News >> "സ്‌നേഹത്തിന്റെ സന്തോഷം" പ്രകാശനം ചെയ്തു


കൊച്ചി: കുടുംബങ്ങൾക്ക് അവയുടെ അനുദിന കർമ്മങ്ങളിലും വെല്ലുവിളികളിലും സഹായവും പ്രോത്സാഹനവുമാവുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച 'സ്‌നേഹത്തിന്റെ സന്തോഷം' എന്ന പ്രബോധന രേഖയുടെ മലയാളം പരിഭാഷ പിഒ.സി. പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പ്രകാശനം ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ജീവ മരിയ ജെയിംസിന് കോപ്പി നല്കി നിർവഹിച്ചു.

2014, 2015 വർഷങ്ങളിൽ കുടുംബത്തെക്കുറിച്ച് രണ്ട് ഘട്ടങ്ങളിലായി റോമിൽ നടന്ന മെത്രാന്മാരുടെ സിനഡുകളിൽ നിന്നുള്ള ചിന്തകളും ചർച്ചകളും ഇതിൽ ക്രോഡീകരിച്ചിരിക്കുന്നു. കുടുംബങ്ങൾക്കുള്ള ശുശ്രൂഷയിൽ കാലാനുസൃതമായി വരേണ്ട ശൈലി മാറ്റത്തെ ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറയുന്നു. കുടുംബപ്രശ്‌നങ്ങളെ സമീപിക്കുമ്പോൾ നൈയാമിക പരിഹാരങ്ങളെക്കാൾ മനസ്സാക്ഷിയുടെ സ്വരത്തിന് പ്രാധാന്യം നല്കാനും ദൈവകൃപയിൽ ആശ്രയിക്കാനും പാപ്പാ ദമ്പതികളെ ആഹ്വാനം ചെയ്യുന്നു. പുസ്തകത്തിന്റെ പരിഭാഷ പിഒസിയിൽ ലഭ്യമാണ്.

റവ. ഫാ. വർഗീസ് വള്ളിക്കാട്ട്
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./ഡയറക്ടർ, പിഒസി.

Source: Vatican Radio