News >> കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ വേട്ടയാടാം; നടപടിക്കു കേന്ദ്രം



ന്യൂഡല്‍ഹി: നാട്ടില്‍ സ്വൈരജീവിതത്തിനും കൃഷിക്കും ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടുന്നതിന് അനുമതി നല്‍കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ജീവനും കൃഷിക്കും നിരന്തരമായി ഭീഷണി ഉയര്‍ത്തുന്ന വന്യജീവികളെ കണ്െടത്തി പട്ടിക തയാറാക്കി നല്‍കാന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിച്ചു. ഈ പട്ടിക വിവിധ വകുപ്പുകള്‍ പരിശോധിച്ചതിനുശേഷം ഹീനജീവിയായി പ്രഖ്യാപിക്കുകയോ വേട്ടയാടി കൊലപ്പെടുത്തുകയോ ചെയ്യാന്‍ അനുമതി നല്‍കാനാണു മന്ത്രാലയത്തിന്റെ തീരുമാനം. 

കേരളത്തില്‍നിന്നുള്ളതടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ശല്യക്കാരായ വന്യജീവി കൂട്ടങ്ങളെയും ഒറ്റപ്പെട്ടവയെയും കണ്െടത്തി പട്ടിക തയാറാക്കാനാണു സംസ്ഥാന സര്‍ക്കാരുകളോടു ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭീഷണി ഉയര്‍ത്തുന്ന വന്യജീവികളെ ഇത്തരത്തില്‍ ഹീനജീവികളായി പ്രഖ്യാപിച്ചു പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുകയോ വേട്ടയാടി കൊലപ്പെടുത്തുകയോ ചെയ്യാന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ അഞ്ചാം ഷെഡ്യൂളില്‍ വ്യവസ്ഥ ചെയ്യുന്നുണ്െടന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

വന്യജീവികളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ന്നിട്ടുള്ളതു കേരളത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 34 പേരാണു വന്യജീവികളുടെ ആക്രമണത്തില്‍ സംസ്ഥാനത്തു കൊല്ലപ്പെട്ടിട്ടുള്ളത്. കൃഷിനാശത്തിന്റെയും മറ്റുള്ള വന്യജീവി ആക്രമണങ്ങളുടെയും അടിസ്ഥാനത്തില്‍ 13,771 പരാതികള്‍ വന്യജീവി വകുപ്പിനു ലഭിച്ചിരുന്നു. കുരങ്ങുകളുടെ ആക്രമണമാണ് ഹിമാചല്‍പ്രദേശില്‍നിന്നുള്ള പ്രധാന പരാതി. ഇതു പരിഹരിക്കാന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ നിയമസഭയില്‍ ഉയര്‍ന്നെങ്കില്‍ പോലും വിളനാശം പ്രധാന പ്രശ്നമായി അവശേഷിക്കുന്നു. മ്ളാവ് ഇനത്തിലുള്ള ബ്ളു ബുള്‍ ആണ് മഹാരാഷ്ട്രയില്‍ ഭീഷണി ഉയര്‍ത്തുന്നത്. ആന, പന്നി തുടങ്ങിയവയുടെ ആക്രമണങ്ങളും ഇക്കൂട്ടത്തില്‍ മന്ത്രാലയം പരിഗണിക്കുന്നുണ്ട്. അതേസമയം, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ നടപടികള്‍ വേണമെന്ന നിര്‍ദേശവും മന്ത്രാലയം കണക്കിലെടുത്തിട്ടുണ്ട്.
Source: Deepika ജിജി ലൂക്കോസ്