News >> വേറോണിക്കക്കൊരു വീട്


തൃശൂർ: അതിരൂപതയുടെ നേതൃത്വത്തിൽ തൃശൂർ പൗരാവലിയുമായി സഹകരിച്ച് ആഘോഷിക്കുന്ന ബോൺനത്താലെ - ക്രിസ്മസ് ഫെസ്റ്റിന്റെ സൗജന്യ ഭവന സഹായ പദ്ധതിയുടെ ഭാഗമായി ഒല്ലൂർ പെരുവാൻകുളങ്ങര ചേര്യേക്കര വീട്ടിൽ വെറോണിക്കയുടെ (ഓമന) മഴയത്ത് തകർന്നുവീണ വീട് പുനർനിർമിച്ചു നൽകി. നിരാശ്രയരായ വെറോണിക്കക്കും വയോധികരായ സഹോദരൻ ഔസേപ്പിനും വലിയപ്പൻ വർഗീസിനും ആശ്വാസമായി പറവട്ടാനി പുത്തൻവീട്ടിൽ പി.എസ്. ബാബു സ്‌പോൺസർ ചെയ്ത് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനകർമം അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിൽ നിർവഹിച്ചു.
ഫാ. ലിജോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ബോൺ നത്താലെ ഭാരവാഹികളായ പി.എസ്. ബാബു, മേഴ്‌സി ബാബു, എൻ.പി. ജാക്‌സൺമാസ്റ്റർ, ജോജു മഞ്ഞില, ജോസ് പൊലേക്കാരൻ, മെൽബ റോസ്, ബെൽസ് റോസ് എന്നിവർ പങ്കെടുത്തു.

ബോൺ നത്താലെയുടെ ഭാഗമായുള്ള വിവാഹസഹായനിധി, ആതുരശുശ്രൂഷ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായം, പെയിൻ പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിലുള്ള ബോൺ നത്താലെ കമ്മിറ്റി തുടർന്നുവരുന്നു.നടത്തറ അയ്യപ്പൻകുന്ന് ഹാപ്പി നഗർ സുരേന്ദ്രനും ഭാര്യ ജയന്തിക്കും വീട് നിർമിച്ച് നൽകി. അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് വീടിന്റെ താക്കോൽദാനകർമം നിർവഹിച്ചു.

നെല്ലങ്കര അമ്പലത്തറകാവ് അമ്പലത്തിന് സമീപമുള്ള കോളനിയിൽ പള്ളിപ്പുറത്ത് അമ്മിണി മകൻ മോഹനന് പുനർ നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം അതിരൂപത വികാരി ജനറൽ മോൺ. ജോർജ് കോമ്പാറ നിർവഹിച്ചു.

Source: Sunday Shalom