News >> മദർ തെരേസ സഹസ്രാബ്ദത്തിലെ ഏറ്റവും നല്ല മിഷനറി: ബിഷപ് ഡോ. ലോബോ


കൊൽക്കത്ത: വിശുദ്ധ പദവിലേക്ക് ഉയരുന്ന മദർ തെരേസ ഈ സഹസ്രാബ്ദത്തിലെ ഏറ്റവും നല്ല മിഷനറിയാണെന്ന് ബാരൂപൂർ രൂപതാധ്യക്ഷനും മദറിന്റെ നാമകരണനടപടികൾക്കായുള്ള കമ്മറ്റിയുടെ അധ്യക്ഷനുമായ ഡോ. സാൽവദോർ ലോബോ. ക്രിസ്തുവിന്റെ ലോകത്തിലെ മുഖമായി മാറാൻ മദറിനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മറ്റുമതവിശ്വാസികൾ വരെ ജീവിതകാലത്ത് മദറിനെ വിശുദ്ധയായിട്ടാണ് കണ്ടിരുന്നത്. പാവങ്ങൾക്ക് ചെയ്യുന്ന സേവനം ദൈവത്തിന് നൽകുന്നതാണെന്ന ചിന്തയിലേക്ക് ലോകത്തെ നയിക്കാൻ മദർ തെരേസക്കു കഴിഞ്ഞു. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് വിവിധ നടപടിക്രമങ്ങളുമായി പോകുന്നത് എന്തിനാണെന്ന് മറ്റു മതവിശ്വാസികളായി അനേകർ ഈ കാലങ്ങളിൽ ചോദിച്ചിട്ടുണ്ട്.

ഒരാളെ വിശുദ്ധയുടെ ഗണത്തിലേക്ക് ഉയർത്തുന്നതിൽ സഭയ്ക്ക് അതിന്റേതായ നാൾവഴകളുണ്ടെന്ന് ബിഷപ് ലോബോ പറഞ്ഞു. നാമകരണനടപടികളിൽ ഭാഗഭാഗുക്കളായ അനേകർ മറ്റു മതവിഭാഗങ്ങളിൽ പെട്ടവരായിരുന്നു. മദർ തേരേസയുടെ വിശുദ്ധപദവി ഭാരതീയർക്ക് മുഴുവൻ ആനന്ദം നൽകുന്നതാണ്. കൊൽക്കത്തയിലെ കാളിഘട്ടിൽവച്ച് മരണാസന്നരായ രോഗികളെ പരിചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മദറിനെ ആദ്യമായി കാണുന്നത്. താനന്ന് സെമിനാരിയിൽ പഠിക്കുകയായിരുന്നെന്നും ബിഷപ് പറഞ്ഞു.

ക്രിസ്തുവിന്റെ മനുഷ്യത്വഭാവമാണ് മദറിൽ കാണാൻ കഴിഞ്ഞത്. പാവങ്ങളുടെ ഹൃദയത്തിലാണ് ക്രിസ്തു ജീവിക്കുന്നത്. അവരുടെ മുഖങ്ങളിൽ ക്രിസ്തുവിനെ കാണണമെന്ന് ലോകത്തെ മദർ പഠിപ്പിച്ചു; ബിഷപ് ഡോ. ലോബോ പറഞ്ഞു.

ജീവിതകാലത്തുതന്നെ ലോകം വിശുദ്ധ എന്നു വിളിക്കുകയും പാവങ്ങളുടെ മാലാഖയായി കാണുകയും ചെയ്ത മദർ തെരേസക്ക് 1979-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ആദരിച്ചിരുന്നു. 1997 സെപ്റ്റംബർ അഞ്ചിന് കൊൽക്കത്തയിൽവച്ച് നിത്യസമ്മാനത്തിനായി യാത്രയായ മദറിനെ 2003 ഒക്‌ടോബർ 19-ന് വിശുദ്ധ ജോ ൺ പോൾ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വരുന്ന സെപ്റ്റംബർ നാലിന് റോമിൽവച്ച് ഫ്രാൻസിസ് മാർപാപ്പ മദർ തെ രേസയെ വിശുദ്ധയായി പ്രഖ്യാപിക്കും.

Source: Sunday Shalom