News >> പിതൃസങ്കല്പം പ്രാര്‍ത്ഥനയുടെ മൂലക്കല്ലെന്ന് പാപ്പാ ഫ്രാന്‍സിസ്
ക്രൈസ്തവ ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ മൂലക്കല്ലാണ് 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ,' എന്ന ക്രിസ്തു പഠപ്പിച്ച പ്രാര്‍ത്ഥന. ജൂണ്‍ 16-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ വചനചിന്ത പങ്കുവച്ചത് (മത്തായി 6, 7-15). ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന മന്ത്രോച്ചാരണമല്ല. ക്രിസ്തു പഠിപ്പിച്ചതനുസരിച്ച്, അവിടുത്തെപ്പോലെ ജീവിതത്തില്‍ പിതാവിനെ വിളിച്ചപേക്ഷിക്കുന്ന ശ്രേഷ്ഠ മുഹൂര്‍ത്തമാണ്. പ്രാര്‍ത്ഥനയെ ഇങ്ങനെ വിശേഷിപ്പിക്കുകയും പ്രാര്‍ത്ഥനയുടെ മൊത്തം രൂപത്തെയും ഘടനയെയും 'പിതാവ്' എന്ന ഒറ്റവാക്കില്‍ പാപ്പാ കോര്‍ത്തിണക്കുകയും ചെയ്തു.
കപടനാട്യക്കാരുടേതുപോലെ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടിയുള്ള പ്രകടനപരതയുളള പ്രാര്‍ത്ഥനാരീതി ക്രിസ്തു അപലപിക്കുന്നു (മത്തായി 6, 5). ജീവിതത്തിന്‍റെ വഴിത്തിരിവുകളില്‍ അവിടുന്ന് നിരന്തരമായി പിതാവിങ്കലേയ്ക്ക് തരിയുന്നു. മക്കളുടെ ആവശ്യങ്ങള്‍ അറിയുന്ന പിതാവ് എല്ലാം നന്മയായി നല്‍കുമെന്നും, രഹസ്യങ്ങള്‍പോലും അറിയുന്ന അവിടുന്നു നമ്മുടെ ചെറുതായ ആഗ്രഹങ്ങളും അഭിലാഷങ്ങളും അറിഞ്ഞ് പ്രത്യുത്തരിക്കുകയും ചെയ്യുന്നു.നാം ദൈവമക്കളാണ്, ദൈവപുത്രരെന്ന ക്രൈസ്തവ വ്യക്തിത്വം ദൈവാരൂപിയുടെ കൃപയാണ്. കാരണം ദൈവകൃപയില്ലാതെ ദൈവത്തെ ആര്‍ക്കും പിതാവേ, എന്നു യഥാര്‍ത്ഥത്തില്‍ വിളിക്കാനാവില്ല. ക്രിസ്തുവിന്‍റെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുമ്പോള്‍ അത്യപൂര്‍വ്വവും പ്രസക്തവുമായ മുഹൂര്‍ത്തങ്ങളിലാണ് അവിടുന്ന് ദൈവത്തെ 'പിതാവേ,' എന്നു വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്. അത് സന്തോഷത്തിന്‍റേയോ സങ്കടത്തിന്‍റെയോ സന്ദര്‍ഭമാകാം. ആനന്ദത്തിന്‍റെ മുഹൂര്‍ത്തത്തില്‍ അവിടുന്ന് പറഞ്ഞു, "പിതാവേ, ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരില്‍നിന്നും വിവേകമതികളില്‍നിന്നും മറച്ചുവച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തി കൊടുത്തതിന് അങ്ങേയ്ക്കു നന്ദിപറയുന്നു" (മത്തായി 11, 25). അതുപോലെ വിഷാദത്തിന്‍റെ വേളയില്‍ ലാസറിന്‍റെ കുഴിമാടത്തില്‍ കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് അവിടുന്നു പ്രാര്‍ത്ഥിച്ചു. "പിതാവേ, അങ്ങ് എന്‍റെ പ്രാര്‍ത്ഥന ശ്രവിച്ചതിന് നന്ദിപറയുന്നു!" (യോഹ. 11, 40). തന്‍റെ ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ക്രിസ്തു പിതാവിനെ വിളിച്ചു കരയുന്ന രംഗം സുവിശേഷങ്ങള്‍ വരച്ചുകാട്ടുന്നത് ഹൃദയസ്പര്‍ശിയാണ്. ഇങ്ങനെ അര്‍ത്ഥഗര്‍ഭമായും ജീവല്‍ബന്ധിയായും പിതാവിനെ വിളിക്കാനായില്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന പൊള്ളയായിരിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
