News >> വിലങ്ങുകണ്ണികളെ ജപമാലയാക്കിയ വൈദികൻ


1998ലാണ് ഡഗ്ലസ് അൽ-ബസി എന്ന ഇറാക്കി യുവാവ് കത്തോലിക്ക വൈദിനാകനായി അഭിഷിക്തനാകുന്നത്. എങ്ങും ആഹ്ലാദം അലയടിച്ച അന്തരീക്ഷമായിരുന്നു അത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്താൽ അനുഗ്രഹീതമായ ആ ധന്യദിവസം മായാത്തൊരോർമയായി ഫാ. അൽ-ബസിയുടെ കൂടെയുണ്ട്.

ഒൻപത് വർഷങ്ങൾക്ക് ശേഷം... ഒരു കസേരയിൽ ഫാ. അൽ-ബസി ബന്ധിതനായി. രക്തവും വിയർപ്പും അദ്ദേഹത്തിന്റെ ശരീരത്തെ പൊതിഞ്ഞു. ക്രൂരമായ പീഡനങ്ങളുടെ ഫലമായുണ്ടായ വേദനയുടെ ആധിക്യത്താൽ അബോധാവസ്ഥയിലും അർദ്ധബോധാവസ്ഥിയിലും ദിവസങ്ങൾ ഭീകരരുടെ തടവിൽ കിടന്നു. ഇത് ഐഎസിനു മുമ്പുള്ള ഇറാക്കിലെ കഥയാണ്... അല്ല ജീവിതമാണ്. സഖ്യകക്ഷികളുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ സദ്ദാം ഹുസൈൻ പുറത്തായതോട സുന്നി-ഷിയ ശത്രുത സായുധആക്രമണത്തിലേക്ക് തിരിഞ്ഞു. സഖ്യകക്ഷികളുടെ ആക്രമണം ക്രൈസ്തവരുടെ കുരിശുയുദ്ധമാണെന്നും അതിന് ഇറാക്കി ക്രൈസ്തവരുടെ പിന്തുണയുണ്ടെന്നും ഇരുവിഭാഗങ്ങളിലെയും തീവ്രവാദികൾ വ്യാഖ്യാനങ്ങളുണ്ടാക്കി.

ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയായ ഇറാക്കിൽ ആദ്യമായല്ല ഫാ. അൽ-ബാസി തീവ്രവാദികളുടെ ആക്രമണത്തിനിരയാകുന്നത്. ഒരു തവണ അദ്ദേഹത്തിന് കാലിൽ വെടിയേറ്റിട്ടുണ്ട്. ഇതിന് മുമ്പ് മൂന്ന് ബോംബാക്രണങ്ങളാണ് അദ്ദേഹം അതിജീവിച്ചത്. അതിൽ ഒന്ന് അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന ദൈവാലയത്തിന് നേരെയുണ്ടായ ആക്രമണമാണ്.

2007 നവംബർ 17 ഞായറാഴ്ച വിശുദ്ധബലി അർപ്പിച്ചതിന് ശേഷം ചില സുഹൃത്തക്കളെ കാണാനാണ് കാറിൽ യാത്രയായത്. തുടർന്നുണ്ടായ സംഭവങ്ങൾ ഫാ അൽ-ബസിയുടെ തന്നെ വാക്കുകളിൽ വിവരിക്കാം-" വഴിയിൽ കാർ തടഞ്ഞ് നിർത്തി മുഖം മൂടിയണിഞ്ഞ തീവ്രവാദികൾ എന്നെ വലിച്ചിറക്കി. കണ്ണ് മൂടിക്കെട്ടിയ ശേഷം കാറിന്റെ ഡിക്കിയിലാണ് എന്നെ ഇട്ടത്. കുറച്ച് ദൂരം യാത്ര ചെയ്തതിന് ശേഷം അവർ എന്നെ ഡിക്കിയിൽനിന്ന് പുറത്തിറക്കി കയ്യും കാലും കെട്ടി ഒരു മുറിയിൽ കൊണ്ടിരുത്തി. കണ്ണ് കെട്ടിയിരുന്നത് മൂലം ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. പെട്ടെന്ന് എന്റെ മുഖത്ത് മുട്ടുകൊണ്ടുള്ള ശക്തമായ ഒരിടി കിട്ടി. മൂക്കിൽ നിന്നും രക്തം ധാരയായി ഒഴുകാൻ ആരംഭിച്ചു. ആരോ ഒരാൾ വന്ന് രക്തം തുടച്ചതിന് ശേഷം കണ്ണ് തുറക്കാൻ ശ്രമിച്ചാൽ വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി.

ആള് മാറിപ്പോയതാണെന്നും ഉടനെ തന്നെ മോചനം ഉണ്ടാകുമെന്നും പറഞ്ഞ് തെറ്റായ പ്രതീക്ഷ നൽകാൻ അവർ ശ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ചെയിൻ നിലവുമായി ഉരസുന്ന ശബ്ദം ഞാൻ കേട്ടു. ഒൻപത് ദിവസം നീണ്ട് നിന്ന പീഡനങ്ങളുടെ ആരംഭമായിരുന്നു അത്. ഞാൻ സുന്നിയാണോ ഷിയയാണോ എന്നായിരുന്നു അവരുടെ ആദ്യ ചോദ്യം. നല്ല വിദ്യാഭ്യാസമോ ജീവിതസാഹചര്യങ്ങളോ ലഭിക്കാത്ത നിങ്ങളെ മറ്റുള്ളവർ ചൂഷണം ചെയ്തുകൊണ്ടിരിക്കുകാണ് എന്ന് ഞാൻ അവരോട് മറുപടി പറഞ്ഞു. പെട്ടന്ന് മുറി നിശബ്ദമായി. തുടർന്ന് അവർ നേരിടേണ്ട വന്ന ദുരിതങ്ങളും എങ്ങനെ ഇപ്രകാരമായി എന്നും അവർ തമ്മിൽ ആവേശത്തോടെ സംസാരിക്കാൻ തുടങ്ങി.

സഭാധികാരികളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുമെന്ന് അവർ അറിയിച്ചു. അതിലൊരാൾ ചോദിച്ചു - 'എത്ര തരുമെന്നാണ് നിങ്ങൾ കരുതുന്നത്. ഒരു മില്യൻ ഡോളറോ?.' 'ഞാൻ പ്രധാനമന്ത്രിയൊന്നുമല്ല. ഒരു സാധാരണ വൈദികൻ മാത്രമാണ്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നും പുലർത്തേണ്ട.'- ഞാൻ പറഞ്ഞു. സാധാരണ ഇവിടെ കൊണ്ടുവരുന്നർ അവരുടെ ജീവനുവേണ്ടി ഞങ്ങളോട് കേഴുന്നതാണ് പതിവ്. ഇവന് ജീവിക്കണമെന്ന ആഗ്രഹമില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞുകൊണ്ട് അവർ പുറത്തേക്ക് പോയി.

രാത്രി ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ ഓർമകൾ എന്നെ വേട്ടയാടാൻ എത്തി. മതിഭ്രമവും സ്വപ്നങ്ങളുമായിരുന്നു എനിക്ക് കൂട്ട്. കുറെ ദിവസത്തേക്ക് അവർ എനിക്ക് വെള്ളം തരാതിരുന്നു. അച്ചന് വെള്ളം വേണോ എന്ന് ചോദിച്ചുകൊണ്ട് അമ്മയും സഹോദരിയും എന്റെ മുന്നിലൂടെ കടന്നുപോകുന്ന സ്വപ്നമാണ് ആ ദിവസങ്ങളിൽ ഞാൻ കണ്ടത്. രാത്രിയിൽ ഞെട്ടിയെഴുന്നേറ്റ് വെള്ളത്തിനായി കൈനീട്ടിയ സന്ദർഭങ്ങൾ ഞാൻ മരിച്ചിട്ടില്ല എന്നെന്നെ ബോധ്യപ്പെടുത്തി. ചില നിമിഷങ്ങളിൽ സഹികെട്ട് ഞാൻ അവരോട് ചോദിച്ചു- നിങ്ങൾ ആണത്തമുള്ളവരാണെങ്കിൽ ഒരു വെടിയുണ്ട എന്റെ തലയിലേക്ക് ഉതിർക്കുക," ഭാവഭേദങ്ങളൊന്നുമില്ലാതെ ഫാ. അൽ-ബാസി തന്റെ അനുഭവങ്ങൾ തുടർന്നു.

