News >> ദൈവം ഉപയോഗിച്ച എന്റെ ബലഹീനതകൾ
'ഞാനെന്താ ഇങ്ങനെയായിപ്പോയതെ'ന്നു ഓർത്തുപോകുന്ന നമ്മുടെതന്നെ സ്വഭാവത്തിന്റെ ചില പ്രത്യേകതകൾ! എല്ലാവർക്കും കാണും അങ്ങനെയെന്തെങ്കിലുമൊക്കെ. മാറ്റണമെന്നാഗ്രഹിച്ചാലും മാറാൻ തയ്യാറാകാതെ അവയങ്ങനെ നമ്മെ ചുറ്റിപ്പറ്റി നില്ക്കും. ഇത്തരം ചില സമ്മാനങ്ങൾ നല്ലദൈവം നാമെല്ലാവരിലും നിക്ഷേപിച്ചിട്ടുണ്ട്, അവിടുത്തോട് നമ്മെ കൂടുതൽ ചേർത്തുപിടിക്കാൻ. ഇതുപോലൊരു വിപരീതഘടകത്തിന് നമ്മെ ദൈവത്തോട് അടുപ്പിക്കാൻ സാധിക്കുമോ? അതെക്കുറിച്ച് പ്രശസ്ത വചനപ്രഘോഷകനായ മാർക്കസ് ഗ്രൂഡിക്ക് എന്തോ പറയാനുണ്ട്.മൂന്ന് കാര്യങ്ങളാണ് തന്റെ സ്വഭാവത്തിന്റെ പ്രത്യേകതകളായി അദ്ദേഹം പറയുന്നത്. ഒന്ന്, ഏത് സമൂഹത്തിലും അദ്ദേഹത്തിന് തോന്നിയിരുന്ന ഒറ്റപ്പെടലിന്റെ അനുഭവമാണ്. ആൾക്കൂട്ടത്തിൽ തനിയേ എന്നു പറയുന്നതുപോലെയുള്ള അരക്ഷിതാവസ്ഥ. എല്ലാ ആഴ്ചയും ലക്ഷക്കണക്കിനാളുകളോട് വചനം പ്രസംഗിക്കുന്നയാളാണ്. പക്ഷേ തന്റെ വീടു നല്കുന്ന കൊച്ചു സന്തോഷങ്ങളിലായിരിക്കാനാഗ്രഹിക്കുക. ഒറ്റപ്പുത്രനായതുകൊണ്ടായിരിക്കാം കൂട്ടായ്മയിലായിരിക്കാൻ ഇഷ്ടപ്പെടാത്തതെന്ന് ചിലരുടെ കമന്റ്.ഇതേ അരക്ഷിതാവസ്ഥതന്നെയാണ് എന്തു പ്രശ്‌നമുണ്ടായാലും അതിനുത്തരവാദി താനായിരക്കുമെന്നു തോന്നുന്നതിന്റെയും കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നമെന്തുമായിക്കോട്ടെ തനിക്ക് ബന്ധമുള്ളതോ ഇല്ലാത്തതോ എന്തും. പ്രശ്‌നത്തെക്കുറിച്ചുള്ള ആദ്യ പരാമർശത്തിൽത്തന്നെ ഞാനെന്തെങ്കിലും ഒപ്പിച്ചതായിരിക്കുമോ എന്ന തോന്നൽ. ഞാൻ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതിരിക്കുകയെന്നത് എന്റെ കൈപ്പിടിയിലൊതുങ്ങുന്ന കാര്യമാണ്. എന്നാൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കുകയെന്നത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. പ്രത്യേകിച്ചും സമൂഹത്തിൽ ജീവിക്കുമ്പോൾ. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടായാൽ അയ്യോ!