഷ്ട്രീയ കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നത്♦ സ്വന്തം കാര്യം മാത്രം അന്വേഷിക്കുന്ന മനസ്സുള്ളവർ ഇന്ന് പെരുകിക്കൊണ്ടിരിക്കുകയാണ്. പഠിക്കുക, വളരുക, പണമുണ്ടാക്കുക ഇത്തരം ലക്ഷ്യങ്ങൾ മാത്രമുള്ളപ്പോൾ നാടിനുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ജീവിക്കേണ്ട പൊതുപ്രവർത്തനം ആർക്കും ആകർഷണീയമാവുകയില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്കിടയിൽ വ്യാപകമായ അഴിമതിയും അധാർമ്മികതയും ചിലരെയെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തോട് വിമുഖരാക്കിയിട്ടുണ്ട് എന്നതും സത്യമാണ്. എങ്കിലും രാഷ്ട്രീയ പ്രവർത്തനം ഉന്നതമായ ഒരു ദൈവവിളിയായിട്ടാണ് സഭ കാണുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പറയുന്നു: "മനുഷ്യരുടെ ക്ഷേമത്തെ പ്രതി രാജ്യസേവനത്തിനായി സ്വയം അർപ്പണം ചെയ്തിരിക്കുകയും ഭരണഭാരം പേറുകയും ചെയ്യുന്നവരുടെ പ്രവർത്തനങ്ങൾ തിരുസഭ ശ്ലാഘിക്കുകയും വിലമതിക്കുകയും ചെയ്യുന്നു" (GS 75)."രാഷ്ട്രീയബോധമുള്ള പൗരസഞ്ചയത്തെ വാർത്തെടുക്കാൻ അതീവ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ജനസാമാന്യത്തിന് ഈ രാഷ്ട്രീയ പൗര വിദ്യാഭ്യാസം അത്യന്താപേക്ഷിതമായിരിക്കുകയാണിന്ന്; പ്രത്യേകിച്ചും യുവതലമുറയ്ക്ക്. അങ്ങനെയൊരു വിദ്യാഭ്യാസം സിദ്ധിച്ചാൽ മാത്രമേ രാഷ്ട്രീയ ജീവിതത്തിൽ തങ്ങൾക്കുള്ള പങ്ക് നിർവ്വഹിക്കാൻ എല്ലാ പൗരന്മാർക്കും സാധിക്കൂ" (GS 75)രാഷ്ട്രനിർമ്മാണത്തിൽ അർപ്പണബോധമുള്ള യുവജനങ്ങൾ പങ്കുചേരേണ്ടതുണ്ട്. രാഷ്ട്രീയം ഒരു തൊഴിലാക്കാതെ ജനത്തിനും നാടിനും വേണ്ടിയുള്ള വിശുദ്ധമായ ഒരു ശുശ്രൂഷയായി അവർ തിരിച്ചറിയണം. നല്ല മനസ്സും സമർപ്പണവും ഉള്ളവർ രാഷ്ട്രീയത്തിൽ നിന്നും മാറിനിന്നാൽ രാഷ്ട്രീയം കൂടുതൽ ജീർണ്ണിക്കുകയേ ഉള്ളൂ.
? സമീപകാലത്ത് സമർപ്പിത ജീവിതം ഉപേക്ഷിച്ച ചിലർ വഴി പൗരോഹിത്യവും സന്യാസവും ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളത്♦ പൗരോഹിത്യവും സന്യാസവും സഭയുടെ ആരംഭം മുതൽ നിലവിലുള്ളതാണ്. നീതിക്കും വിശുദ്ധിക്കും സത്യത്തിനും വേണ്ടി നിലകൊണ്ട നൂറുകണക്കിന് സമർപ്പിതരുടെ കഥകൾ നമുക്ക് അറിയാം. സഭയുടെയും ലോകത്തിന്റെയും പുരോഗതിയിൽ സമർപ്പിതർ വഹിച്ചിട്ടുള്ള പങ്കും നിസ്തർക്കമാണ്. വളരെയധികം നന്മയുടെ കഥകൾക്കിടയിൽ തിന്മയുടെ കഥകളും ചുരുക്കമായിട്ടുണ്ടാകാറുണ്ട്. ഇത് സ്വാഭാവികം മാത്രം. എങ്കിലും സമീപകാലത്തെ പ്രശ്‌നങ്ങൾ സന്യാസജീവിതമേഖലകളിൽ ഒരു നവീകരണം അത്യാവശ്യമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പാളിച്ചകൾ ഉണ്ടാകാൻ ഒരു സമൂഹവും പ്രോത്സാഹനം കൊടുക്കാറില്ല. എന്നാൽ ഓരോരുത്തരുടെയും സങ്കീർണ്ണതകൾ അതിജീവിക്കാനുള്ള ബലം കൊടുക്കാൻ ചിലപ്പോൾ പറ്റാതെ പോകും.യഥാർത്ഥത്തിലുള്ള ദൈവാഭിമുഖ്യമില്ലായ്മയാണ് പലപ്പോഴും സഭ വിട്ടുപോകാൻ വ്യക്തികളെ പ്രേരിപ്പിക്ക