എന്തുകൊണ്ടാണ് മരണത്തെ ഭയക്കാത്തതെന്ന് അവർ അച്ചനോടൊരിക്കൽ ചോദിച്ചു. 'നിങ്ങൾക്ക് മരണം എല്ലാറ്റിന്റെയും അവസാനമായിരിക്കാം. പക്ഷെ എനിക്ക് മരണം ആരംഭം മാത്രമാണ്.' എന്നായിരുന്നു അച്ചന്റെ മറുപടി.

"അതിലൊരുവ്യക്തി എന്നെ തുടർച്ചയായി അസഭ്യം പറഞ്ഞുകൊണ്ടിരുന്നു. അവന്റെ നോട്ടം എന്നെ തുളച്ചുകയറുന്നതായി തോന്നി. ശാരീരികമായ ഉപദ്രവങ്ങളെക്കാൾ എന്നെയും കുടുംബാംഗങ്ങളെയും സഭയെയുംകുറിച്ച് അവർ നടത്തിയ മോശമായ പരാമർശങ്ങളാണ് കൂടുതൽ വേദനിപ്പിച്ചത്. അതാണ് എന്റെ ദൗർബല്യമെന്ന് അവർ മനസിലാക്കി. അവരുടെ അസഭ്യം കേൾക്കുമ്പോൾ ഞാൻ കൂടുതൽ ഉള്ളിലേക്ക് വലിയും."

ചിലപ്പോൾ വെടിയുണ്ടയില്ലാത്ത തോക്കെടുത്ത് അച്ചന്റെ തലയ്ക്കുനേരെ ഉന്നംവച്ച് അവർ കാഞ്ചി വലിക്കും. ഇത്തരത്തിൽ ഭയപ്പെടുത്താനുള്ള തന്ത്രങ്ങളൊക്കെ പക്ഷെ ഫാ. അൽ-ബസിയുടെ സഹനശീലത്തെ കൂടുതൽ ശക്തമാക്കാൻ മാത്രമെ ഉപകരിച്ചുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ തന്റെ മരണത്തേക്കാൾ ഉപരിയായി താൻ അവശേഷിപ്പിക്കുന്നവരുടെ ജീവിതത്തെക്കുറിച്ചാണ് കൂടുതൽ ചിന്തിച്ചിരുന്നതെന്ന് ഫാ. അൽ-ബസി പറഞ്ഞു.

ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാത്ത സമയങ്ങളിലൊക്കെ സൗമ്യമായാണ് ഇവർ ഫാ. അൽ-ബസിയോട് ഇടപെട്ടത്. ചില സമയങ്ങളിൽ അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചൊക്കെ അച്ചനോട് പറയും. പകൽ 'അച്ചാ' എന്ന ബഹുമാനത്തോടെ വിളിക്കുന്ന അതേ നാവുകൊണ്ട് രാത്രിയാകുമ്പോൾ 'അവിശ്വാസി' എന്ന് വിളിക്കും. പ്രഭാതമാകുമ്പോൾ അദ്ദേഹത്തെ ഉപദ്രവിച്ചതിന് മാപ്പ് ചോദിക്കും. അച്ചന്റെ ശരീരത്തിൽ പീഡനത്തിന്റെ അടയാളങ്ങൾ കണ്ടില്ലെങ്കിൽ അവരുടെ അധികാരി ശിക്ഷിക്കും എന്നതാണ് അവർ പറയുന്ന ന്യായം. ഇത്തരം വൈരുദ്ധ്യം നിറഞ്ഞ പെരുമാറ്റങ്ങളുടെ നടുവിലും വിശ്വാസത്തിലും പ്രാർത്ഥനയിലും ഉറച്ച് നിൽക്കാൻ ഫാ. അൽ-ബസിക്ക് സാധിച്ചു.

