News >> വർഷത്തിലൊരു തിരുനാൾ; തിരുനാളിലൊരു വീട്;ഈ തീരുമാനത്തിന് 17 വർഷം പഴക്കം17 വീടുകൾ ഭവന രഹിതർക്ക് സ്വന്തം


തിരുവനന്തപുരം: 'ഇടവക തിരുനാൾ വലിയ ആഘോഷങ്ങളോടുകൂടി പണം ദുർവ്യയം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് തിരുവനന്തപുരം പേട്ട ഫൊറോന ദൈവാലയം രംഗത്തുവന്നു. അതോടെ തിരുനാൾ ആഘോഷങ്ങൾ ലളിതമായി. പകരം ഭക്തിയും വിശുദ്ധിയും നിറഞ്ഞ തിരുക്കർമങ്ങൾ മാത്രം. തിരുനാൾ ആഘോഷത്തിൽ ദുർവ്യയം ചെയ്ത ധനം ഒരുമിച്ചുകൂട്ടി ജീവകാരുണ്യപ്രവർത്തനത്തിന് ആരംഭം കുറിച്ചു. വിശുദ്ധ അന്നയുടെ തിരുനാൾ ആഡംബരപൂർവം ആഘോഷിക്കുന്ന പതിവിൽനിന്നും വ്യത്യസ്തമായി പാർപ്പിടമില്ലാത്തവർക്ക് വാസയോഗ്യമായ ഭവനങ്ങൾ നിർമിച്ചു കൊടുക്കുന്ന രീതി 17 വർഷങ്ങൾക്ക് മുമ്പാണ് തുടക്കമിടുന്നത്. അങ്ങനെ 17 തിരുനാളുകളിലൂടെ 17 ഭവനരഹിതർ ദൈവത്തെ സ്തുതിക്കുന്നു.

വിശുദ്ധ അന്നയുടെ തിരുനാൾ ദിനമായ ജൂലൈ 26-നാണ് അതിന്റെ താക്കോൽദാനകർമം നടക്കുക. നിർമ്മാണം പൂർത്തിയാകുന്ന പതിനേഴാം വീടിന്റെ താക്കോൽദാനം അന്ന് നടക്കും. ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഭവനനിർമാണം രണ്ടാം ഘട്ടംവരെ എത്തിനിൽക്കുന്നു. അതിരൂപതയിലെ നിർദ്ധനകുടുംബങ്ങൾക്കായി ഒരുക്കിയ സമ്മാനപദ്ധതിയും പേട്ട ഇടവകയുടെ ഭവനനിർമാണത്തെ ശ്രദ്ധേയമാക്കുന്നു.

സെന്റ് ജോസഫ് വെൽഫെയർ ഫണ്ട് എന്ന പേരിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതി, കാൻസർ സഹായനിധി, ഓൾഡേജ് ഹെൽപേജ് സ്‌കീം, ഉന്നത വിദ്യാഭ്യാസത്തിനായുള്ള സെയ്ഫ് (സെന്റ് ആൻസ് ഫണ്ട് ഫോർ എഡ്യുക്കേഷൻ) എന്നിവ ഇടവകയിലെ അല്മായ നേതൃത്വത്തിന്റെ വളർച്ചയുടെ നാഴികക്കല്ലുകളാണ്. 1870 മുതൽ കൊമ്പ്രിയ സഭ ഇടവകയിൽ പ്രവർത്തിച്ചുവരുന്നു. ഹോളിക്രോസ് സന്യാസി സമൂഹത്തിന്റെ നഴ്‌സിംഗ് ഹോം 1960-ൽ ദൈവാലയത്തിനുസമീപം പ്രവർത്തനം ആരംഭിച്ചു.

