News >> കെസിബിസി മതാധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു


കൊച്ചി: വിശ്വാസപരിശീലനരംഗത്ത് നിസ്തുലമായ സേവനങ്ങൾ നല്കിയിട്ടുള്ള മതാധ്യാപകർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി ഏർപ്പെടുത്തിയിട്ടുള്ള 2016-ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു. അവാർഡ് ജേതാക്കൾ ഇരിങ്ങാലക്കുട രൂപതയിലെ തുമ്പരശ്ശേരി സെന്റ് മേരീസ് അസംഷൻ ഇടവകാംഗമായ ശ്രീ. കെ.കെ. സെബാസ്റ്റ്യൻ, ആലപ്പുഴ രൂപതയിലെ കൊമ്മാടി തിരുകുടുംബം ഇടവകാംഗമായ ശ്രീ. ലാലു മലയിൽ, തിരുവല്ല അതിരൂപതയിലെ പുളിക്കീഴ് സെന്റ് ജോർജ് ഇടവകാംഗമായ ശ്രീമതി മേരിക്കുട്ടി ജോർജ് എന്നിവരാണ്. ഇരുപത്തയ്യായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

കേരള സഭയിലെ മതബോധനരംഗത്ത് പ്രശംസനീയമായ സംഭാവനകൾ നല്കി കടന്നു പോയ ഫാ. മാത്യു നടയ്ക്കലിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടയ്ക്കൽ കുടുംബാംഗങ്ങളും കെസിബിസിയും സംയുക്തമായി ഏർപ്പെടുത്തിയതാണ് കെസിബിസി മതാധ്യാപക അവാർഡുകൾ.

2016 ആഗസ്റ്റ് 27-ാം തീയതി ശനിയാഴ്ച 2 മണിക്ക് ആലപ്പുഴ കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്ന അവാർഡു സമർപ്പണസമ്മേളനം കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിക്കും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള മതാധ്യാപകർ സമ്മേളനത്തിൽ പങ്കെടുക്കും.

Source: Sunday Shalom