"കൈവിലങ്ങുകൾകൊണ്ട് ഭിത്തിയിൽ അടയാളപ്പെടുത്തിയാണ് സമയത്തെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കിയത്. ആ കൈവിലങ്ങുകളിൽ നോക്കിയപ്പോൾ അതിൽ പത്ത് വളയങ്ങളുണ്ടെന്ന് എനിക്ക് മനസിലായി. അതുപയോഗിച്ച് ഞാൻ ജപമാല ചൊല്ലുവാൻ ആരംഭിച്ചു. ആ ജപമാലകൾ എനിക്ക് ആശ്വാസവും പ്രത്യാശയും നൽകി. എന്റെ ജീവിതത്തിൽ ഏറ്റവും ആത്മാർത്ഥതയോടെ ചൊല്ലിയ ജപമാലകളായിരുന്നു അത്. ജപമാലകൾ ഒരിക്കലും അവസാനിച്ചിരുന്നില്ലെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച നിമിഷങ്ങൾ... പീഡനത്തിന്റെയും തടവിന്റെയും സമയത്തുണ്ടായ നിരാശ മറികടക്കാൻ ആ ജപമാലകൾ സഹായമായി. വിശ്വാസത്തിന്റെ ശക്തിയാണ് പീഡനത്തിന്റെ ഇരുണ്ട നാളുകളിൽ എനിക്ക് വെളിച്ചം പകർന്ന് നൽകിയത്.

അതിലൊരു വ്യക്തിയുടെ കുടുംബജീവിതം തകർന്ന അവസ്ഥയിലായിരുന്നു. എന്നോട് ഉപദേശം ചോദിച്ച അദ്ദേഹത്തോട് ഭാര്യയോട് സഹിഷ്ണതയോടെ പെരുമാറാനും അവളെ ബഹുമാനിക്കാനും പറഞ്ഞുകൊടുത്തു. മാറാത്ത മുട്ടുവേദന എപ്രകാരമാണ് ചികിത്സിക്കേണ്ടത് എന്നതായിരുന്നു മറ്റൊരാളുടെ സംശയം. എനിക്ക് കുടവയറുണ്ടെന്നും അത് കുറയ്‌ക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞുകൊണ്ട് കുടവയറ് കുറയ്ക്കാനുള്ള ചില നിർദേശങ്ങൾ മറ്റൊരാൾ പറഞ്ഞ് തന്നു. പകൽ സമയത്ത് സൗമ്യതയുടെ ആൾരൂപങ്ങളായ ഇവർ രാത്രിയിൽ ക്രൂരതയുടെ പര്യായമായി മാറുന്നത് അമ്പരപ്പോടെയാണ് ഞാൻ നോക്കി കണ്ടത്.

ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന കൽദായ വൈദികനായ ഫാ. നദീർ ദാകൊയാണ് ഫാ. അൽ-ബസിയുടെ മോചനത്തിനായി ഭീകരരോട് ചർച്ച നടത്തിയത്. വലിയ മോചനദ്രവ്യമാണ് ഭീകരർ ആവശ്യപ്പെട്ടത്. മോചനദ്രവ്യം കുറയ്ക്കാനായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടപ്പോൾ സഭ ഫാ. അൽ-ബസിയെ ഒരു രക്തസാക്ഷിയായാണ് കണക്കാക്കുന്നതെന്ന് ഫാ. നദീർ ഭീകരരോട് പറഞ്ഞു.

ദേഷ്യം കൊണ്ട് തിളച്ച ഭീകരർ അത് ഫാ. അൽ-ബസിയുടെ നേർക്കാണ് പ്രകടിപ്പിച്ചത്. നിന്റെ പല്ലുകൾ മുഴുവൻ അടിച്ച് കൊഴിക്കുവാൻ ഞങ്ങൾക്ക് ഈ രാത്രി മുഴുവനുണ്ട് എന്ന് പറഞ്ഞുകൊണ്ട് അവർ ചുറ്റിക കൊണ്ട് എന്റെ മുഖത്തടിച്ചു. എന്റെ മുമ്പിലുള്ള പല്ല് ഒടിഞ്ഞു. തുടർന്ന് അവർ ചുറ്റികകൊണ്ട് പല പ്രാവശ്യം എന്റെ പുറത്തിടിച്ചു. ആ അടിയിൽ എന്റെ രണ്ട് കശേരുഖണ്ഡങ്ങൾ ഒടിഞ്ഞു. അസഹനീയമായ വേദനയായിരുന്നു അപ്പോൾ ഞാൻ അനുഭവിച്ചത്. വായിൽക്കൂടി രക്തം പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു.