മൂന്നാമത്തെ പ്രത്യേകതയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് എന്തു കാര്യം കേട്ടാലും അതെന്തുകൊണ്ട് എന്ന തോന്നലാണ്. കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കളായിരുന്നു ഈ 'എന്തുകൊണ്ടുകളുടെ' പ്രധാന ഇരകൾ എന്ന് അദ്ദേഹം പറയുന്നു. അവരെന്തെങ്കെിലും ചെയ്യാനാവശ്യപ്പെട്ടാൽ അതെന്തുകൊണ്ട്? അതിങ്ങനെ ചെയ്യേണ്ടത് എന്തുകൊണ്ട്? അത് ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതെന്തുകൊണ്ട്? അങ്ങനെ ഒരുപാട് എന്തുകൊണ്ടുകൾ. എന്നാൽ ഇതിനൊക്കെ കൃത്യമായി ഉത്തരം കിട്ടിയില്ലെങ്കിലും കാര്യങ്ങളൊക്കെ ചെയ്യുകയും ചെയ്യും. പക്ഷേ എന്തുകൊണ്ട് എന്ന് ചോദിക്കാതെ രക്ഷയില്ല. ഈ കുറവുകളാണ് അദ്ദേഹത്തെ ഈശോയിലേക്ക് അടുപ്പിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ജനറ്റിക്‌സിന്റെ 'കുഴപ്പം'ഗ്രൂഡി കോളജിൽ ചേർന്ന കാലം. വ്യത്യസ്ത ചുറ്റുപാടുകൾ. ഒരു 'അടിപൊളി' മയം. ഇവിടെയും തന്റെ സ്ഥിരം ചോദ്യം തലപൊക്കി. പക്ഷേ ഇത്തവണ എന്തുകൊണ്ട് എന്നല്ല അദ്ദേഹത്തിനു തോന്നിയത് മറിച്ച് എന്തുകൊണ്ട് ആയിക്കൂടാ എന്നാണ്. അങ്ങനെ മദ്യപാനവും ഡേറ്റിംഗുമൊക്കെയായി കോളേജ് ജീവിതം ആഘോഷിക്കുന്ന കാലം. ഇതിലൊക്കെ എന്തെങ്കിലും തെറ്റുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയതേയില്ല, അന്നത്തെ ആ ജനറ്റിക്‌സിന്റെ ക്ലാസ് കേൾക്കുന്നതുവരെ. ആ ക്ലാസ്സാണ് ഗ്രൂഡിയെ ദൈവത്തിലേക്കടുപ്പിച്ചത്. അദ്ദേഹത്തിന്റെ അധ്യാപകൻ അന്ന് ക്ലാസ്സിൽ വചനപ്രഘോഷണമൊന്നും നടത്തിയില്ല. അദ്ദേഹം ജെനറ്റിക്‌സ് തന്നെയാണ് പഠിപ്പിച്ചത്. ലക്ഷക്കണക്കിനു വർഷങ്ങളായുള്ള കൂടിച്ചേരലുകളുടെയും ഉൾപരിവർത്തനങ്ങളുടെയും ഫലമായി ആകസ്മികമായി സംഭവിച്ചു പോയതാണ് പ്രപഞ്ചവും അതുൾക്കൊള്ളുന്നതെല്ലാം എന്ന് ജനിതകശാസ്ത്രം പറഞ്ഞുവയ്ക്കുമ്പോൾ എന്തുകൊണ്ടോ അത് ഉൾക്കൊള്ളാൻ ഗ്രൂഡിക്ക് സാധിച്ചില്ല. കാഴ്ചയുടെയും കേൾവിയുടെയും പരിണാമത്തെക്കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്സ്. ആ ക്ലാസ്സിൽ വച്ച് അദ്ദേഹം കേട്ട പല കാര്യങ്ങളും പഴയ 'എന്തുകൊണ്ട്'എന്ന ചോദ്യത്തിൽത്തന്നെ അദ്ദേഹത്തെ കൊണ്ടെത്തിച്ചു. എന്തുകൊണ്ടാണ് ഭൂരിഭാഗം ജീവികൾക്കും തലയുടെ മുൻവശത്തായി കണ്ണുള്ളത്? അല്ലെങ്കിൽ വർഷങ്ങൾക്കു മുമ്പ് ശരീരത്തിൽ മറ്റെവിടെയെങ്കിലും കണ്ണുകളുള്ള ജീവികൾ ഉണ്ടായിരുന്നിരിക്കുമോ? അതുപോലെയെന്തിന്റെയെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്താൻ ശാസ്ത്രത്തിനു കഴിഞ്ഞിരിക്കുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. എന്നാൽ ഇത്രയും മനോഹരവും ഏറ്റവും ക്രമീകൃതവുമായ പ്രപഞ്ചവും അതിലുള്ള സർവ്വവും വെറുതെയങ്ങ് സംഭവിച്ചുപോയതാണെന്ന് ഗ്രൂഡിക്ക് വിശ്വസിക്കാനേ സാധിക്കുമായിരുന്നില്ല. ഇതിനൊക്കെ ഒരു സ്രഷ്ടാവും പരിപാലകനും ഉണ്ടായിരിക്കും എന്ന് അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞു. ഓരോ സൃഷ്ടിയും ഇത്ര സൂക്ഷ്മമായും മനോഹരമായും സൃഷ്ടിച്ച ആ ദൈവത്തെക്കുറിച്ച് അദ്ദേഹത്തെ ആ ക്ലാസ്സ് ചിന്തിപ്പിച്ചു.ഇതുകഴിഞ്ഞ് അധികം കഴിയുന്നതിനുമുമ്പുതന്നെ സുഹൃത്തുക്കളുടെ സാക്ഷ്യത്തിലൂടെയും വചനവായനയിലൂടെയും ചില വചനപ്രഘോഷണങ്ങളിലൂടെയും അദ്ദേഹം പൂർണ്ണമായും ഈശോയിലേക്ക് തിരിഞ്ഞു. "കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്."(സുഭാ 3:5). ഈ തിരുവചനം അദ്ദേഹത്തിന്റെ ജീവിത വചനമായിത്തീർന്നു. പിന്നെയും പിന്നെയും ചോദ്യങ്ങൾ തലപൊക്കി. ഏത് കൂട്ടായ്മയുടെ ഭാഗമാണ് താനാകേണ്ടത്? അല്ലെങ്കിൽ അത്തരത്തിൽ ഏതെങ്കിലും ഒരു കൂട്ടായ്മയുടെയോ സെക്ടിന്റെയോ ഭാഗമാകേണ്ടതിന്റെ ആവശ്യമുണ്ടോ?
മൃതമായ ആരാധനക്രമത്തോട് വിടഒരു ദിവസം അദ്ദേഹം പഠിച്ചു വളർന്ന തന്റെ ലൂഥറൻ പള്ളി സന്ദർശിച്ചു. അവിടെയും വചനം പ്രസംഗിക്കപ്പെടുന്നുണ്ട്. ഇത്രയും കാലം ദൈവത്തെ കണ്ടെത്താതെ പോയത് പള്ളിയുടെ കുഴപ്പമായിരുന്നില്ല മറിച്ച് താൻ ഒരിക്കലും അവിടെ നടക്കുന്ന ശുശ്രൂഷകൾ ശ്രദ്ധിക്കുകയോ വചനത്തിന് കാതുകളും മനസ്സും തുറന്നുകൊടുക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. എന്നാൽ മറ്റൊന്നു കൂടി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. കുറെ യുവജനങ്ങൾ പള്ളിയിലിരുന്ന് പേപ്പർ ചുരുട്ടി എറിഞ്ഞു കളിക്കുന്നു. എന്നാൽ അവർ വളരെ കൃത്യമായി പ്രാർത്ഥനകളെല്ലാം ഉരുവിടുന്നുമുണ്ട്. മനുഷ്യഹൃദയങ്ങളെ സ്പർശിക്കാൻ കഴിവില്ലാത്ത ആരാധനക്രമങ്ങൾ മൃതമാണെന്ന് അദ്ദേഹത്തിനു തോന്നി. അതിനാൽ പഠിച്ചു വളർന്ന ലൂഥറൻ പള്ളി ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. കോൺഗ്രിഗേഷണലിസത്തിലേക്കാണ് അദ്ദേഹം ചെന്നു ചേർന്നത്. ഒരു ജനാധിപത്യ വ്യവസ്ഥയിലൂടെയാണ് അവിടെ കാര്യങ്ങളെല്ലാം നടന്നത്. എന്ത് വിശ്വസിക്കണം ഏത് ആരാധനാക്രമം തിരഞ്ഞെടുക്കണം എന്നെല്ലാം തീരുമാനിച്ചത് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിച്ചായിരുന്നു.