News >> ഇത് ദൈവത്തിന്റെ പ്രവർത്തനം തന്നെ


ആർച്ച് ബിഷപ് ഫുൾട്ടൺ ഷീൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അദ്ദേഹത്തിന്റെ ഭൗതികശരീരം പിയോറിയയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർച്ച് ബിഷപ്പിന്റെ കുടുംബാംഗങ്ങൾ ന്യൂയോർക്ക് തലസ്ഥാനത്തിന്റെ സുപ്രീം കോടതിയെ സമീപിച്ചതോടെയാണിത്. 1979ൽ അന്തരിച്ച ആർച്ച് ബിഷപ്പിന്റെ മൃതദേഹം ന്യൂയോർക്ക് നഗരത്തിലെ സെന്റ് പാട്രിക്ക് കത്തീഡ്രലിലാണ് അടക്കം ചെയ്തിരിക്കുന്നത്. നാമകരണ നടപടികൾ നടക്കുന്ന പിയോറിയയിൽ ഭൗതികാവശിഷ്ടങ്ങൾ ഇല്ലാത്തതിനെ തുടർന്ന് രണ്ട് വർഷമായി ആർച്ച് ബിഷപ് ഷീനിന്റെ നാമകരണ നടപടികൾ നിർത്തിവച്ച അവസ്ഥയിലായിരുന്നു. ഭൗതികാവശിഷ്ടം പിയോറിയയിലേക്ക് മാറ്റിയാൽ നാമകരണനടപടിതുടരാനാവുമെന്നതിനാൽ കുടുംബാംഗങ്ങളുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി പിയോറിയ ബിഷപ് ഡാനിയൽ ആർ ജെൻകി അറിയിച്ചു.


ഫുൾട്ടൺ ജെ. ഷീൻ. ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായിരുന്നു അദേഹം.ആത്മാക്കളെ ദൈവത്തിനായി നേടിയെടുത്ത വിശ്വാസപ്രഘോഷകൻ. മരണത്തിനു മുമ്പും പിമ്പും അദ്ദേഹത്തിന്റെ ജീവിതം പ്രകാശമാനമായിരുന്നു, അത്ഭുതകരമായ വിധത്തിൽ സ്പർശനീയമായിരുന്നു. 1979 ലാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നത്. മരണത്തിന് മാസങ്ങൾക്കുമുമ്പ് വി.ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'സഭയുടെ വിശ്വസ്തപുത്രൻ' എന്നാണ്. ഫുൾട്ടൻ ഷീനിലൂടെ അത്ഭുത സൗഖ്യം നേടിയ ജയിംസിനെ കാണാൻ എല്ലാ രാജ്യത്തും അനേകം പേർ തിക്കിതിരക്കുകയാണ്

ഫുൾട്ടൻ ഷീൻ വൈദികനായി അഭിഷിക്തനായ ഇല്ലിനോയ്‌സിലെ പ്രിയോറിയ രൂപതയിലെ അംഗമാണ് ബോണി. അഞ്ച് മക്കളുള്ള അവളുടെ മൂന്നാമത്തെ ഗർഭധാരണമായിരുന്നു അത്. ദൈവ പരിപാലനയിൽ ആശ്രയിച്ച് സന്തുഷ്ടരായി കഴിഞ്ഞ ബോണിയും ഭർത്താവ് ട്രാവീസും മൂന്നാമത്തെ കുഞ്ഞിന്റെ വരവിനായി പ്രാർത്ഥിച്ച് കാത്തിരുന്നു.

201619633

തന്റെ നാട്ടുകാരനായിരുന്നതുകൊണ്ട് ബോണിക്ക് ഷീനിനെക്കുറിച്ച് അറിയാമായിരുന്നു. മൂന്നാമത്തെ കുഞ്ഞ് ഉദരത്തിൽ ഉത്ഭവിച്ച സമയ ത്താണ് ഫുൾട്ടൻ ഷീനിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ബോണി ശ്രമിക്കുന്നത്. യൂ ട്യൂബിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അവൾ കേട്ടു. ഫുൾട്ടൻ ഷീൻ എന്ന വിശുദ്ധ വ്യക്തിത്വത്തോട് അവൾക്ക് എന്തെന്നില്ലാത്ത ആദരവ് തോന്നിത്തുടങ്ങി. അദ്ദേഹത്തിന്റെ ശക്തമായ പ്രഭാഷണങ്ങൾ അവൾക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം വർധിപ്പിച്ചു.

പ്രസവദിവസം അടുത്തു. മുമ്പത്തേതുപോലെ വീട്ടിൽതന്നെയായിരുന്നു പ്രസവമുറി ഒരുക്കിയിരുന്നത്. പ്രസവസമയമടുക്കാറായപ്പോൾ ബോണി ശക്തമായി അവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പലരും അവൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുമുണ്ടായിരുന്നു.

എന്നാൽ, ഒമ്പതുമാസം കാത്തുസൂക്ഷിച്ച സന്തോഷം ഒരുനിമിഷം കൊണ്ട് സന്താപമായി മാറി. മിഡ് വൈഫ് കുഞ്ഞിനെ വാരിയെടുത്ത് അവളുടെ കൈയിൽ കൊടുത്തപ്പോഴായിരുന്നു അത്. കുഞ്ഞിനെ സ്വീകരിച്ച അവൾ ഞെട്ടിത്തരിച്ചു. കുഞ്ഞിന്റെ കൈകാലുകൾ ഒന്നിച്ച് കെട്ടുപിണഞ്ഞതുപോലെ. അവൻ ശ്വസിക്കുകയോ അനങ്ങുകയോ കരയുകയോ ചെയ്യുന്നില്ല. ശരീരത്തിന് നീലനിറം. ബോണി അവനെ കരഞ്ഞുകൊണ്ട് നെഞ്ചോടുചേർത്തു.