അനുദിന ജീവിത പ്രാര്‍ത്ഥനകളില്‍ കന്യകാമറിയത്തെയോ, വിശുദ്ധരെയോ, മാലാഖമാരെയെല്ലാം അഭിസംബോധനചെയ്യാറുണ്ട്. എന്നാല്‍ പ്രാര്‍ത്ഥനയുടെ മൂലക്കല്ല് പിതാവായ ദൈവം തന്നെയാണ്. അതിനാല്‍ പിതാവില്‍ പ്രത്യാശ അര്‍പ്പിക്കാത്ത പ്രാര്‍ത്ഥന പൊള്ളയാകാന്‍ ഇടയുണ്ട്. ആത്മീയപിതൃത്വത്തിന്‍റെ ക്രൈസ്തവന് വ്യക്തിത്വം നല്കുന്നത് നാം ദൈവത്തെ "പിതാവേ," എന്നു വിളിച്ച് അപേക്ഷിക്കുമ്പോഴാണ്. നമ്മുടെ പ്രാര്‍ത്ഥനകളും പ്രദക്ഷിണങ്ങളും തീര്‍ത്ഥാടനങ്ങളും നൊവേനകളുമെല്ലാം അര്‍ത്ഥവത്താകണമെങ്കില്‍ ദൈവത്തിന്‍റെ മക്കളാണെന്ന വിശ്വാസബോധ്യം അനിവാര്യമാണ്. നമ്മെ സ്നേഹിക്കുകയും, നമ്മെ അറിയുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു പിതാവുണ്ട് എന്ന ബോധ്യം അനിവാര്യമാണ്. പ്രര്‍ത്ഥനയുടെ മുഖ്യഘടകം ഇതുതന്നെയാണ്. പാപ്പാ ഉദ്ബോധിപ്പിച്ചു. 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ,' എന്ന സുവിശേഷ പ്രാര്‍ത്ഥനയക്ക് അനന്യമായ വ്യാപ്തിയും സാമൂഹ്യമാനവുമുണ്ട്. . നാം സഹോദരങ്ങളും കുടുംബവുമാണ്. കുടുംബത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വ്യക്തിത്വം ക്രൈസ്തവ ജീവിതത്തില്‍ നല്കുന്നത് ദൈവത്തിന്‍റെ പിതൃത്വമാണ്. സഹോദരനെ വകവരുത്തിയ കായേനോട് ആദ്യം കണക്കുചോദിക്കുന്നത് ദൈവമാണ് (ഉല്പത്തി 4, 9). കാരണം ദൈവം പിതാവും സ്രഷ്ടാവും ദൈവവുമാണ്. അത് ദൈവ-മനുഷ്യബന്ധത്തിന്‍റെയും, മനുഷ്യര്‍ പരസ്പരവും ഉണ്ടായിരിക്കേണ്ട ബന്ധത്തിന്‍റെയും സമൂഹ്യമാനമാണ്. അതുകൊണ്ട് അനുദിന ജീവിതത്തില്‍ സഹോദരങ്ങളോട് ക്ഷമിക്കാന്‍ നമുക്ക് സാധിക്കണം. ഇതും പ്രാര്‍ത്ഥനയുടെ ഭാഗമാണ്. "ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കണമേ," (മത്തായി 6, 4) എന്ന കര്‍ത്തൃപ്രാര്‍ത്ഥനയുടെ ഭാഗം തനിമയാര്‍ന്നതും ശ്രദ്ധേയവുമാണ്. ഹൃദയത്തില്‍ പ്രതികാരമോ, വിദ്വേഷമോ, വെറുപ്പോ നമുക്ക്കൊണ്ടു നടക്കാനാവില്ല. പാപ്പാ ഉദ്ബോധിപ്പിച്ചു.ഇത്രയേറെ അന്തരാര്‍ത്ഥമുള്ളതും, ഹൃദയഹാരിയുമായ പ്രാര്‍ത്ഥനയെക്കുറിച്ച് നാം അനുദിനം ആത്മശോധനചെയ്യുകയും ധ്യാനിക്കുകയും വേണം. ദൈവം എന്‍റെ പിതാവ്, നമ്മുടെ പിതാവ് എന്ന് എത്രത്തോളം ഹൃദ്യമായി പറയാന്‍ എനിക്കു സാധിക്കുന്നുവോ, അത്രത്തോളം എന്‍റെ പ്രാര്‍ത്ഥന ശ്രേഷ്ഠവും സത്യസന്ധവുമാണ്. ഇല്ലെങ്കല്‍ ഇനിയും അരൂപിയുടെ വരാദനത്തിനായി പ്രാര്‍ത്ഥിക്കണം. ദൈവത്തെ എന്‍റെ പിതാവായും, നമ്മുടെ പിതാവായും ഉള്‍ക്കൊള്ളുവാനും, അതുവഴി ദൈവപുത്രസ്ഥാനവും ബന്ധവും, ദൈവമക്കളുടെ പദവിയും വ്യക്തിത്വവും ദൃഢപ്പെടുത്താനും നമുക്കു പരിശ്രമിക്കാം. ചിന്തകള്‍ ഉപസംഹരിച്ചുകൊണ്ട് പാപ്പാ ആഹ്വാനംചെയ്തു.Source: Vatican Radio