ഈ കാലഘട്ടത്തിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി, പ്രശസ്തമായ കെമിക്കൽ കമ്പനിയിൽ പ്ലാസ്റ്റിക് എഞ്ചിനിയറായി ജോലി നേടി. ശക്തമായി പ്രവർത്തിച്ചിരുന്ന യുവജന ശുശ്രൂഷയായ 'യങ് ലൈഫ്' ൽ ഒഴിവുസമയങ്ങളിൽ ഭാഗമായി. ക്രമേണ അദ്ദേഹം തിരിച്ചറിഞ്ഞു, പ്ലാസ്റ്റിക് എഞ്ചിനിയറാകാനല്ല തന്റെ വിളി. മറിച്ച് യേശുവിനുവേണ്ടി ശുശ്രൂഷയിലായിരിക്കുക എന്നതാണ്. തന്റെ പാസ്റ്ററുടെയും കൂട്ടുകാരുടെയും കുടുംബാംഗങ്ങളിൽ ചിലരുടെയും സ്ഥിരീകരണം കൂടി ലഭിച്ചപ്പോൾ കൂടുതലൊന്നും അദ്ദേഹത്തിന് ആലോചിക്കാനില്ലായിരുന്നു. ജോലി രാജി വച്ച് തനിക്കുള്ളതെല്ലാം, ഒരു ഗിത്താറും ഗോൾഫ് ക്ലബ്ബുമൊഴികെ എല്ലാം വിറ്റ് പ്രൊട്ടസ്റ്റന്റ് സെമിനാരിയിൽ ചേർന്നു.സെമിനാരിയിൽ അദ്ദേഹത്തെ കാത്തിരുന്നത് കാലങ്ങളായി മഥിച്ചിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണെന്നു കരുതിപ്പോയെങ്കിൽ തെറ്റി. കാരണം പിന്നെയും പുതിയ പുതിയ ചോദ്യങ്ങളിലേക്കാണ് അതദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്. മിക്കവാറും ദിവസങ്ങളിൽ അത്താഴത്തിനുശേഷം വിദ്യാർത്ഥികളെല്ലാവരും ചേർന്ന് ഇത്തരം വിഷയങ്ങളിൽ ചർച്ചനടത്തുമായിരുന്നു. ക്രിസ്തുവിന്റെ ദൈവത്വത്തിലും ത്രിതൈ്വകദൈവത്തിലുമൊക്കെ വിശ്വസിക്കുന്നതെന്തുകൊണ്ട്? യേശുവിനെക്കുറിച്ച് കേൾക്കാനും അറിയാനും ഭാഗ്യം ലഭിക്കാതെ മരിച്ചുപോയവർക്ക് എന്തു സംഭവിക്കും? നാം ശരിക്കും ലോകാവസാനനാളുകളിലാണോ? യേശുവിന്റെ രണ്ടാം വരവിന് സമയമായോ? ചോദ്യങ്ങൾ തന്നെ ചോദ്യങ്ങൾ. ഉത്തരമില്ലതാനും.ക്രിസ്തുവിലും ബൈബിളിലും വിശ്വസിക്കുന്നവരായിട്ടുപോലും തർക്കങ്ങൾക്കൊടുവിൽ അവർക്ക് ഒരിക്കലും തീരുമാനത്തിലെത്താൻ സാധിച്ചില്ല. അവസാനം ഗ്രൂഡി ഒരു നിഗമനത്തിലെത്തി. താൻ അംഗമായ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ആശയങ്ങൾ തെറ്റാൻ സാധ്യതയില്ല, ബൈബിൾ തെറ്റാകാൻ അത്രയുംകൂടി സാധ്യതയില്ല. അങ്ങനെയെങ്കിൽ എല്ലാത്തിനും കാരണം താനായിരിക്കും. താൻ വേണ്ടത്ര പ്രാർത്ഥിക്കാത്തതുകൊണ്ടായിരിക്കാം, അല്ലെങ്കിൽ താൻ വേണ്ടത്ര ശ്രദ്ധിക്കാത്തതിനാലും പഠിക്കാത്തതിനാലുമാകാം. എല്ലാം തന്റെ കുഴപ്പമാണെന്നു തോന്നുന്ന ആ പഴയ സ്വഭാവവൈചിത്ര്യം വീണ്ടും തലപൊക്കി.