സംഗതി പന്തിയല്ലെന്നുകണ്ട സുഹൃത്ത് പെട്ടെന്ന് ആംബുലൻസ് വരുത്തി. ആ സമയം തന്നെ അദ്ദേഹവും ഭാര്യയും ചേർന്ന് പ്രാർത്ഥന ചൊ ല്ലി കുട്ടിക്ക് വീട്ടുമാമ്മോദീസ നൽകി. ഭർത്താവ് ട്രാവീസ് കുഞ്ഞിന്റെ മുഖത്ത് വെള്ളം തളിച്ച് അവനെ 'ജെയിംസ് ഫുൾട്ടൻ' എന്ന് വിളിച്ചു. സുഹൃത്തുക്കൾ ഉടൻ ഫുൾട്ടൻ ഷീനിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥന ആ രംഭിച്ചു. ബോണിയും ഫുൾട്ടൻ ഷീനിനോട് ഇടതടവില്ലാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ആശുപത്രിയിലെത്തിയ ഉടനെ ഡോക്ടർമാർ കുഞ്ഞിന് കൃത്രിമ ശ്വാസോഛ്വാസം കൊടുക്കാൻ തുടങ്ങി. ട്രാവിസ് പ്രാർത്ഥനയോടെ പുറത്ത് കാത്തുനിന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഡോക്ടർമാർ പുറത്തേക്ക് വന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാനെന്നോണം 'നിങ്ങളുടെ മകന് ജീവനുണ്ട്' എന്നു മാത്രം അവർ പറഞ്ഞു. അവരുടെ കണ്ണ് നനഞ്ഞിരുന്നതിനാൽ, കുഞ്ഞ് രക്ഷപെടാൻ വഴിയില്ലെന്ന് അയാൾ വിചാരിച്ചു.

എങ്കിലും വിവരങ്ങൾ അദ്ദേഹം ബോണിയെ അറിയിച്ചു. കുഞ്ഞ് രക്ഷപെടും എന്നു തന്നെ അവരിരുവരും വിശ്വസിച്ചു. 61 മിനിട്ടിനുശേഷം കുഞ്ഞ് ശ്വാസമെടുക്കാൻ തുടങ്ങി. കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കൽ അവസാനിപ്പിച്ച് ഡോക്ടർമാർ മരണസമയം രേഖപ്പെടുത്താൻ തുടങ്ങിയപ്പോഴേക്കും അവൻ ജീവിതത്തിലേക്കുള്ള ശ്വാസം വലിച്ചു തുടങ്ങി! അതിനുശേഷം അവർ ബോണിയെ കുഞ്ഞിന്റെ അടുത്തെത്തിച്ചു. അപ്പോഴാണ് അവൻ എത്ര പരിതാപകരമായ അവസ്ഥയിലാണ് എന്ന് അവൾക്ക് മനസിലായത്. വയറുകളാൽ ചുറ്റിവരിയപ്പെട്ടിരുന്ന അവൻ സ്വന്തമായി അപ്പോഴും ശ്വസിച്ചിരുന്നില്ല.

ഡോക്ടർ അവളോട് പറഞ്ഞു: ജെയിംസ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് വലിയ അത്ഭുതമാണ്. എങ്കിലും, അവന് ഓർഗൻ ഫെയിലിയർ സംഭവിച്ചിരിക്കാം. അവന് വലിയ വൈകല്യങ്ങൾ ഉണ്ടാകും. ഒരു പക്ഷേ, സെറിബ്രൽ പൾസി ബാധിച്ച് ഒരിക്കലും നടക്കാനാവാതെ വീൽചെയറിൽ നിങ്ങൾക്ക് അവനെ കൊണ്ടുനടക്കേണ്ടിയും വന്നേക്കാം. ഫീഡിംഗ് ട്യൂബ് വേണ്ടി വരും. മാനസികമായി ഒന്നിനെക്കുറിച്ചും ബോധമുണ്ടാകില്ലെന്ന് മാത്രമല്ല, കാഴ്ചശക്തിയും ഉണ്ടാവില്ല.

ഏഴ് ആഴ്ചയ്ക്ക് ശേഷം അമ്മ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിലുള്ളവരും സുഹൃത്തുക്കളും ഫുൾട്ടൻ ഷീനിന്റെ മാധ്യസ്ഥം തേടിയുള്ള പ്രാർത്ഥന തുടർന്നു. എന്നാൽ വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജെയിംസ് വളർന്നു. ഡോക്ടർമാർ പറഞ്ഞ യാതൊരു കുഴപ്പങ്ങളുമില്ലാതെ, മറ്റു കുഞ്ഞുങ്ങളെപ്പോലെ തന്നെ! അത്ഭുതബാലൻ അതുകൊണ്ട് തന്നെ ഇന്ന് ജനപ്രിയനാണ്. അനേകർക്ക് വിശ്വാസത്തിലേക്കുള്ള കിളിവാതിലും...

Source: Sunday Shalom