News >> വെനിസ്വേലയിൽ ഭക്ഷ്യ ക്ഷാമം
കാറക്കാസ്: 'വെനിസ്വേലയിലെ സ്ഥിതി ഭയാനകമാണ്. ജനങ്ങൾ വിശന്നു വലയുകയാണ്. ഭക്ഷണക്ഷാമവും അരാജകത്വവുമാണ് ഇവിടുത്തെ ഭീകരതയെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ' - വെനിസ്വേല നേരിടുന്ന വേദനാജനകമായ അവസ്ഥയെക്കുറിച്ചുള്ള വാക്കുകൾ ഡോമിനിക്കൻ സഭയുടെ ജപമാലരാജ്ഞി പ്രൊവിൻസിന്റെ പ്രയോറായ ആഞ്ചലോ വില്ലാസ്മില്ലിന്റേതാണ്. ലാറ്റിൻ അമേരിക്കയിലും കരിബീയനിലുമുള്ള ഡൊമിനിക്കൻ സന്യാസിമാർക്കയച്ച കത്തിലാണ് വെനിസ്വേല നേരിടുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഫ്രയർ ആഞ്ചലോ വിശദീകരിച്ചിരിക്കുന്നത്.മനുഷ്യാവകാശങ്ങളുടെ വ്യവസ്ഥിതമായ ലംഘനമാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വേദനാജനകമായ പ്രശ്‌നമെന്ന് കത്തിൽ പറയുന്നു. സാമൂഹ്യമായ അരക്ഷിതാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. 100-ലധികം രാഷ്ട്രീയ തടവുകാർ പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ പ്രവർത്തിച്ച കുറ്റക്കാരെല്ലാം സുരക്ഷിതരായി ജീവിക്കുകയാണ്. സമ്പർക്കസംവിധാനങ്ങളിൽ ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള തടസ്സങ്ങളാണ് പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം. ഭക്ഷണത്തിന്റെയും മരുന്നിന്റെയും അപര്യാപ്തതമൂലം ജനങ്ങൾ മരിക്കുന്നതിനെക്കുറിച്ച് സാമൂഹ്യസമ്പർക്കമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നുമില്ല. രാജ്യത്തെ പ്രധാന നഗരമായ കാറക്കാസിലെ തെരുവുകൾ രാത്രിയാകുമ്പോഴേക്കും വിജനമാകും. സാധാരണ കുറ്റവാളികളല്ല ഇവയൊന്നും പ്രവർത്തിക്കുന്നത്. സംഘടിത ഗുണ്ടാസംഘങ്ങൾ കൊലപാതകവും തട്ടിക്കൊണ്ടുപോകലുകളും ഗുണ്ടാപിരിവുകളുമായി ജനത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്; ഫാ. ആഞ്ചലോ വിശദീകരിച്ചു.Source: Sunday Shalom