News >> ജൂഡിത്തിനുവേണ്ടി രാജ്യം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
കൊൽക്കത്ത പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ജൂഡിത് ഡിസൂസയുടെ മോചന വാർത്ത കേൾക്കാൻ. അത് ഒരു രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയാണ്. അവിടംകൊണ്ട് ആ പ്രാർത്ഥന അവസാനിക്കുന്നില്ല. കാബൂളിലെ അമ്മമാരും തങ്ങളുടെ പ്രിയപ്പെട്ട ജൂഡിത്തിന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥനയിലാണ്. എന്നും നിറഞ്ഞ ചിരിയോടെ തങ്ങളെ തേടി എത്തിയിരുന്ന ചേച്ചിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത വിശ്വസിക്കാൻ അവിടുത്തെ കുട്ടികൾക്കും കഴിയുന്നില്ല.കാബൂളിൽ ഇത്തരം സംഭവങ്ങൾ സാധാരണമായതുകൊണ്ട് കുഞ്ഞുങ്ങൾക്കും തട്ടിക്കൊണ്ടുപോകുന്ന വാർത്തകളൊക്കെ ഇപ്പോൾ പരിചിതമാണ്. എന്നാലും, എല്ലാവരെയും സ്‌നേഹിക്കുന്ന ചേച്ചിക്ക് ശത്രുക്കളോ എന്നായിരിക്കും ആ കുഞ്ഞുമനസുകളുടെ ചിന്ത. ലോകത്തിന്റെ വക്രതകൾ അവർക്ക് അറിയില്ലല്ലോ. രാജ്യം മുഴുവൻ പ്രാർത്ഥിക്കുന്നുണ്ടെങ്കിലും കൊൽക്കയിൽനിന്നും ഉയരുന്ന പ്രാർത്ഥനകൾക്ക് ഹൃദയനൊമ്പരംകൂടിയുണ്ട്. കാരണം, അവർ വ്യക്തിപരമായി ജൂഡിത്തിന്റെ സ്‌നേഹം അനുഭവിച്ചവരാണ്. അല്ലെങ്കിൽ, അവൾ ചെയ്ത നിസ്വാർത്ഥ സേവനങ്ങൾക്ക് സാക്ഷികളായവരാണ്.അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ജീവകാരുണ്യ പ്രവർത്തകയായ കൊൽ ക്കത്ത സ്വദേശിനി 40-കാരി ജൂഡിത്തിനെ ഭീകർ തട്ടിക്കൊണ്ടുപോയത്. ഒരു പരിപാടി കഴിഞ്ഞ് രാത്രിയിൽ തിരിച്ചുവരുന്ന വഴിക്ക് വാഹനം തടഞ്ഞുനിർത്തി ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് എന്നിവരെ അടക്കം കൊണ്ടുപോകുകയായിരുന്നു. കാബൂളിൽ ഇന്ത്യാക്കാർ സുരക്ഷിതരല്ലെന്ന് ഇന്ത്യൻ എമ്പസി ആഴ്ചകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ജൂഡിത് ആ മുന്നറിയിപ്പിനെ അവഗണിക്കുകയായിരുന്നു. കാരണം, താൻ മടങ്ങിയാൽ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പലതും മുടങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ, ആരോഗ്യ-സാമൂഹ്യമേഖലകളിലെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഖാൻ ഫൗണ്ടേഷന്റെ ചുമതലക്കാരിയായിരുന്നു ജൂഡിത്. 700 കോടി ഡോളറിന്റെ പദ്ധതികളായിരുന്നു ഈ സന്നദ്ധസംഘടനയുടേത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ജൂഡിത്തിന് ജോലി ആയിരുന്നില്ല. മറിച്ച്, ജീവിതത്തിന്റെ ഭാഗമായിരുന്നു.ജൂഡിത്തിന് ഏതാണ്ട് 10 വയസുള്ളപ്പോൾ ആരംഭിച്ചതാണ് സന്നദ്ധ പ്രവർത്തനങ്ങൾ. കൊൽക്കത്തയിലെ പ്രശസ്തമായ ലൊറേറ്റോ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്‌കൂളിന്റെ അന്നത്തെ പ്രിൻസിപ്പലായിരുന്ന സിസ്റ്റർ സിറിൽ മൂണി ആരംഭിച്ച റെയിൻബോ പ്രൊജക്ടിനെക്കുറിച്ച് അറിയുന്നത്. വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന ചേരിയിലെ പെൺകുട്ടികൾക്ക് അക്ഷരവെളിച്ചം എത്തിക്കുക നൽകുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അയർലന്റിൽനിന്നും 2007-ൽ പത്മശ്രീ നൽകി സിസ്റ്റർ സിറിൽ മൂണിയെ രാജ്യം ആദരിച്ചിരുന്നു. ഈ പ്രൊജക്ടിന്റെ ഭാഗമായി അവധിദിവസങ്ങളിലും സ്‌കൂൾ ഇടവേളകളിലും പാവപ്പെട്ട പെൺകുട്ടികൾക്ക് സ്‌കൂളിൽവച്ചുതന്നെ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയും ആരംഭിച്ചു. അത് ഏറെ പുതുമകൾ നിറഞ്ഞ ഒന്നായിരുന്നു.