News >> കാരുണ്യം വെളിച്ചമാണ്-പാപ്പാ
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പാ, പതിവുപോലെ, ഈ ബുധനാഴ്ചയും, പ്രതിവാര പൊതുദര്‍ശനം അനുവദിച്ചു. വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും രോഗികളും ഭിന്നശേഷിക്കാരുമുള്‍പ്പടെ പതിനായിരങ്ങള്‍ പ്രസ്തുത പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ പങ്കുകൊണ്ടു. ചത്വരത്തിലേക്ക് വെളുത്ത വാഹനത്തില്‍ ആഗതാനയ പാപ്പായെ ജനസഞ്ചയം കരഘോഷത്താലും ആനന്ദാരവങ്ങളാലും വരവേറ്റു.ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും മുതിര്‍ന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ, തദ്ദനന്തരം സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായണം ചെയ്യപ്പെട്ടു. യേശു അന്ധന് കാഴ്ചയേകുന്ന അത്ഭുത സംഭവം വിവിരിച്ചിരിക്കുന്ന ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം 35 മുതല്‍ 43 വരെയുള്ള വാക്യങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത വചനങ്ങളായിരുന്നു വായിക്കപ്പെട്ടത്.
യേശു ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്നു ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. നസ്രായനായ യേശു കടുന്നുപോകുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്‍റെ പുത്രനായ യേശുവേഎന്നില് കനിയണമേ! യേശു അവിടെ നിന്നു; അവനെ തന്‍റെ അടുത്തേക്കു കൊണ്ടുവരാന്‍ കല്‍പിച്ചു. അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചേദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ഫ്രാന്‍സീസ് പാപ്പാ ഈ സുവിശേഷവചനങ്ങളെ അവലംബമാക്കി കാരുണ്യം വെളിച്ചമാണെന്ന് വിശദീകരിച്ചു. പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു: ഒരു ദിവസം യേശു ജെറീക്കൊപട്ടണത്തെ സമീപിക്കവെ തെരുവില്‍ ഭിക്ഷയാചിച്ചിരുന്ന ഒരു അന്ധന് കാഴ്ചയേകുന്ന അത്ഭുതം പ്രവര്‍ത്തിക്കുന്നു. നാമിന്ന് ഈ അടയാളത്തിന്‍റെ പൊരുളെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്, കാരണം ഇത് നമ്മെ നേരിട്ടു സ്പര്‍ശിക്കുന്നതാണ്. സുവിശേഷകന്‍ ലൂക്കാ പറയുന്നത് ആ അന്ധന്‍ വിഴിയിരികെ ഇരുന്നു ഭിക്ഷയാചിക്കുകയായിരുന്നു എന്നാണ്. ഭിക്ഷയെടുത്തു ജീവിക്കേണ്ടി വന്ന ആ കുരുടന്‍ ഇന്ന് നമ്മുടെ സമൂഹങ്ങളുടെ പ്രാന്തങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട അനേകരായ പരിത്യക്തരെ പ്രതിനിധാനം ചെയ്യുന്നു. തിടുക്കത്തില്‍ നീങ്ങിക്കൊണ്ടിരുന്ന ജനങ്ങളില്‍ നിന്ന് മാറി ഇരിക്കുകയായിരുന്നു ആ കുരുടന്‍. സമാഗമത്തിന്‍റെ വേദിയാകേണ്ട വീഥി ആ അന്ധന് ഒറ്റപ്പെടലിന്‍റെ ഇടമായി.ഒരു പാര്‍ശ്വവത്കൃതന്‍റെ ദയനീയ ചിത്രമാണ് സമ്പദ്സമൃദ്ധവും മനോഹരവുമായ ജെറീക്കൊ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ കാണുന്നത്. ഈജിപ്തില്‍ നിന്നുള്ള നീണ്ട യാത്രാവേളയില്‍ ഇസ്രായേല്‍ ജനം എത്തിച്ചേര്‍ന്നത് ജെറീക്കൊയിലാണെന്നു നമുക്കറിയാവുന്നതാണല്ലൊ. