News >> ചത്തീസ്ഗഡിലെ ക്രൈസ്തവർ ആശങ്കയിൽ


റായ്പ്പൂർ: ചത്തീസ്ഗഡിൽ ക്രൈവർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിലും ഭീഷണികൾമൂലവും ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിൽ. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറുന്നത്. ഹിന്ദു വിഭാഗത്തിന്റേതല്ലാത്ത ആരാധനകളും സമ്മേളനകളും ബസ്തർ ജില്ലയിലെ അനേകം ഗ്രാമങ്ങളിൽ നിരോധിച്ചിരിക്കുകയാണ്. ക്രൈസ്തവർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ജഗദൽപ്പൂർ രൂപതാധ്യക്ഷൻ ഡോ. ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ക്രൈ സ്തവ പീഡനങ്ങൾകൊണ്ട് കുപ്രസിദ്ധി നേടിയ ബസ്തർ ജില്ല ജഗദർപ്പൂർ രൂപതയിലാണ്. പരിഭ്രമം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് റായ്പ്പൂർ അതിരൂപതാ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ പൂമറ്റം പറഞ്ഞു. കേന്ദ്രത്തിലും- സംസ്ഥാനത്തും ബിജെപി ഭരണത്തിൽ എത്തിയതോടെ ക്രൈസ്തവർക്കും ട്രൈബൽ വിഭാഗങ്ങൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവർക്ക് പൊതുവിതരണ കേന്ദ്രങ്ങളിൽനിന്നും സാധനങ്ങൾ വാങ്ങുന്നതിനുവരെ ചില സ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ ചത്തീസ്ഗഡിലെ മതപീഡനങ്ങളെക്കുറിച്ച് തയാറാക്കിയ ഒരു റിപ്പോർട്ട് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. ക്രൈസ്തവർ ഭയാനകമായ സാഹചര്യത്തിലാണ് കഴിയുന്നതെന്ന് റിപ്പോർട്ടിന് നേതൃത്വം നൽകിയ കവിതാ കൃഷ്ണൻ പറയുന്നു. ജനങ്ങളെ പലയിടത്തും മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. പൊതു ശ്മശാനങ്ങളിൽ ക്രൈസ്തവരെ സംസ്‌കരിക്കുന്നതിനും ചില ഇടങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൊതുവായ സ്ഥലങ്ങളിൽനിന്നും വെള്ളം ശേഖരിക്കുന്നതിനുവരെ ക്രൈസ്തവർക്ക് വിലക്കുവന്നുകഴിഞ്ഞു. "നിങ്ങൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയോ ഗ്രാമം വിട്ടുപോകുകയോ വേണമെന്നാണ് ജില്ലാ അധികൃതർ ആവശ്യപ്പെടുന്നത്." റിപ്പോർട്ടിൽ പറയുന്നു. ആക്രമിക്കപ്പെട്ട ക്രൈസ്തവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ആംബുലൻസ് തടഞ്ഞ സംഭവങ്ങളും ഉണ്ടായതായി റിപ്പോ ർട്ടിൽ പറയുന്നു.

ചത്തീസ്ഗഡിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിലും താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ക്രൈസ്തവർക്ക് നടക്കുന്ന ആക്രമണങ്ങൾക്ക് അധികാരികളുടെ മൗനാനുവാദം ഉള്ളതിനാലാണ് അതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Source: Sunday Shalom