News >> പുരാതന സുറിയാനി പാട്ടുകൾക്ക് പഴമയുടെ ഈണവുമായി പുനരാവിഷ്‌ക്കാരം


തൃശൂർ: പുരാതനമായ സുറിയാനി ക്രൈസ്തവ ഗാനങ്ങൾ പഴയ ഈണവും ശ്രുതി താളങ്ങളുമായി പുനരാവിഷ്‌ക്കരിച്ചു. പൗരസ്ത് കൽദായ സുറിയാനി സഭയുടെ സംഗീതവിഭാഗമായ 'ബാറിക്മാർ' ആണ് സുറിയാനി ഗാനങ്ങളുടെ സംഗീതനിശ ഒരുക്കിയത്.

പഴയ സുറിയാനി ഗാനങ്ങൾ അടങ്ങിയ ഗാനമാലികയിൽനിന്നുള്ള നൂറ് ഗാനങ്ങൾ സംഗീതത്തോടെ ആലപിച്ച് ഒരുക്കിയ സിഡിയുടെ പ്രകാശനവും നടത്തി. സുറിയാനി ഗാനമാലിക നൂറ് ഗാനങ്ങൾ എന്നാണ് സിഡിയുടെ പേര്. 87 വർഷംമുമ്പ് 1929-ൽ മാർ നർസൈ പബ്ലിക്കേഷൻസിനുവേണ്ടി മാർ നർസൈ പ്രസിൽ അച്ചടിച്ച സുറിയാനി ഗാനമാലിക എന്ന ഗാനഗ്രന്ഥത്തിൽനിന്ന് തിരഞ്ഞെടുത്ത നൂറു ഗാനങ്ങളാണ് സിഡിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

റ്റി.ഡി. പൗലോസ് താഴത്ത്, ഡീക്കൻ ഡോ. സി.ജെ. ചാക്കോ ചിറക്കേക്കാരൻ, പി.ജെ. ജോർജ് മാസ്റ്റർ, പി.ഡി. ലാസർ പാലമറ്റം എന്നിവരാണ് സുറിയാനി ഗാനമാലികയിലെ പാട്ടുകൾ രചിച്ചത്.
പഴയ സുറിയാനി പാട്ടുകളുടെ ഈണവും ശ്രുതിയും പുതിയ തലമുറയിലുള്ളവർക്ക് അറിയില്ല. പഴയ തലമുറയിൽനിന്ന് അവ പാടിക്കേട്ടാണ് സുറിയാനി ഗാനങ്ങൾക്ക് ജോൺസൺ ജോൺ റ്റി. സംഗീതസംവിധാനം നിർവഹിച്ചത്. പഴയ സുറിയാനി പാട്ടുകളും അവയുടെ സംഗീതവും ഇനി വിസ്മൃതിയിലാവില്ല. 

Source: Sunday Shalom