'ഒളിച്ചുകളിക്കുന്ന' ത്രിത്വംആയിടയ്ക്ക് അദ്ദേഹത്തിന്റെ വിശ്വാസം വലിയ പ്രതിസന്ധിയിലായി. ഗ്രൂഡി തന്നെത്തന്നെ വിശേഷിപ്പിച്ചത് ഒരു ബൈബിൾ ക്രിസ്ത്യാനിയെന്നായിരുന്നു. കാരണം ബൈബിൾമാത്രമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം. തന്റെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ബൈബിളിൽ കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴും അദ്ദേഹം അത് തന്റെ അറിവില്ലായ്മയായിട്ടാണ് കണക്കാക്കിയത്. അങ്ങനെയിരിക്കെയാണ് അദ്ദേഹം ആദ്യമായി, ഹാൻസ് കുങ്ങ് എഴുതിയ ഒരു കത്തോലിക്കാ പുസ്തകം വായിക്കാനിടയായത്. അത് ബൈബിൾ മാത്രം മതിയെന്ന അദ്ദേഹത്തിന്റെ ധാരണയെ മാറ്റിമറിച്ചു. രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് പുതിയനിയമത്തിൽ ത്രിത്വത്തെ അന്വേഷിച്ചു. പക്ഷേ കണ്ടെത്താനായില്ല. കാരണം ത്രിത്വം എന്ന വാക്ക് ബൈബിളിൽ ഇല്ല എന്നതുതന്നെ.ഇത് വലിയ പ്രശ്‌നമായി. അദ്ദേഹം തന്റെ അധ്യാപകരോടും മറ്റും ഇതെക്കുറിച്ച് ചോദിച്ചു. പക്ഷേ ആർക്കും കൃത്യമായി ഉത്തരം നല്കാൻ കഴിഞ്ഞില്ല. എങ്കിലും ഒരു പ്രൊഫസ്സർ പറഞ്ഞ കാര്യമാണ് അദ്ദേഹത്തെ സെമിനാരിയിൽ തുടരാൻ ശക്തിപ്പെടുത്തിയത്. പ്രൊഫസ്സറുടെ അഭിപ്രായത്തിൽ ത്രിത്വത്തിലും ക്രിസ്തുവിന്റെ ദൈവത്വത്തിലും നാം വിശ്വസിക്കാൻ കാരണം ക്രിസ്തുമതത്തിന്റെ ആരംഭത്തിൽത്തന്നെ എല്ലായിടത്തുമുള്ള ഭൂരിപക്ഷം ക്രിസ്ത്യാനികളും വിശ്വസിച്ചുവരുന്നത് അപ്രകാരമായതുകൊണ്ടാണ്. ഇത് അദ്ദേഹത്തിന് ഒരു പുതിയ അറിവായിരുന്നു. തങ്ങളുടെ പ്രൊട്ടസ്റ്റന്റ് സഭയുടെ സിദ്ധാന്തങ്ങളെല്ലാം ജനാധിപത്യ വ്യവസ്ഥയനുസരിച്ചായിരുന്നു നിലനിലനിന്നിരുന്നത്. ഭൂരിപക്ഷം വിശ്വസിക്കുന്നത്, ഇതാണ് അതിനാൽ ഇത് സത്യമായിരിക്കും എന്ന വ്യവസ്ഥ.ഗ്രൂഡി പഠനം പൂർത്തിയാക്കി ഒരു ദേവാലയത്തിൽ പാസ്റ്ററായി. വീണ്ടും പഴയതുപോലെ പലവിധ ചോദ്യങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. താൻ വിശ്വസിച്ചുവരുന്നതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും ശരിയാണെന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോയെന്ന ചിന്ത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഇതിനൊക്കെ ഒരു ഉത്തരം ലഭിക്കുന്നതിനായി സഭയുടെ ചരിത്രവും വിശ്വാസപ്രമാണവുമെല്ലാം അദ്ദേഹം പഠിച്ചു. അതിനുശേഷം കോൺഗ്രിഗേഷണലിസത്തിൽ തുടരാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. കാരണം ഒരോ വ്യക്തിക്കും കൂട്ടായ്മക്കും അവരവർക്കു ശരിയെന്നു തോന്നുന്നതു വിശ്വസിക്കാമെന്നുള്ള സ്വാതന്ത്ര്യം അതിലുണ്ടായിരുന്നു എന്നതുതന്നെ.