News >> പട്ടിണിയെക്കുറിച്ച് മാധ്യമങ്ങൾക്ക് നിശബ്ദത


മാലാവി: പട്ടിണി അനുഭവിക്കുന്നവരെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ നിശബ്ദതയെ ഇറ്റാലിയൻ കർദിനാൾ ഗ്വാൽറ്റിയേറോ ബാസേത്തി നിശിതമായി വിമർശിച്ചു. പാശ്ചാത്യലോകത്തിന്റെ അമിതമായ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദവും 80 കോടി ജനങ്ങൾ പട്ടിണി അനുഭവിക്കുന്ന ആഫ്രിക്കയും തമ്മിൽ നാടകീയമായ ദൂരം നിലനിൽക്കുന്നുണ്ടെന്ന് മാലാവിയിലെ ദാരിദ്ര്യത്തെ പരാമർശിച്ചുകൊണ്ട് കർദിനാൾ ബാസേത്തി പറഞ്ഞു.

201619670അതേസമയം മാലാവിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നിശബ്ദ യുദ്ധമാണ് പട്ടിണിയെന്ന് മാലാവിയിൽ ശുശ്രൂഷ ചെയ്യുന്ന മോൻഫോർട്ടാൻ മിഷനറി ഫാ.പിയർജോർജിയ ഗാമ്പാ പറഞ്ഞു. മാലാവിയിൽ രണ്ട് കാര്യങ്ങൾ മാത്രമാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ജനസംഖ്യയും ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവും. എല്ലാ സാധനങ്ങളുടെയും വിലയിലുള്ള വർദ്ധനവ് ദാരിദ്ര്യത്തിന്റെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിലെ ജയിലുകളിൽ താമസിക്കുന്നവർ പട്ടിണി മൂലം അക്ഷാർത്ഥത്തിൽ മരിച്ചുകൊണ്ടിരിക്കുകയാണ്. അവരെ തുറന്നു വിടുക മാത്രമാണ് മുന്നിലുള്ള പോംവഴി; ഫാ. ഗാമ്പാ വിശദീകരിച്ചു.

മാലാവിയിലെ ജയിലുകളിൽ കഴിയുന്ന 13,000 ജയിൽപ്പുള്ളികളിൽ 2000-ത്തിലധികമാളുകൾ ഏയ്ഡ്‌സ് ബാധിതരാണ്. 1500 പേർ കോളറബാധിതരാണ്. ആവശ്യത്തിന് ഭക്ഷണമില്ലാതെ ഇവരിൽ പലരും മരണത്തിന്റെ വക്കിലാണ്. ജയിലുകളിൽ ഭക്ഷണമെത്തിക്കുന്നവർക്ക് ഇപ്പോൾ തന്നെ വലിയൊരു തുക കടമായി കിട്ടാനുണ്ട്. കൃത്യമായി പണം ലഭിക്കാത്ത സാഹചര്യത്തിൽ ജയിലിൽ ഭക്ഷണമെത്തിക്കാൻ സേവനദാതാക്കളാരും തയാറാകുന്നില്ല.

സ്വന്തം കാര്യം മാത്രം നോക്കുന്ന പാർലമെന്റ് പ്രതിനിധികൾ ഇക്കാര്യങ്ങളിലൊന്നും ഇടപെടുന്നില്ലെന്ന് ഫാ. ഗാമ്പാ പറഞ്ഞു. 2019ൽ നടക്കുന്ന ഇലക്ഷനുളള പ്രചരണപരിപാടികൾ ആസൂത്രണം ചെയ്യുന്ന തിരിക്കിലാണ് അവർ. 2016ൽ രാജ്യത്തെ പകുതി ജനങ്ങൾക്കും ആവശ്യമായ ഭക്ഷണം ലഭ്യമാകില്ലെന്ന് ബിഷപ്പുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. പോഷകാഹാരത്തിന്റെ കുറവ് കുട്ടികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പലരുടെയുടെ പഠനം പാതി വഴിയിൽ മുടങ്ങി. പ്രതിവിധിയായി ഇതുവരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ തുലോം കുറവാണ്. മാലാവിയിലെ ജനങ്ങൾ ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ വർഷത്തിൽ ഇവരെ സഹായിക്കാൻ തയാറുള്ള അന്താരാഷ്ട്രസന്നദ്ധസംഘടനകളോടും വ്യക്തികളോടുമുള്ള അപേക്ഷയായി ഇതിനെ കാണണം; ഫാ. ഗാമ്പെ വ്യക്തമാക്കി.

Source: Sunday Shalom