News >> ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചപ്പോഴെല്ലാം..
ദേശീയ കായിക താരമായ എലിസബത്ത് സൂസൻ കോശിയുടെ അനുഭവംദൈവസാന്നിധ്യവും അനുഗ്രഹവും ഇല്ലായിരുന്നില്ലെങ്കിൽ എനിക്ക് ഇന്നു ലഭിച്ച നേട്ടങ്ങളും അംഗീകാരങ്ങളും തേടിയെത്തില്ലായിരുന്നു. ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽ കേരളത്തിന്റെ ആദ്യത്തെ ഷൂട്ടിംഗ് മെഡൽ നേടിയപ്പോഴും ഞാൻ മാധ്യമങ്ങളോട് പറഞ്ഞത് ഇക്കാര്യം തന്നെയാണ്. "ഫൈനലിൽ അവസാനത്തെ മൂന്നു റൗണ്ടുകളിൽ കാഞ്ചി വലിച്ചത് ദൈവമായിരുന്നു. ഞാൻ വെറുതെ തോക്കുമായി നിന്നെന്നുമാത്രം." ലോക റാങ്കിംഗിൽ ഇടം നേടിയ പ്രമുഖരായ ഒട്ടേറെപ്പേർ മത്സരിക്കുമ്പോൾ മെഡൽ പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല. സ്വർണ്ണത്തിലേക്ക് എത്താൻ 206.8 പോയിന്റെ വേണ്ടിയിരുന്നിടത്ത് രണ്ട് റൗണ്ടുകൾ ബാക്കിനിൽക്കേ എനിക്ക് ദൈവം തന്നത് 411 പോയിന്റ്. ഇഷ്ട ഇനമായ അമ്പതു മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വീണ്ടും സ്വർണ്ണമെഡൽ ലഭിച്ചു.2006 മുതലാണ് ഷൂട്ടിംഗ് പരിശീലിക്കുന്നത്. തൊടുപുഴയിലെ മലങ്കര പ്ലാന്റേഷനിൽ മാനേജരായിരുന്നു പപ്പ എബ്രഹാം കോശി. അമ്മ അനി. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് തോക്കിനോട് അടുപ്പം തോന്നിത്തുടങ്ങിയത്. വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് വീടിന് തൊട്ടടുത്തുള്ള ഇടുക്കി റൈഫിൾ ക്ലബിൽ അംഗമായിരുന്ന പപ്പയോടൊപ്പം പോയിത്തുടങ്ങിയത്.എല്ലാ ദിവസവും പ്രാർത്ഥനയോടെയാണ് ആരംഭിക്കുന്നത്. കൈയിൽ എപ്പോഴുമൊരു ചെറിയ ബൈബിൾ കാണും. അത് മത്സരത്തിനുമുമ്പ് വായിക്കും. മത്സരങ്ങൾക്ക് മുമ്പും പിമ്പും പ്രാർത്ഥന പതിവാണ്. വിജയമാണെങ്കിലും പരാജയമാണെങ്കിലും ദൈവത്തിന് നന്ദി പറയും. ആരും കാണാതെയാണ് പ്രാർത്ഥന മിക്കവാറും. അത് വാഷ്‌റൂമിലാകാം, ഡ്രസ് റൂമിലാകാം, എവിടെയാണെങ്കിലും മുട്ടുകുത്തി തമ്പുരാന് സമർപ്പിക്കും. വിജയങ്ങൾക്ക് നന്ദി പറയും. മത്സരങ്ങൾക്കിടയിൽ ആ പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിയാൻ സാധിക്കും. എന്നിലൂടെ ഒരു ശക്തി കടന്നുപോകുന്നത് അറിയാൻ പറ്റും. എനിക്കുവേണ്ടി രാജ്യം മുഴുവൻ വിവിധ ഭാഷകളിൽ, വിവിധ മതവിഭാഗങ്ങളിൽ പ്രാർത്ഥനകൾ നടത്താറുണ്ട്. വീട്ടിൽ അമ്മൂമ്മ എപ്പോഴും തനിക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ട്. മത്സരങ്ങൾക്കുമുമ്പ് അമ്മയെ ഫോണിൽ വിളിച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെടും. പള്ളിയിൽ പോകാൻ സാധിക്കുന്ന സമയങ്ങളിലെല്ലാം പോകും. ദൈവസാന്നിധ്യം എല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ എവിടെയാണെങ്കിലും ദൈവത്തെ അടുത്തറിഞ്ഞ് പ്രാർത്ഥിക്കാൻ സാധിക്കും.ദൈവാനുഗ്രഹത്തിനൊപ്പം കഠിനാധ്വാനവും ചേർന്നപ്പോഴാണ് വിജയം കൈപ്പിടിയിൽ എത്തിയത്. അംഗീകാരങ്ങൾക്ക് നടുവിലും എളിമയും വിനയവും കൈവിടാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ഷൂട്ടിംഗ് മത്സരത്തിലേക്ക് കടന്നുവന്നപ്പോഴാണ് ആളുകളെ കൂടുതൽ മനസിലാക്കാൻ സാധിച്ചത്. 