News >> അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന കരുണയും മാനസാന്തരവും


യഥാര്‍ത്ഥ മാനസാന്തരത്തിന്‍റെ അടയാളം അപരന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതും അത് നിറവേറ്റിക്കൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതുമാണെന്ന് മാര്‍പ്പാപ്പാ.

     ദൈവത്തിന്‍റെ വരപ്രസാദം നാം സ്വീകരിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ മാനസാന്തരം സംഭവിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

     കരുണയുടെ അസാധാരണ ജൂബിലി പ്രമാണിച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രത്യേക പൊതുദര്‍ശനം അനുവദിക്കുന്ന പതിവനുസരിച്ച് ഈ ശനിയഴ്ച (18/06/16) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍, അവിടെ സന്നിഹിതരായിരുന്ന വിവിധരാജ്യക്കാരായ പതിനായിരങ്ങളെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     മാനസാന്തരവും പാപപ്പൊറുതിയും ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

     ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹത്തിന്‍റെ സുവിശേഷസന്ദേശത്തിന്‍റെ കാതലാണ് ഇവ രണ്ടുമെന്നും പാപ്പാ പറഞ്ഞു.

     അനുതപിച്ച് സുവിശഷത്തില്‍ വിശ്വസിക്കുവിന്‍ എന്നതാണ് യേശു അവിടത്തെ ദൗത്യാരംഭത്തില്‍ പറയുന്ന ആദ്യവാക്കുകള്‍ എന്നനുസ്മരിച്ച പാപ്പാ ഈ ആഹ്വാനത്തോടു കൂടിയാണ് യേശു, ദൈവപിതാവ് നരകുലത്തോടു പറയുന്ന അവസാനത്തേതും നിയതവുമായ വാക്കുകളായി അവിടത്തെ വചനത്തെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജനത്തിനുമുന്നില്‍ സ്വയം അവതരിപ്പിക്കുന്നതെന്ന് വിശദീകരിച്ചു.

     മാനസാന്തരത്തിന്‍റെ ആന്തരികമാനത്തിനാണ് പ്രവാചകന്മാരെ അപേക്ഷിച്ച്, യേശു ഉപരിയൂന്നല്‍ നല്കുന്നതെന്നും നവസൃഷ്ടിയാകുക എന്നതില്‍, വാസ്തവത്തില്‍, ആകമാന മനുഷ്യന്‍ അതായത് ഹൃദയമനസ്സുകള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പാപ്പാ പറഞ്ഞു.

     മാനസാന്തരപ്പെടേണ്ടവരോടുള്ള കാരുണ്യം യേശു കാട്ടുന്നത്  അവിടത്തെ സ്നേഹസാമീപ്യത്താലാണെന്നും അവിടന്ന് വ്യക്തികളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും അങ്ങനെ  അവര്‍ ദൈവസ്നേഹത്താല്‍ ആകര്‍ഷിതരായി ജീവിതരീതി മാറ്റാന്‍ പ്രചോദിതരാകുകയും ചെയ്യുന്നുവെന്നും ഫ്രാന്‍സീസ് പാപ്പാ ഉദ്ബോധിപ്പിച്ചു.

     മാനസാന്തരപ്പെടാന്‍ കര്‍ത്താവേകുന്ന ക്ഷണം നാം തിരസ്ക്കരിക്കരുതെന്നും, കാരണം അവിടത്തെ കാരുണ്യത്തിന് നാം സ്വയം തുറന്നുകൊടുക്കുമ്പോള്‍ മാത്രമാണ് സത്യ ജീവനും യാഥാര്‍ത്ഥ ആനന്ദവും നാം കണ്ടെത്തുകയെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. 

Source: Vatican Radio