ഇടവകയിലെ മിഷൻ ഞായർ ആചരണം വളരെ പ്രത്യേകത നിറഞ്ഞതാണ്. കുടുംബകൂട്ടായ്മകളിലെ നേതൃത്വം ഒരുമിച്ചുകൂടി മിഷൻ കാന്റീന് രൂപം നൽകിയിരിക്കുന്നു. കാന്റീനിലെ പ്രവർത്തനത്തിനാവശ്യമായ വിഭവങ്ങൾ സംഭാവനകളായി ലഭിക്കുന്നു. കാന്റീനിൽനിന്ന് ലഭിക്കുന്ന ലാഭം മിഷൻ ഞായർ സംഭാവനയായി സ്വരുക്കൂട്ടുന്നു. കൂടാതെ യുവജനങ്ങളുടെ സ്‌കിൽ ഗെയിംസ്, മതബോധന വിദ്യാർത്ഥികളുടെ എക്‌സിബിഷൻ, മിഷൻ ഗോൾഡ് ഫണ്ട് സമ്മാനകൂപ്പൺ എന്നിവവഴി ലഭിക്കുന്ന തുകയും മിഷൻ ഞായറിനായി ഉപയോഗിക്കുന്നു. ഇടവകയിൽ നിലവിൽ 1020 കുടുംബങ്ങളുണ്ട്. മതബോധനരംഗത്ത് 330 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡും ഇടവക നൽകിവരുന്നു.

റവ. ഡോ. ചാറൽസ് ലിയോണാണ് പേട്ട ഫൊറോന വികാരി. ഫാ. ആന്റോ ഡിക്‌സൻ ഇടവക വികാരി. ശക്തമായ പാരിഷ് കൗൺസിൽ. പ്രഗത്ഭരായ വിവിധ വൈദികരുടെ ശുശ്രൂഷയും നേതൃത്വവുംകൊണ്ട് ധന്യമാണ് പേട്ട ഇടവക. ശക്തമായ അല്മായ നേതൃത്വമാണ് ഇടവകയുടെ മുഖമുദ്ര. സർക്കാർ-സർക്കാർ ഇതര മേഖലകളിലായി ഡോക്‌ടേഴ്‌സ്, അധ്യാപകർ, എഞ്ചിനിയേഴ്‌സ്, ലായേഴ്‌സ് ഇങ്ങനെ നല്ലൊരു നിരകൊണ്ട് പേട്ട ഇടവകയെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ഇടവകയിലെ യുവജനങ്ങളുടെ ശക്തമായ സാന്നിധ്യം ഐ.റ്റി മേഖലയിലുണ്ട്. ഇടവകജനം പരോപകാര പ്രവർത്തനങ്ങളിൽ സജീവമാണ്. കുടുംബങ്ങളും കുടുംബകൂട്ടായ്മകളുടെ ഒരു സംഗമമാണ് ഇടവകദിനം. രണ്ടുവർഷത്തിലൊരിക്കൽ സംഗമം നടക്കുന്നു. അതിൽ സമ്മേളനം, കലാ-കായിക മത്സരം, വിവിധ കലാപരിപാടികൾ എന്നിവയാൽ സംഗമത്തെ ആഹ്ലാദഭരിതമാക്കുന്നു. കുടുംബകൂട്ടായ്മകളിലും വാർഡുതലങ്ങളിലും നടത്തപ്പെടുന്ന ക്രിസ്മസ് ആഘോഷം ഇടവകയിൽ സന്തോഷവും സൗഹൃദവും നവചൈതന്യവും പകരുന്ന അനുഭവമാണ്.