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രവേശന കവാടാത്തെ പ്രതിനിധാനം ചെയ്യുന്ന പട്ടണമാണ് ജെറീക്കൊ. ആ സമയത്ത് മോശ പറയുന്ന വാക്കുകള്‍ അനുസ്മരിക്കുക സന്ദര്‍ഭോചിതമാണ്: നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കുന്ന ദേശത്തെ പട്ടണങ്ങളില്‍ എതിലെങ്കിലും ഒരു സഹോദരന്‍ ദരിദ്രനായിട്ടുണ്ടെങ്കില്‍, നീ നിന്‍റെ ഹൃദയം കഠിനമാക്കുകയോ അവനു സഹായം നിരസിക്കുകയോ അരുത്. ... ഭൂമിയില്‍ ദരിദ്രര്‍ എന്നും ഉണ്ടായിരിക്കും. ആകയാല്‍, നിന്‍റെ നാട്ടില്‍ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്‍റെ സഹോദരനുവേണ്ടി കൈയയച്ചു കൊടുക്കുക എന്ന് ഞാന്‍ നിന്നോടു കല്‍പിക്കുന്നു.നിയമാവര്‍ത്തന പുസ്തുകം അദ്ധ്യായം 15 7 ഉം 11 ഉം വാക്യങ്ങള്‍. എന്നാല്‍ സുവിശേത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈ കുരുടന്‍റെ അവസ്ഥ ദൈവത്തിന്‍റെ ഈ കല്പനയ്ക്ക് കടകവിരുദ്ധമായി നിലകൊള്ളുന്നു. യേശുവിനെ വിളിച്ചപേക്ഷിക്കുന്ന അന്ധനെ നശബ്ദനായിരിക്കുകയെന്നു പറഞ്ഞ് ജനങ്ങള്‍ ശകാരിക്കുന്നു. അവനോടു സഹാനുഭൂതി കാണിക്കുന്നില്ല എന്നു മാത്രമല്ല അവന്‍റെ രോദനത്തില്‍ അവര്‍ അസ്വസ്ഥത കാട്ടുകയും ചെയ്യുന്നു. സഹായം ആവശ്യമുള്ളവരും രോഗികളും പട്ടിണിക്കാരുമായ ജനങ്ങളെ വഴിയില്‍ കാണവെ നമ്മളും എത്രതവണ അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നു.? അഭയാര്‍ത്ഥികളെയും മറ്റും കാണുമ്പോള്‍ എത്ര തവണ നാം അസ്വസ്ഥരായിരിക്കുന്നു? അത് നമുക്കെല്ലാവര്‍ക്കുമുള്ള ഒരു പ്രലോഭനമാണ്. അങ്ങനെയല്ലേ? നിസ്സംഗതയും വൈര്യവും അവരെ അന്ധരും ബധിതരുമാക്കുകയും സഹോദരങ്ങളെ കാണാനും അവരില്‍ കര്‍ത്താവിനെ തിരിച്ചറിയാനും കഴിവില്ലാത്തവരാക്കുകയും ചെയ്യുന്നു.എന്നാല്‍ ഒരു കാര്യം ശ്രദ്ധേയമാണ്. അതായത് നസ്രായനായ യേശു കടന്നുപോകുന്നു എന്നു പറഞ്ഞുകൊണ്ട്, ജനക്കൂട്ടത്തിലൊരുവന്‍, ആ ജനസഞ്ചയം അവിടെ ഉണ്ടായതിന്‍റെ കാരണം അന്ധനെ ധരിപ്പിക്കുന്നതായി സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ട്. ഈജിപ്തില്‍ ഇസ്രായേല്‍ ജനത്തിന് സംരക്ഷണമേകുന്ന സംഹാരകനായ ദൈവദൂതന്‍റെ കടന്നു പോകലിനെ പുറപ്പാടിന്‍റെ പുസ്തകം അവതരിപ്പിക്കുന്ന അതേ ക്രിയാപദമാണ് യേശുവിന്‍റെ ഈ കടന്നു പോകലിനെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. അത് പെസഹായുടെ കടന്നുപോകല്‍, വിമോചനത്തിന്‍റെ ആരംഭം ആയിരുന്നു. ആകയാല്‍ ഇവിടെ ആ കുരുടനോട് യേശു കടന്നു പോകുന്നു എന്ന് പറഞ്ഞത് ആ അന്ധന് ഏകുന്ന ഒരു പെസഹാവിളംബരമായി കണക്കാക്കാം. ആ അന്ധനാകട്ടെ ഭീതികൂടാതെ യേശുവിനെ വിളിച്ചപേക്ഷിക്കുകയും അവിടന്ന് ദീവീദിന്‍റെ പുത്രനാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ആ ജനക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്തനായി ഈ അന്ധന്‍ വിശ്വാസനയനങ്ങള്‍ കൊണ്ടാണ് കാണുന്നത്. അതുകൊണ്ടു തന്നെ അവന്‍റെ യാചന ശക്തവും ഫലദായകവുമായിരുന്നു. വാസ്തവത്തില്‍ ആ രോദനം കേട്ട യേശു അന്ധനെ തന്‍റെ അടുത്തേക്കു കൊണ്ടുവരാന്‍ കല്‍പിക്കുന്നു. അങ്ങനെ അവിടന്ന് അന്ധനെ വഴിയോരത്തു നിന്നു മാറ്റി തന്‍റെ ശിഷ്യരുടെയും ജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമാക്കിത്തീര്‍ക്കുന്നു. സഹായവും സാന്ത്വനവും ആവശ്യമുള്ളവരെ തിരിച്ചറിയുന്നതിന് എല്ലാവരെയും കര്‍ത്താവിനു ചുറ്റും ഒന്നിപ്പിക്കുന്ന കാരുണ്യത്തിന്‍റെ സമാഗമമാണ് അവിടത്തെ കടന്നു പോക്ക്. നമ്മുടെ ജീവിതത്തിലും യേശു കടന്നു പോകുന്നു; അവിടന്നു കടുന്നു പോകുമ്പോള്‍ ഞാന്‍ അത് തിരിച്ചറിയുന്നുണ്ടോ? ആ കടന്നു പോക്ക് അവിടത്തോടടുക്കാനും, ഉപരി നല്ലവനാകാനും, നല്ല ക്രൈസ്തവനാകാനും അവിടത്തെ അനുഗമിക്കാനും എനിക്കുള്ള ഒരു ക്ഷണമാണ്ഞാന് നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത് എന്ന് യേശു അന്ധനോടു ചോദിക്കുന്നു. ദൈവം പാപിയായ മനുഷ്യന്‍റെ ദാസനായി മാറുകയാണ്. തനിക്ക് കാഴ്ച തിരിച്ചുകിട്ടണമെന്ന അന്ധന്‍റെ അഭിലാഷം അവിടന്ന് നിറവേറ്റുന്നു. കാഴ്ച ലഭിച്ച അന്ധന്‍ യേശുവിന്‍റെ ശിഷ്യനായിത്തീര്‍ന്നു എന്നാണ് സുവിശേഷകന്‍ ലൂക്കാ പറയുന്നത്. യാചകന്‍ ശിഷ്യനായിത്തീര്‍ന്നിരിക്കുന്നു. ഇതു തന്നെയാണ് നമ്മുടെയും പാത. നാമെല്ലാവരും ഭിക്ഷാടകരാണ്. നമുക്കെല്ലാവര്‍ക്കും രക്ഷ ആവശ്യമായിരിക്കുന്നു. യാചകരില്‍ നിന്ന് ശിഷ്യരായി മാറുന്ന ഈ പ്രക്രിയ അനുദിനം നാം തുടരണം.അന്ധനോടു നിശബ്ദനായിരിക്കാന്‍ പറഞ്ഞ ജനം ഇപ്പോള്‍ അന്ധനും യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉച്ചത്തില്‍ സാക്ഷ്യമേകുന്നു. കുരുടനു കാഴ്ച കിട്ടിയതു കണ്ട ജനം ദൈവത്തെ സ്തുതിക്കുന്നു. കുരടനു കാഴ്ചകിട്ടിയ സംഭവം ആ ജനത്തിന്‍റെയും കണ്ണു തുറപ്പിക്കുന്നു. ഏക വെളിച്ചം എല്ലാവരെയും ദൈവസ്തുതിയില്‍ ഒന്നിപ്പിക്കുന്നു. അങ്ങനെ താനുമായി കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും തന്‍റെ കാരുണ്യം യേശു ചൊരിയുന്നു.യേശുവിനാല്‍ വിളിക്കപ്പെടാനും സുഖപ്പെടുത്തപ്പെടാനും, പൊറുക്കപ്പെടാനും നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുവിനെ പിന്‍ചെല്ലാം. പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന്, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രസ്തുത പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധ ഭാഷകളില്‍ വായിക്കപ്പെട്ടു. പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പാപ്പാ അഭിവാദ്യം ചെയ്തതിനെ തുടര്‍ന്ന് പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.Source: Vatican Radio