അടുത്തതായി അദ്ദേഹം പ്രിസ്ബിറ്റേറിയനിസത്തിൽ ചേർന്നു. കോൺഗ്രിഗേഷണലിസത്തിൽ ഇല്ലാതിരുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് അദ്ദേഹം അവിടെ കണ്ടെത്തിയത്. ഒന്ന് പ്രസ്തുത സഭയുടെ വിശ്വാസപ്രമാണങ്ങളും ചരിത്രവും മറ്റുമടങ്ങിയ 'ദ ബുക് ഓഫ് കൺഫെഷൻസ്' ആണ്. രണ്ടാമതായി കത്തോലിക്കരുടെ കാനൻ നിയമങ്ങളോടു സമാനമായ നിയമങ്ങളുൾക്കൊള്ളുന്ന 'ദ ബുക് ഓഫ് ഓർഡർ'. ആദ്യം അസ്സിസ്റ്റന്റ് പാസ്റ്ററായി ഒരു കൊച്ചു ദേവാലയത്തിൽ തുടങ്ങി പിന്നീട് സീനിയർ പാസ്റ്ററായി അദ്ദേഹം വലിയ പള്ളിയിൽ സേവനമനുഷ്ഠിച്ചു. അക്കാലത്താണ് മെർലിനുമായുള്ള വിവാഹം.ഞായറാഴ്ച പ്രസംഗത്തിനായി അദ്ദേഹം തിങ്കളാഴ്ച രാവിലെതന്നെ ഒരുക്കങ്ങൾ ആരംഭിക്കും. ആദ്യം ഗ്രീക്കിൽ നിന്നും ഹീബ്രുവിൽ നിന്നും ഒരു വിവർത്തനം തയ്യാറാക്കും. അതിൽനിന്നും പ്രസ്തുതഭാഗത്തെക്കുറിച്ചുള്ള നിഗമനങ്ങളിലെത്തും. ശേഷം ബൈബിൾ പണ്ഡിതന്മാരുടെ പുസ്തകങ്ങൾ വായിച്ച് തന്റെ നിഗമനങ്ങൾ ശരിയായിരുന്നുവെന്ന് ഉറപ്പുവരുത്തും. എന്നാൽ ഒരു ദിവസം യാദൃച്ഛികമായി ആ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു- പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തനിക്കിഷ്ടപ്പെട്ട, തന്റെ ആശയങ്ങളോട് സമാനമായ ആശയങ്ങൾ പറയുന്ന പുസ്തകങ്ങളാണ് താൻ എപ്പോഴും തിരഞ്ഞെടുക്കുന്നത്. അതായത് തന്റെ അറിവുകൾ തെറ്റാണോയെന്ന് ചിന്തിക്കാറില്ല, പുതിയ കാര്യങ്ങൾ സ്വീകരിക്കുന്നുമില്ല. ഒരു ഞായറാഴ്ച രാവിലെ തന്റെ പള്ളിയിൽ പ്രസംഗിക്കവേ പെട്ടെന്ന് ഒരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. തന്റെ പള്ളിയുടെ മുപ്പതു മൈൽ ചുറ്റളവിൽ ഏകദേശം 30 പള്ളികളുണ്ട്. അവിടെയെല്ലാം പാസ്റ്റർമാർ തങ്ങളുടെ ഞായറാഴ്ച സന്ദേശം വിശ്വാസികളുമായി പങ്കുവയ്ക്കുകയുമായിരിക്കും. അവരെല്ലാം ബൈബിൾ മാത്രം മതിയെന്ന് വിശ്വസിക്കുന്നവരാണ്. ബൈബിളിനെ അടിസ്ഥാനമാക്കിയാണ് അവരുടെ പ്രസംഗങ്ങളും. എന്നാő