പേട്ട ഇടവകയ്ക്ക് ഒരു ചരിത്രപശ്ചാത്തലമുണ്ട്. അനന്തപുരിയുടെ ആദ്യകവാടമായിരുന്നു പേട്ട. 1758 മുതൽ 1798 വരെ നാടു ഭരിച്ചിരുന്ന ധർമരാജാവിന്റെ കാലത്തോളം നീളുന്നു ചരിത്രം. പേട്ട എന്നാൽ കച്ചവടം, പട്ടണം എന്നൊക്കെ അർത്ഥമുണ്ട്. തിരുവനന്തപുരം നഗരത്തിലേക്കുള്ള ജലഗതാഗതത്തിന്റെയും തീവണ്ടിയുടെയും വിമാനത്തിന്റെയും ആദ്യവരവിന് സാക്ഷിയായ പ്രദേശമാണ് പേട്ട. കേരളത്തിലെ നവോത്ഥാനത്തിന്റെയും മതസൗഹാർദത്തിന്റെയുമൊക്കെ ഈറ്റില്ലമായിരുന്നു പേട്ട. കൊച്ചിയിൽനിന്ന് വഞ്ചിനിർമാണവുമായി ബന്ധപ്പെട്ട് പേട്ടയ്ക്ക് സമീപം ചാക്കപ്രദേശത്ത് താമസമാക്കിയ കത്തോലിക്കരുടെ ഏക ആശ്രയം ഈ ദൈവാലയമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവനന്തപുരത്തേക്കുള്ള റെയിൽപാത നിർമാണത്തിലേർപ്പെട്ടിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ചാക്കപ്രദേശത്ത് തമ്പടിക്കുകയും അവരിൽ പലരും തദ്ദേശവാസികളായ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തതോടെ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് പേട്ടയിൽ തുടക്കം കുറിച്ചു. ധാരാളം ഭൂസ്വത്തിന്റെ അവകാശികളായിരുന്ന ഇവർ ദൈവാലയത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഇവരിൽ ചിലർ ആദ്യദൈവാലയത്തിന് ചുറ്റും പാരിതോഷികമായി നൽകിയ മിശ്രിതമായ വസ്തുവിലാണ് ഇന്നത്തെ ദൈവാലയം സ്ഥിതിചെയ്യുന്നത്.

1778-ൽ ആദ്യം ഓലഷെഡിലാണ് പേട്ട ദൈവാലയം സ്ഥാപിതമായത്. ദൈവാലയം സ്ഥാപിതമായിട്ട് 237 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1851-ലാണ് ഇന്ന് കാണുന്ന ദൈവാലയം പുനർനിർമിക്കപ്പെട്ടത്. ദൈവാലയം നിൽക്കുന്ന സ്ഥലത്തിന് പിന്നീട് പള്ളിമുക്ക് എന്ന പേരു വന്നു. വളരെ വർഷങ്ങളോളം ക്രിസ്ത്യാനികൾക്ക് ഈ ദൈവാലയം മാത്രമേ നഗരത്തിലുണ്ടായിരുന്നുള്ളൂ. നഗരത്തിലെ ആദ്യ ദൈവാലയം എന്ന പദവിയും പേട്ട ഇടവകയ്ക്കാണ്. 1995-ൽ പേട്ട ഇടവക ഫൊറോന ദൈവാലയമായി ഉയർത്തി. 1838-ലാണ് പാളയത്ത് സി.എസ്.ഐയുടെ എം.എം. ചർച്ച നിലവിൽ വന്നത്.

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങൾ, ഉൾനാടുകൾ, സമീപ ജില്ലകൾ എന്നിവിടങ്ങളിൽനിന്ന് ധാരാളം കുടുംബങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ, കച്ചവടം എന്നിവയോടനുബന്ധിച്ച് പേട്ട പ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇവരെല്ലാം അടങ്ങുന്നതാണ് ഇന്നത്തെ പേട്ട ഇടവക സമൂഹം. പേട്ടയിലെ ദൈവാലയം ഇടവകയായി പ്രഖ്യാപിക്കപ്പെടുമ്പോൾ ആദ്യകാലങ്ങളിൽ വിദേശികളായ പുരോഹിതരും പിന്നീട് ഗോവക്കാരായ പുരോഹിതരുമായിരുന്നു വികാരിമാർ. ആദ്യതദ്ദേശീയ വികാരിയായിരുന്ന ഫാ. മൈക്കിൾ ജാക്‌സൺ 45 വർഷം ഇടവകയിൽ സേവനം അനുഷ്ഠിച്ചു. ഇന്ന് പേട്ടയിലെ സെന്റ് ആൻസ് ദൈവാലയത്തിലെ ദൈവജനം ഒരു നവസമൂഹസൃഷ്ടികളായി ജീവകാരുണ്യ ദൗത്യങ്ങളുമായി മുന്നേറുന്നു.

Source: Sunday Shalom