വിദ്യാർത്ഥികൾ അവധി സമയങ്ങളിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്ന കുട്ടികളുടെ അധ്യാപകരായി മാറുക. അതോടൊപ്പം ഗ്രാമങ്ങളിലേക്ക് ചെന്ന് അവിടെയുള്ള കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക. ഈ പ്രവർത്തനങ്ങളിലും പങ്കുചേരാൻ മുന്നോട്ടുവന്ന അഞ്ചാംക്ലാസുകാരിയായിരുന്നു ജൂഡിത്ത്. അന്നതിന്റെ അർത്ഥമൊന്നും മനസിലാക്കാനുള്ള പ്രായമായിരുന്നില്ലെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുള്ളവർ മുമ്പോട്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ അവൾ സന്തോഷത്തോടെ അതിൽ പങ്കുചേരുകയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ അകലെയുള്ള ഗ്രാമങ്ങളിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ജൂഡിത്തും സിസ്റ്റർ സിറിലിനൊപ്പം പോയിരുന്നു. അവളുടെ ഹൃദയത്തിൽ ചെറുപ്പം മുതൽ സഹജീവികളോടുള്ള സ്‌നേഹം നിറഞ്ഞുനിന്നിരുന്നു.ദൈവം നൽകിയ അലിയുന്ന മനസും ചെറുപ്പത്തിൽ ലഭിച്ച മാതൃകയും വളർന്നപ്പോഴും ജൂഡിത്തിനെ വിട്ടുപോയില്ല. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളജിൽനിന്നും ബിരുദം നേടിയതിനുശേഷം മുംബൈ സർവകലാശാലയിൽനിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സന്നദ്ധ പ്രവർത്തനം തന്റെ പ്രവർത്തനമേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. പുതുശേരി, പശ്ചിമബംഗാൾ, തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി നീണ്ട 15 വർഷത്തെ സാമൂഹ്യപ്രവർത്തനങ്ങൾക്കുശേഷമാണ് ഒരു വർഷം മുമ്പ് കാബൂളിലെത്തിയത്.നിരന്തരമായ സംഘർഷങ്ങൾവഴി തകർന്നുപോയ കാബൂളിലെ വിദ്യാഭ്യാസ- ആരോഗ്യ മേഖലകളുടെ പുനഃരുജ്ജീവനമായിരുന്നു ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം. ഈ മേഖലകളിൽ ഏറെ പിന്നോക്കം നില്ക്കുന്ന രാജ്യത്തെ കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാനായി കഠിന പരിശ്രമങ്ങൾ നടത്തുമ്പോൾ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് കണ്ട പല മുഖങ്ങളും ജൂഡിത്തിന്റെ മനസിലൂടെ കടന്നുപോയിട്ടുണ്ടാകാം. ചേരിയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചതുവഴി അനേകർ ഉയർന്ന നിലകളിൽ എത്തിയിരുന്നു. അതുകൊണ്ടുകൂടിയായിരിക്കും സ്വന്തം സുരക്ഷിതത്വം അവഗണിച്ചും അവിടെ തങ്ങാൻ തീരുമാനിച്ചത്.നിത്യവ്രതവാഗ്ദാനം നടത്തി അധികം കഴിയുന്നതിനുമുമ്പ് അയർലന്റിൽനിന്നും ഇന്ത്യയിലെത്തിയ സിസ്റ്റർ സിറിൽ മൂണിക്ക് 2007-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. ഇപ്പോൾ കൊൽക്കത്തയിൽ വിശ്രമ ജീവിതം നയിക്കുന്ന സിസ്റ്ററിന്റെ മനസിൽ പഴയ ശിഷ്യയുടെ ഓർമകൾ ഇപ്പോഴുമുണ്ട്. "അവൾ അസാമാന്യ ധൈര്യവും ബുദ്ധിയും ഉണ്ടായിരുന്ന പെൺകുട്ടിയായിരുന്നു. ഭീകരർക്കൊന്നും അവളുടെ മനോധൈര്യം ചോർത്തിക്കളയാനാവില്ല. തീർച്ചയായും അവൾ തിരിച്ചുവരും." സിസ്റ്റർ സിറിൽ പറയുന്നു. അതു പറയുമ്പോൾ സിസ്റ്ററിന്റെ ശബ്ദം ഇടറുന്നുണ്ട്. എവിടെയോ തടവിലാക്കപ്പെട്ടിരിക്കുന്ന തന്റെ പ്രിയപ്പെട്ട ശിഷ്യയുടെ മുഖം മനസിൽ തെളിയുന്നതുപോലെ കണ്ണുകളിൽ നനവ് പടരുന്നു.ജൂഡിത്തിനെ തട്ടിക്കൊണ്ടുപോയെന്ന അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറുടെ ഫോൺ സന്ദേശം ഏഴാം തീയതി രാത്രി 1.30-നാണ് പിതാവ് ബെൻസിൽ ഡിസൂസയ്ക്ക് ലഭിക്കുന്നത്. കിഡ്‌നിരോഗം മൂലം ദിവസവും ഡയാലിസ് നടത്തിക്കൊണ്ടിരിക്കുന്ന പിതാവിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. മാതാവ് ഗ്ലോറിയയും സഹോദരൻ ജെറോമും ലൊറേറ്റ സ്‌കൂളിലെ അധ്യാപികയായ അനുജത്തി ആഗ്നസും പ്രത്യാശയോടെ പ്രാർത്ഥനയിലാണ്. എല്ലാവരെയും സ്‌നേഹിച്ച, ഏവർക്കും നന്മ വരണമെന്ന ആഗ്രഹത്തോടെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത തങ്ങളുടെ പ്രിയപ്പെട്ട വൾക്ക് ഒന്നും സംഭവിക്കുക ഇല്ലെന്ന ഉറച്ച വിശ്വാസത്തോടെ.
ജോസഫ് മൈക്കിൾSource: Sunday Shalom