തടവിലായതിന്റെ ഏഴാമത്തെയോ എട്ടാമത്തെയോ ദിവസം അവർ എനിക്ക് തണുത്ത ചായയും പഴകിയ ബ്രഡ്ഡും തന്നു. ഞാൻ ക്രിസ്ത്യാനിയായതുകൊണ്ടാണോ നിങ്ങളെനിക്ക് തണുത്ത ചായ തരുന്നതെന്ന് അവരോട് ഞാൻ തമാശക്ക് ചോദിച്ചു.

സഭയുമായി മോചനദ്രവ്യം പറഞ്ഞുറപ്പിച്ചെന്ന വാർത്തയുമായാണ് പത്താമത്തെ ദിവസം ഭീകരർ എത്തിയത്. കാറിന്റെ പുറകിലിരുത്തി എന്നെയുംകൂട്ടി അവർ വണ്ടിയോടിച്ചു പോയി. മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് ഞാൻ വിചാരിച്ചത്. എന്റെ കൂടെയുണ്ടായിരുന്ന വ്യക്തി അയാളാണ് എന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ചതെന്നും അയാളോട് ക്ഷമിക്കുമോ എന്നും ചോദിച്ചു. നിങ്ങളോട് ഞാൻ പൂർണമായും ക്ഷമിച്ചിരിക്കുന്നു എന്ന് ഞാൻ പറഞ്ഞു. ഇത് താങ്കളുടെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നാണോ പറയുന്നതെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. ആത്മാർത്ഥമായ വാക്കുകളാണെന്നും ഒരു ദിവസം നമുക്കൊരുദിവസം ഒരുമിച്ച് ഭക്ഷണം കഴിക്കണമെന്നും പറഞ്ഞ് ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു.

കാർ നിർത്തി എന്നെ ഇറക്കിയശേഷം തിരിഞ്ഞുനോക്കാതെ നേരെ നടക്കാൻ നിർദേശവും നൽകി ഭീകരർ തിരികെപോയി. ഒരു ടാക്‌സി ഡ്രൈവർ എന്റെ അവസ്ഥ കണ്ട് അലിവ് തോന്നി അടുത്ത ദൈവാലയത്തിൽ എന്നെ ഇറക്കി. ഫാ. ജമാൽ അന്ന് ഓടി വന്ന് നൽകിയ ആലിംഗനം മറക്കാനാവില്ല. എനിക്ക് കണ്ണീർ നിയന്ത്രിക്കാനായില്ല. ആദ്യ ദിവസം എല്ലാ ലൈറ്റുകളും തെളിച്ചിട്ടുകൊണ്ടാണ് ഞാൻ ഉറങ്ങിയത്. ഞാൻ ജീവനോടെയുണ്ടെന്ന് ഉറപ്പാക്കാൻ ടെലിവിഷനും റേഡിയോയും ഓൺ ചെയ്തു വച്ചു. എന്നെ തട്ടിക്കൊണ്ട് പോയവരോട് ഞാൻ പൂർണമായി ക്ഷമിച്ചിരിക്കുന്നു. പക്ഷെ ആ വേദനയും ഏകാതന്തയും ഇ മറക്കാൻ എനിക്ക് സാക്കില്ല. ഒരിക്കലും അവരോട് പ്രതികാരം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ ഹൃദയങ്ങളിൽ നിന്ന് തിന്മ എടുത്തു നീക്കണമെ എന്നാണ് എന്റെ പ്രാർത്ഥന; ഫാ. അൽ ബാസി പറഞ്ഞു നിർത്തി.

ഇന്ന് ഐഎസ് ഭീകരരിൽ നിന്ന് രക്ഷപെട്ട ക്രൈസ്തവർക്കായി വടക്കൻ ഇറാക്കിലുള്ള അങ്കാവായിൽ ഒരു അഭയാർത്ഥി ക്യാമ്പ് നടത്തുകയാണ് ഫാ. അൽ-ബാസി. ബാഗ്ദാദിൽ തിരിച്ചെത്തി തന്നെ തട്ടിക്കൊണ്ട് പോയവരെ ഒരിക്കൽ കൂടി കാണണമെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് തെളിയുന്നത് ക്രിസ്തുവിന്റെ കാരുണ്യം തന്നെയാണ്.

Source: Sunday Shalom