17 വയസുമുതലാണ് കൂടുതൽ ഇൻവോൾവിഡ് ആയിത്തുടങ്ങിയത്. നമുക്ക് അംഗീകാരങ്ങൾ വന്നുതുടങ്ങുമ്പോഴാണ് കൂടുതൽ രംഗത്ത് സജീവമാകുന്നത്. 2011 മുതലാണ് ദേശീയതലത്തിൽ മത്സരിച്ചു തുടങ്ങിയത്. 2014-ൽ അഞ്ച് അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തു. വിജയം വരുമ്പോൾ ദൈവത്തെ തള്ളിപ്പറയുന്ന ആളുകളുണ്ട്. മറ്റുള്ളവരുടെ ശരീരഭാഷ കണ്ട് അവരെ വിധിക്കരുത്. ആരെയും ചീത്തയായി ദൈവം സൃഷ്ടിക്കുന്നില്ല. സാഹചര്യമാണ് അവരെ തെറ്റിലേക്കും ശരിയിലേക്കും നയിക്കുന്നത്. ഷൂട്ടിംഗ് മത്സരങ്ങൾ എന്നെ ജീവിതത്തിന്റെ ദിശാബോധം കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. ഏതു നേരവും നമ്മൾ ബൈബിൾ വായിച്ചിട്ട് കാര്യമില്ല. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കണം. നൂറ് ശതമാനമില്ലെങ്കിലും പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. ദൈവവുമായുള്ള സംസാരമാണ് പ്രാർത്ഥനകൾ. സ്വകാര്യമായാണ് മിക്കവാറും എന്റെ പ്രാർത്ഥന.മറ്റ് മത്സരവിഭാഗങ്ങളെ അപേക്ഷിച്ച് ഷൂട്ടിംഗ് ഒരു വർഷത്തിൽ നാല് ലോകകപ്പ് മത്സരങ്ങളുണ്ട്. അതിൽനിന്ന് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മൂന്നുപേരെ തിരഞ്ഞെടുക്കും. 2013-2014 വർഷങ്ങളിൽ ജൂനിയറായിരുന്നെങ്കിലും സീനിയർ വിഭാഗത്തിലെ ദേശീയ ചാമ്പ്യനായിരുന്നു. ഏപ്രിലിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ ഒരുക്കത്തിലാണിപ്പോൾ. ഈ മത്സരങ്ങളിലൂടെ ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് രാജ്യം ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്. അതിനായുള്ള പരിശ്രമമാണ്. അതിനുവേണ്ടി നിങ്ങളുടെയും പ്രാർത്ഥനകൾ എനിക്കൊപ്പമുണ്ടാകണം.2014 സെപ്റ്റംബർ മാസം സ്‌പെയിനിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്കിടെ ഒരനുഭവമുണ്ടായി. അവസാന ഷോട്ടിന്റെ സമയം. 10.3 മുകളിൽ എത്തണം. ആളുകളുടെ മുഖഭാവം ശ്രദ്ധിച്ചു. ഇന്ത്യക്കാരുടെ മുഖത്ത് ഒരു പിരിമുറുക്കം. അത് കണ്ടപ്പോൾ എനിക്ക് ടെൻഷനായി. ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു. ഏതാണ്ട് പത്തുപ്രാവശ്യം ശ്രമിച്ചു. അവസാനം 10.5 പോയിന്റുമായി ലോകറാങ്കിംഗിൽ എട്ടാം സ്ഥാനം ലഭിച്ചു. അത് ലഭിച്ചില്ലായിരുന്നെങ്കിൽ ഫൈനലിൽ കയറാൻ സാധിക്കില്ലായിരുന്നു. ദൈവത്തിന്റെ അനന്തമായ അനുഗ്രഹം ലഭിച്ച സമയങ്ങളായിരുന്നു അത്.മൂന്നാം വയസുമുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. നായികയായി അഭിനയിച്ച മിഴിയറിയാതെ എന്ന ആൽബം റിലീസായി. ചേട്ടന്മാരായ എബ്രാഹാമും എഡ്‌വിനും സഹോദര ഭാര്യ സ്‌നേഹയും എന്നും പിന്തുണയുമായി കൂടെയുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളം കടവന്ത്രയിൽ ജവഹർനഗറിലാണ് താമസം.Source: Sunday Shalom