News >> ധ്യാനകേന്ദ്രങ്ങളെ അറിയാൻ മൊബൈൽ ആപ്


കോയമ്പത്തൂർ: ലോകസുവിശേഷ വൽക്കരണത്തിന്റെ ഭാഗമായി സെറാഫിൻമിനിസ്ട്രി പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷന്റെ പ്രകാശനകർമ്മം താമരശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു. 'സെറാഫിൻ റിട്രീറ്റ് ഫൈൻറർ' എന്നപേരിലുള്ള ഈ മൊബൈൽ അപ്ലിക്കേഷൻ പ്ലെ സ്‌റ്റോറിൽ ലഭ്യമാണ്. ഇതിലൂടെ കേരളത്തിലും കേരളത്തിനു പുറത്തുമുള്ള ധ്യാന ശുശ്രൂഷകളെയും ധ്യാനകേന്ദ്രങ്ങളെയും ടീമുകളെയും പരിചയപ്പെടുത്തുന്നു. ദേശത്തും വിദേശത്തുമായി പല മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പഠനത്തിലും മറ്റു വിവിധ പ്രവർത്തന മേഖലകളിൽ കഴിയുന്നവർക്കും വളരെ മുൻകൂട്ടി പ്ലാൻ ചെയ്ത് ദൈവശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഈ ആപ് പ്രയോജനപ്പെടും.

വിവാഹത്തിന് ഒരുക്കമായുള്ള കോഴ്‌സുകൾ, ദമ്പതിധ്യാനം, കുടുംബധ്യാനം എന്നിവയും ഗൾഫ് നാടുകളിലുള്ളവർക്കായി വിശുദ്ധ കുർബ്ബാനയുടെ സമയക്രമീകരണവും ഉൾപ്പെടുത്തിയിരിക്കുന്നു. ദൈവജനത്തിന്റെ അഭിരുചിക്കനുസരിച്ച് ധ്യാനകേന്ദ്രങ്ങളെയും ധ്യാന ടീമുകളെയും തിരഞ്ഞെടുക്കാനും ഇടവകയിലും മറ്റു സ്ഥലങ്ങളിലും ആൽമീയ ശുശ്രൂഷകൾ ക്രമീകരിക്കുമ്പോൾ സഭയുടെ അംഗീകരിക്കപ്പെട്ട കൃത്യമായ ടീമുകളെ മനസ്സിലാക്കി ശുശ്രൂഷകൾ ക്രമീകരിക്കുവാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് മിനിസ്ട്രി കോ ഓഡിനേറ്റർ ജോമി കിഴക്കേത്തല, അപ്ലിക്കേഷൻ പ്രൊജക്ട് കോഓഡിനേറ്റർ ആഷ്ബിൻ തോമസ് എന്നിവർ അറിയിച്ചു.

Source: Sunday Shalom